ബെയ്ജിങ്: വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വടക്കുകിഴക്കന്‍ ചൈനീസ് നഗരമായ ഹര്‍ബിന്‍ അടച്ചു. ബുധനാഴ്ച മൂന്ന് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് നടപടി.
9.5 ദശലക്ഷം ജനസംഖ്യയുള്ള നഗരമാണ് ഹര്‍ബിന്‍. കൂട്ട കോവിഡ് പരിശോധന അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. സ്കൂള്‍, പാര്‍ലറുകള്‍, ജിം, തിയറ്റര്‍ എന്നിവ അടച്ചിടാനും നിര്‍ദേശം നല്‍കി.
അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ വീടിന് പുറത്തിറങ്ങാവൂ എന്നാണ് നിര്‍ദേശം. പുറത്തിറങ്ങുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ ചൈനയിലെ ബീജിങ് വിമാനത്താവളം വീണ്ടും അടച്ചു പൂട്ടി. ബീജിങ്ങിനകത്തും പുറത്തുമുള്ള 60% വാണിജ്യ വിമാനങ്ങള്‍ റദ്ദാക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള 1255 വിമാനങ്ങള്‍ നിലവിലെ സാഹചര്യം കണക്കിലെടുത്ത് റദ്ദാക്കിയിരിക്കുന്നുവെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് പകര്‍ച്ചവ്യാധി വീണ്ടും തലപൊക്കിത്തുടങ്ങിയതിനാലാണ് നഗരത്തിലേക്കും പുറത്തേക്കും ഉള്ള യാത്ര പരിമിതപ്പെടുത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
ജൂണ്‍ 17 ലെ കണക്കനുസരിച്ച് 31 പുതിയ കേസുകള്‍ ബീജിങ്ങിലെ ആരോഗ്യ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ആദ്യ പകര്‍ച്ചവ്യാധി നിയന്ത്രിച്ചതിനുശേഷം രാജ്യം ഇപ്പോള്‍ രണ്ടാമത്തെ അണുബാധയെ ഭയപ്പെടുന്നുവെന്നു വേണം കരുതാന്‍. സമൂഹ വ്യാപനം തടയുന്നതിനായി നഗരത്തിലെ 30 ലധികം റെസിഡന്‍ഷ്യല്‍ ഏരിയകള്‍ മുമ്പത്തേപ്പോലെ അടച്ചു പൂട്ടിയിരിക്കുകയാണ്.