ന്യൂഡല്‍ഹി: താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്താനില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി ഇന്ത്യയും അമേരിക്കയും ചര്‍ച്ച ചെയ്തു. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും തമ്മിലാണ് ചര്‍ച്ച നടത്തിയത്.
പൗരന്മാരെ അഫ്ഗാനില്‍ നിന്ന് തിരികെ എത്തിക്കാന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടി. അഫ്ഗാനിലെ നിലവിലെ സാഹചര്യം ചര്‍ച്ചയായെന്നും വിദേശകാര്യ മന്ത്രാലയങ്ങള്‍ അറിയിച്ചു.
അന്താരാഷ്ട്ര സമൂഹത്തില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പങ്കുവെച്ചതായും ഐക്യരാഷ്ട്രസഭയുടെ ഇടപെടലുകളില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എസ്. ജയശങ്കര്‍ പ്രതികരിച്ചു.
അതിനിടെ, അഫ്ഗാനിലെ സ്ഥിതിഗതികളില്‍ ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതി യോഗത്തില്‍ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചു. താലിബാനെതിരെ കടുത്ത നിലപാട് സ്വീകരിച്ചില്ലെങ്കിലും അഫ്ഗാനിസ്താനിലെ ജനങ്ങള്‍ ഭയത്തോടെയാണ് കഴിയുന്നതെന്ന് യു.എന്‍ രക്ഷാസമിതി യോഗത്തില്‍ ഇന്ത്യ വ്യക്തമാക്കി.
സ്ത്രീകളും കുട്ടികളും വന്‍ ഭീതിയില്‍ കഴിയുകയാണ്. അഫ്ഗാനെ വീണ്ടും ഭീകരരുടെ താവളമാക്കി മാറ്റരുതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ഭീകരവാദത്തോട് വിട്ടുവീഴ്ച പാടില്ല. അയല്‍രാജ്യങ്ങള്‍ക്ക് നേരെയുള്ള ഭീഷണിക്കും ആക്രമണത്തിനും വേണ്ടി ഭീകരര്‍ അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കുന്ന സാഹചര്യം സംജാതമാകരുതെന്നും ഇന്ത്യന്‍ പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി വ്യക്തമാക്കി.
അതിനിടെ, യു.എന്‍ സമാധാന പ്രവര്‍ത്തനങ്ങളും ഭീകരവാദവും ചര്‍ച്ച ചെയ്യാന്‍ വിളിച്ച സുരക്ഷാസമിതിയുടെ ഉന്നതതല യോഗത്തില്‍ പങ്കെടുക്കാന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ന്യൂയോര്‍ക്കിലെത്തി. ഇന്ത്യയാണ് ഉന്നതതല യോഗത്തിന് അധ്യക്ഷത വഹിക്കുന്നത്.