കാബൂള്‍ : കാബൂള്‍ വിമാനത്താവളത്തില്‍ അമേരിക്കന്‍ സേനാവിമാനത്തിലേക്കു തൂങ്ങിക്കയറിയ 7 പേര്‍ വീണു മരിച്ചു. യുഎസ് സേന ആകാശത്തേക്കു വെടിവച്ചതോടെ ജനം ചിതറിയോടി. ആളുകള്‍ റണ്‍വേയിലേക്ക് ഇരച്ചുകയറുന്നതിന്റെയും മറ്റു വിമാനങ്ങളില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്നതിന്റെയും അമ്പരപ്പിക്കുന്ന കാഴ്ചകള്‍ ലോകത്തെ നടുക്കി.
രാജ്യത്തെ വ്യോമമേഖലയുടെ നിയന്ത്രണം നഷ്ടപ്പെട്ടതായി അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചതിനു പിന്നാലെ, എല്ലാ യാത്രാവിമാന സര്‍വീസുകളും നിര്‍ത്തിവച്ചു. വിമാനത്താവളത്തിന്റെ നിയന്ത്രണം യുഎസ് സേന ഇന്നലെ രാവിലെ തന്നെ ഏറ്റെടുത്തിരുന്നു.
കാബൂളിന്റെ മറ്റു ഭാഗങ്ങള്‍ ശാന്തമായിരുന്നു. ചെറുത്തുനില്‍പില്ലാതെ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ച താലിബാന്‍, യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പേര് ‘ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍’ എന്നു മാറ്റുന്നതായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ അഫ്ഗാനിസ്ഥാനില്‍ ഭരണകൂടമില്ലാത്ത സ്ഥിതിയാണ്. സര്‍ക്കാര്‍ രൂപീകരണ പ്രഖ്യാപനം ഉടനുണ്ടാകുമെന്നു താലിബാന്‍ വക്താവ് അറിയിച്ചെങ്കിലും എപ്പോഴത്തേക്കെന്നു വ്യക്തമല്ല.
1000 സൈനികരെക്കൂടി അഫ്ഗാനിലേക്ക് അയയ്ക്കാന്‍ യുഎസ് പ്രതിരോധ സെക്രട്ടറി അനുമതി നല്‍കി. യുഎസ് പൗരന്മാരെയും യുഎസിനുവേണ്ടി പ്രവര്‍ത്തിച്ച അഫ്ഗാന്‍ പൗരന്മാരെയും സുരക്ഷിതമായി ഒഴിപ്പിക്കാനാണിത്. ഇതോടെ അഫ്ഗാനിലെ യുഎസ് സൈനികരുടെ എണ്ണം 6000 ആകും.
വിദേശ പൗരന്മാര്‍ക്കും രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്കും സുരക്ഷിത യാത്രയ്ക്കു സൗകര്യമൊരുക്കണമെന്ന് 60 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിദേശികള്‍ അടക്കമുള്ളവരുടെ ഒഴിപ്പിക്കല്‍ സുഗമമാക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നു ഖത്തര്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു. സമാധാനചര്‍ച്ചകളില്‍ പ്രധാന മധ്യസ്ഥത വഹിക്കുന്നത് ഖത്തറാണ്.
പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയുടെ അധ്യക്ഷതയില്‍ യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നു. യുകെ പാര്‍ലമെന്റും നാളെ യോഗം ചേരും. താലിബാന്‍ സര്‍ക്കാരുമായി സൗഹൃദം സ്ഥാപിക്കാന്‍ താല്‍പര്യമുണ്ടെന്നു ചൈന വ്യക്തമാക്കി. സാമ്രാജ്യത്വച്ചങ്ങല അഫ്ഗാനിസ്ഥാന്‍ പൊട്ടിച്ചെറിഞ്ഞതായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
അതിനിടെ ഞായറാഴ്ച രാവിലെ രാജ്യം വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനി ഒമാനിലുണ്ടെന്നാണു റിപ്പോര്‍ട്ട്. തജിക്കിസ്ഥാനില്‍ ഇറങ്ങാന്‍ അനുവദിക്കാതിരുന്നതിനെത്തുടര്‍ന്ന് ഒമാനിലേക്കു പോകുകയായിരുന്നുവെന്നാണു വിവരം.
അതിര്‍ത്തി കടന്നെത്തിയ അഫ്ഗാന്‍ യുദ്ധവിമാനം വെടിവച്ചിട്ടതായി ഉസ്‌ബെക്കിസ്ഥാന്‍ അറിയിച്ചു. എത്രപേരുണ്ടായിരുന്നുവെന്നു വ്യക്തമല്ല. പൈലറ്റിനു പരുക്കേറ്റതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.