ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങള്‍ സംബന്ധിച്ച് വിശദീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്ററി കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് യോഗം.
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് പ്രധാനമന്ത്രി നിര്‍ദേശിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ അറിയിച്ചു.
അഫ്ഗാനിസ്താനിലെ സ്ഥിതിഗതികളും അവിടെ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ സംബന്ധിച്ച കാര്യങ്ങളും വിദേശകാര്യ മന്ത്രാലയം വിശദീകരിക്കും. കാബൂളില്‍ നിന്ന് പ്രതിദിനം രണ്ട് ഇന്ത്യന്‍ വിമാനങ്ങളാണ് ഒഴിപ്പിക്കല്‍ നടത്തിവരുന്നത്.
അഫ്ഗാനിസ്താന്‍ താലിബാന്‍ കീഴ്‌പ്പെടുത്തിയ സാഹചര്യത്തില്‍ ഇനി ഇന്ത്യ എന്തു നയമാണ് തുടര്‍ന്ന് സ്വീകരിക്കുന്നത് എന്നത് സംബന്ധിച്ചും ചര്‍ച്ച നടക്കുമെന്നാണ് സൂചന.
അതേസമയം, എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദിക്ക് ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാക്കളോട് വിശദീകരിക്കാന്‍ സാധിക്കാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു. വിദേശകാര്യ മന്ത്രി ജയ്ശങ്കറിന്റെ ട്വീറ്റിന് മറുപടി നല്‍കുമ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.