വിശാഖപട്ടണം: ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു. ആന്ധ്രപ്രദേശിന്‍റെയും ഒഡിഷയുടെയും തീരമേഖലകളിലായാണ് കാറ്റ് കരയിലേക്ക് പ്രവേശിച്ചത്. മണിക്കൂറില്‍ 95 കിലോമീറ്ററായിരുന്നു വേഗം.
ആന്ധ്രയുടെ തീരദേശ ജില്ലയായ ശ്രീകാകുളത്ത് കടലില്‍ ബോട്ടുമറിഞ്ഞ് മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ഒരാളെ കാണാതായി. ആറു പേര്‍ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റില്‍ നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. മൂന്നു പേര്‍ സുരക്ഷിതമായി നീന്തി കരപറ്റി.
കലിംഗപട്ടണത്തിനും ഗോപാല്‍പൂരിനും ഇടയിലാണ് കാറ്റ് തീരം തൊട്ടത്. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് പൂര്‍ണമായും കരയിലേക്ക് പ്രവേശിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇരുസംസ്ഥാനങ്ങളും കനത്ത ജാഗ്രതയിലാണ്.
സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനയെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം കടല്‍ പ്രക്ഷുബ്ധമായി തുടരുമെന്നാണ് മുന്നറിയിപ്പ്. പശ്ചിമബംഗാള്‍ തീരത്തും മുന്നറിയിപ്പുണ്ട്. ഒഡിഷയിലെ ഗഞ്ചം ജില്ലയില്‍ നിന്ന് 16,000 ഗ്രാമീണരെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
കേരളത്തില്‍ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നിലവിലുണ്ട്. നാളെ ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും 28ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.