ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്‍മദിനമായ സപ്റ്റംബര്‍ 17 ന് എട്ട് ചീറ്റപ്പുലികള്‍ ഇന്ത്യയിലെത്തും. ദക്ഷിണാഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്നും പ്രത്യേക കരാറിന്റെ അടിസ്ഥാനത്തിലാണ് ചീറ്റകളെ എത്തിക്കുന്നത്. ഇതിനായി ബി747 ജെബോ ജെറ്റ് വിമാനം നമീബിയയില്‍ എത്തി. ‘കടുവയുടെ മുഖം’ പെയിന്റ് ചെയ്ത വിമാനങ്ങളുടെ ചിത്രങ്ങള്‍ ഇന്ത്യന്‍ കമ്മീഷന്‍ ട്വീറ്റ് ചെയ്തിരുന്നു.
അഞ്ച് പെണ്‍ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളുമായി വിന്‍ഡ്ഹോക്കിലെ ഹോസിയ കുറ്റാക്കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് വിമാനം ഇന്ത്യയിലേക്ക് പറക്കുക. ശനിയാഴ്ത മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി ചീറ്റപ്പുലികളെ തുറന്നുവിടും.
1952ല്‍ ആണ് ഇന്ത്യയില്‍ ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2009 ലായിരുന്നു ചീറ്റകളെ രാജ്യത്തെ വിവിധ പാര്‍ക്കുകളിലേക്ക് എത്തിക്കാനുള്ള പ്രാരംഭ നടപടികള്‍ രാജ്യത്ത് തുടങ്ങുന്നത്. 2020 ല്‍ പ്രൊജക്ട് ചീറ്റയെന്ന ഇന്ത്യന്‍ പദ്ധതിക്ക് സുപ്രീം കോടതിയും അനുമതി നല്‍കിയിരുന്നു.അതേ വര്‍ഷം ജൂലൈയില്‍ ഇന്ത്യയും റിപ്പബ്ലിക് ഓഫ് നമീബിയയും ചീറ്റപ്പുലികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രത്യേക ധാരണ പത്രവും ഒപ്പുവെച്ചിരന്നു.
ഇതാദ്യമായാണ് ഒരു ദക്ഷിണാഫ്രിക്കന്‍ രാജ്യത്ത് നിന്ന് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്.കുനോ നാഷ്ണല്‍ പാര്‍ക്കില്‍ ചീറ്റകളെ വളര്‍ത്തുന്നതിനുള്ള വിപുലമായ സൗകര്യങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് പ്രത്യേക പരീശീലനം നല്‍കിയിട്ടുണ്ട്. ചീറ്റകളെ പുനഃരധിവസിപ്പിക്കുന്നതിനായി പര്യാപ്തമായ ദേശീയ ഉദ്യാനത്തിനായി പ്രത്യേക സര്‍വ്വേകള്‍ നടത്തിയിരുന്നു. ഇതിലൂടെയാണ് കുനൊ നാഷ്ണല്‍ പാര്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ചീറ്റകള്‍ക്ക് ജീവിക്കുന്നതിന് അനുയോജ്യമായ കാലാവസ്ഥ, ഇരകളെ കണ്ടെത്തുന്നതിനും വേട്ടയാടുന്നതിനുമുള്ള സൗകര്യങ്ങള്‍ കൂടാതെ ആവശ്യമായ ജലസ്രോതസുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു കുനോ ഉചിതമെന്ന് കണ്ടെത്തിയത്. പത്ത് വര്‍ഷം കൊണ്ടാണ് പാര്‍ക്കില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയത്. പ്രദേശത്തെ ഗ്രാമങ്ങളെ മറ്റൊരു പ്രദേശത്ത് പുനഃരധിവസിപ്പിച്ച് കൊണ്ടായിരുന്നു ആദ്യ നടപടികള്‍.
184 ഓളം കുടുംബങ്ങളെയാണ് ഈ മേഖലയില്‍ നിന്നും ഒഴിപ്പിച്ചത്. 30 ദിവസത്തെ ക്വാറന്റീന് ശേഷമായിരിക്കും ഇവയെ തുറന്ന് വിടുക. നാഷണല്‍ പാര്‍ക്കിന്റെ 740 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള പ്രത്യേക മേഖലയാണ് ചീറ്റകള്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്. പെണ്‍ ചീറ്റകളുടെ പ്രായം രണ്ടിനും അഞ്ചിനും ഇടയിലാണ്. ആണ്‍ ചീറ്റകളുടെ പ്രായം 4.5-5.5 വയസിനിടയിലും.
ചീറ്റകള്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ നല്‍കി സാറ്റലൈറ്റ് കോളര്‍ ഘടിപ്പിച്ചാണ് നമീബിയയിലെ സി സി എഫ് കേന്ദ്രത്തില്‍ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരുന്നത്. ആരോഗ്യം, വന്യത, വേട്ടയാടാനുള്ള കഴിവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് എട്ട് ചീറ്റകളെ തിരഞ്ഞെടുത്തത്. 5 വര്‍ഷം കൊണ്ട് 50 കടുവകളെ കൊണ്ടുവരികയാണ് ലക്ഷ്യം.