കൊച്ചി : നടിയുടെ പരാതിയിലെടുത്ത കേസിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ രഞ്ജിത് നല്കിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. തനിക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കുന്ന വകുപ്പാണെന്നും അതുകൊണ്ടു തന്നെ അറസ്റ്റ് നടപടികൾ തടയണമെന്നും ഹർജിയിൽ രഞ്ജിത് ചൂണ്ടിക്കാട്ടി. കേസ് പരിഗണിച്ചപ്പോൾ ഇക്കാര്യം പ്രോസിക്യൂഷനും അംഗീകരിച്ചു. ഇതോടെയാണ് ഹര്‍ജി ജസ്റ്റിസ് സി.എസ്.ഡയസ് അവസാനിപ്പിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന ഐപിസിയിലെ 353ാം വകുപ്പാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. സംഭവം നടന്നത് 2009ലാണെന്നും അന്ന് ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് ജാമ്യം ലഭിക്കാവുന്ന വകുപ്പാണെന്നും ജാമ്യഹർജിയിൽ രഞ്ജിത് ചൂണ്ടിക്കാട്ടി. പിന്നീട് 2013ലാണ് ഇത് ജാമ്യമില്ലാ വകുപ്പായി മാറുന്നത്. തുടർന്നാണ് പ്രോസിക്യൂഷന്റെ ഭാഗം കൂടി കേട്ട ശേഷം കോടതി ഇതിൽ തീർപ്പുണ്ടാക്കിയത്. നേരത്തേ എറണാകുളം സെഷൻസ് കോടതി നടൻ മണിയൻ പിള്ള രാജുവിന്റെ ഹർജിയും തീർപ്പാക്കിയത് ഇങ്ങനെയാണ്.
താൻ നിരപരാധിയാണെന്നും കേസിൽ തന്നെ ഉൾപ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയാണന്നും രഞ്ജിത് പരാതിയിൽ ആരോപിച്ചിരുന്നു. പാലേരിമാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചു വരുത്തിയശേഷം സിനിമ ചർച്ചക്കിടെ രഞ്ജിത് ലൈംഗികമായ ഉദ്ദേശ്യത്തോടെ തന്റെ ശരീരത്തിൽ സ്പർശിച്ചു എന്നായിരുന്നു ബംഗാളി നടിയുടെ ആരോപണം.