Saturday, July 27, 2024

HomeNewsKeralaനയംമാറ്റം; ചരിത്രത്തില്‍ ആദ്യമായി ദേശീയപതാക ഉയര്‍ത്തി വിവാദത്തിലായി സിപിഎം

നയംമാറ്റം; ചരിത്രത്തില്‍ ആദ്യമായി ദേശീയപതാക ഉയര്‍ത്തി വിവാദത്തിലായി സിപിഎം

spot_img
spot_img

തിരുവനന്തപുരം: രാജ്യം എഴുപത്തിയഞ്ചാം സ്വാന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഇത്തവണ ചരിത്രം തിരുത്തിയത് സി.പി.എം ആയിരുന്നു. ഇതുവരെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ തയ്യാറാവാതിരുന്ന സി.പി.എം ഇത്തവണ പാര്‍ട്ടി ഓഫീസുകളില്‍ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യ ദിന പ്രസംഗങ്ങള്‍ നടത്തി. അങ്ങനെ 1948-ലെ രണ്ടാംപാര്‍ട്ടി കോണ്‍ഗ്രസിന്റെ നയങ്ങളില്‍ മാറ്റം വരുത്തി സി.പി.എം രാജ്യത്തിന് ലഭിച്ച സ്വാതന്ത്ര്യത്തെ അംഗീകരിച്ചു.

സി.പി.എമ്മിന്റെ നയം മാറ്റത്തെ കോണ്‍ഗ്രസും ബിജെപിയും അതി രൂക്ഷമായി വിമര്‍ശിക്കുമ്പോഴും ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷവുമായി മുന്നോട്ടുപോവാനുളള തീരുമാനമാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെ പതാക ഉയര്‍ത്തല്‍ വിവാദങ്ങള്‍ക്കും വഴിവെച്ചു.

എ.കെ.ജി സെന്ററില്‍ ഇന്ന് സി.പി.എം ഉയര്‍ത്തിയ പതാകയാണ് ആദ്യം വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ദേശീയ പതാകയോടൊപ്പം അതേ ഉയരത്തില്‍ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ ലംഘനമാണ് എ.കെ.ജി സെന്ററില്‍ നടന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

സി.പി.എം ദേശീയ പതാകയെ ആക്ഷേപിച്ചുവെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ എം.എല്‍.എ ശബരീനാഥനും രംഗത്ത് വന്നതോടെ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു.

സി.പി.എം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനെ പരിഹസിച്ച് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയും ഇന്ന് കെ.സുധാകരനും എം.ടി രമേശും രംഗത്തു വന്നിരുന്നു. സ്വാതന്ത്ര്യ ദിനം ആഘോഷിക്കുക എന്നത് സി.പി.എമ്മിന് വൈകി വന്ന വിവേകമാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആക്ഷേപം.

ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ വന്ന സര്‍ക്കാരിനെ സായുധ വിപ്ലവത്തിലൂടെ പരാജയപ്പെടുത്തണമെന്ന് നിലപാടെടുത്ത കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇപ്പോള്‍ വന്ന വെളിപാട് ഒറ്റപെടുമെന്ന് തോന്നിയത് കൊണ്ടാണ് എന്നതായിരുന്നു രമേശ് ചെന്നിത്തലയുടെ ആക്ഷേപം.

ഓഗസ്റ്റ് 15 ആപത്ത് 15 എന്ന് പ്രചരിപ്പിച്ചവരാണ് ഇപ്പോള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ലെന്നവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പറഞ്ഞ് പഠിപ്പിച്ചു. കോണ്‍ഗ്രസ് 75-ാംസ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ സി.പി.എം ആദ്യത്തെ സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണ്.

സമസ്താപരാധങ്ങളും ക്ഷമിക്കണമേയെന്ന് ഇന്ത്യക്കാരുടെ മുമ്പില്‍ കുമ്പിട്ട് പറയുന്നതിന് തുല്യമാണ് ഇതെന്നും കെ.സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. കെപിസിസി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടിയില്‍ സംസാരിക്കുകുകയായിരുന്നു കെ.സുധാകരന്‍.

സ്വാതന്ത്ര്യ ദിനത്തില്‍ സി.പി.എമ്മിനെതിരേ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശും രംഗത്തെത്തി.

സ്വാതന്ത്ര്യബോധത്തെ ഇതു വരെ ഉള്‍കൊള്ളാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. രാജ്യം സി.പി.എമ്മിനെ തിരസ്കരിച്ചപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് ഈ ആഘോഷമെന്ന് എം.ടി രമേശ് കോഴിക്കോട് പറഞ്ഞു. ദേശീയതയെ അപമാനിച്ചത് തെറ്റായെന്ന് ജനങ്ങളോട് ഏറ്റു പറഞ്ഞാണ് സി.പി.എം ഈ ദിനം ആഘോഷിക്കേണ്ടതെന്നും എം.ടി രമേശ് ചൂണ്ടിക്കാട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments