കാബൂള്‍: സഹായിക്കാന്‍ ആരുമില്ലാതെ അഫ്ഗാന്‍ ജനങ്ങള്‍ കൊടും പട്ടിണിയിലെന്ന് റിപ്പോര്‍ട്ട്. വിദേശികള്‍ക്കു വേണ്ടി ചെറിയ ജോലികള്‍ ചെയ്തുകൊണ്ടിരുന്ന അഫ്ഗാന്‍ തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്.
താലിബാന്‍ അഫ്ഗാനില്‍ ആധിപത്യം സ്ഥാപിച്ചതിനു പിന്നാലെ വിദേശ പൗരന്‍മാര്‍ രാജ്യം വിട്ടതോടെ ഇവരുടെ ജോലി നഷ്ടമായി വരുമാനം നിലച്ചു.
അഫ്ഗാനിസ്ഥാന്റെ ആകെ വരുമാനത്തിന്റെ 40 % വിദേശസഹായമാണ്. 4 കോടിയോളം വരുന്ന ജനസംഖ്യയില്‍ പകുതിയും ദിവസം 140 രൂപയില്‍ കുറഞ്ഞ വേതനത്തിലാണു കഴിയുന്നത്.
സൈനികരായും സംരംഭകരായും വിവിധ ഉദ്യോഗസ്ഥരായും അഫ്ഗാനില്‍ ജീവിച്ച വിദേശികളില്‍ നിന്നു നല്ലൊരു തുക പലയിനത്തില്‍ നാട്ടില്‍ കിട്ടുന്നുണ്ടായിരുന്നു. ഇവരെ ഉദ്ദേശിച്ചാണ് നാട്ടുകാര്‍ ഭക്ഷണശാലകളും കടകളും മറ്റും തുടങ്ങിയത്. ഇവയെല്ലാം പൂട്ടിയ അവസ്ഥയിലാണ്.
ബാര്‍ബര്‍മാര്‍ക്കാണ് ഏറ്റവും ആശങ്ക. ഒരുമാസം മുന്‍പു വരെ ആഴ്ചയില്‍ 7000 രൂപ വരെ കിട്ടിയിരുന്നു. മുന്‍ ഭരണത്തില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ നിരോധിച്ച താലിബാന്‍ ഇത്തവണ എന്തു ചെയ്യുമെന്ന് അറിയില്ല. പലരും പാശ്ചാത്യ മുടിവെട്ട് ശൈലികളുടെ പരസ്യങ്ങള്‍ കടകളില്‍ നിന്നു നീക്കം ചെയ്തിട്ടുണ്ട്.
അഫ്ഗാനിസ്ഥാന്‍ വിടാന്‍ താല്‍പര്യപ്പെടുന്നവര്‍ ബ്രിട്ടണിന്റെയും കാനഡയുടെയും എംബസികളില്‍ ഏല്‍പിക്കാനായി പേരു വിവരങ്ങള്‍ എംബസികള്‍ക്കു മുന്നില്‍ നിര്‍ത്തിയിട്ട സൈനിക വാഹനത്തില്‍ നിക്ഷേപിച്ചപ്പോള്‍. വരും വര്‍ഷങ്ങളില്‍ 20000 പേര്‍ക്ക് അഭയം നല്‍കാന്‍ കഴിയുമെന്നു ബ്രിട്ടന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആയിരക്കണക്കിനു പേരാണു അപേക്ഷകളുമായി കാത്തു നില്‍ക്കുന്നത്.
കഴിഞ്ഞ മാസത്തെ ശമ്പളം തരാതെയാണു താന്‍ ജോലി ചെയ്തിരുന്ന യുഎസ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി പൂട്ടിപ്പോയതെന്നു കാബൂളിലെ വാഹന മെക്കാനിക്കായ ഖൈറുദീന്‍ പറയുന്നു.
ഒരുമാസം 30,000 രൂപയോളം കിട്ടിക്കൊണ്ടിരുന്നതാണു ഖൈറുദീന്. ഇനി എന്തു ചെയ്യണമെന്നറിയില്ല. ഭാര്യയും 4 മക്കളുമുണ്ട്.