കാബൂള്‍ : ഒഴിപ്പിക്കല്‍ ദൗത്യം നീളവെ, ഈ മാസം 31ന് അകം യുഎസ്– നാറ്റോ സേന അഫ്ഗാനിസ്ഥാന്‍ വിടണമെന്നു താലിബാന്‍ അന്ത്യശാസനം നല്‍കി. 31ന് അകം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാനാവുമെന്നാണു പ്രതീക്ഷയെന്നു വ്യക്തമാക്കിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ആവശ്യമെങ്കില്‍ തീയതി നീട്ടുമെന്നു ഞായറാഴ്ച സൂചിപ്പിച്ചിരുന്നു. ഇന്നുചേരുന്ന ജി7 രാജ്യങ്ങളുടെ വെര്‍ച്വല്‍ സമ്മേളനത്തില്‍ ഇക്കാര്യം അന്തിമമായി തീരുമാനിക്കും.
31നു വിദേശ സേന പോയശേഷവും മതിയായ രേഖകള്‍ ഉള്ളവര്‍ക്കു യാത്രാവിമാനങ്ങളില്‍ രാജ്യം വിടാന്‍ തടസ്സമുണ്ടാവില്ലെന്നു താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു. എന്നാല്‍ വിദേശസൈന്യം തുടര്‍ന്നാല്‍ പ്രത്യാഘാതമുണ്ടാകുമെന്നു മുന്നറിയിപ്പു നല്‍കി.
പതിനായിരങ്ങള്‍ തിങ്ങിനിറഞ്ഞ കാബൂള്‍ വിമാനത്താവളത്തില്‍ ഇന്നലെയും സംഘര്‍ഷമുണ്ടായി. യുഎസ് സേനയെ സഹായിക്കുന്ന അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടു. 3 പേര്‍ക്കു പരുക്കേറ്റു.
സുരക്ഷാചുമതലയുള്ള യുഎസ്– ജര്‍മന്‍ സൈനികര്‍ തിരികെ വെടിവച്ചു. അക്രമികള്‍ ആരെന്ന വിവരം പുറത്തുവിട്ടിട്ടില്ല. വിമാനത്താവളത്തിനു പുറത്തു ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന താലിബാന്‍കാര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ല.
രാജ്യത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് കീഴടങ്ങാതെ തുടരുന്ന പാഞ്ച്ശീര്‍ പര്‍വതമേഖല പിടിച്ചെടുക്കാന്‍ താലിബാന്‍ പടനീക്കം ശക്തമാക്കി. വടക്കന്‍ സഖ്യം കഴിഞ്ഞയാഴ്ച പിടിച്ചെടുത്ത 3 വടക്കന്‍ ജില്ലകള്‍ തിരിച്ചുപിടിച്ചതായി താലിബാന്‍ അവകാശപ്പെട്ടു.