കൊല്ലം: ഉത്രയെ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ടപര്യന്തത്തിന് ശിക്ഷിച്ച വിധിയില്‍ തൃപ്തിയില്ലെന്ന് ഉത്രയുടെ മാതാവ് മണിമേഖല. ഉത്രക്ക് നീതി കിട്ടിയില്ല. സൂരജിന് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇത്രയും വലിയ ക്രൂരകൃത്യം ചെയ്ത പ്രതിക്ക് പരമാവധി ശിക്ഷയാണ് പ്രതീക്ഷിച്ചത്. ഉത്രക്ക് നീതി തേടി ഹൈകോടതിയില്‍ അപ്പീല്‍ പോകുമെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.
അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി നിരീക്ഷിച്ച കേസില്‍ പ്രതിയുടെ പ്രായം പരിഗണിച്ചാണ് പരമാവധി ശിക്ഷയായ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്. മറ്റ് കേസുകളില്‍ പ്രതിയല്ലാത്ത പ്രതിക്ക് മാനസാന്തരം വരാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഉത്ര കൊലപാതകക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ചുലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് ആണ് വിധി പ്രസ്താവിച്ചത്. വിധി കേള്‍ക്കുന്നതിനായി പ്രതി പറക്കോട് സ്വദേശി സൂരജിനെ 11.48 ഓടെ കോടതിയിലെത്തിച്ചിരുന്നു. കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയത്. വിധി കേള്‍ക്കാനായി വന്‍ ജനക്കൂട്ടവും കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു.
വിധി കേള്‍ക്കാനായി ഉത്രയുടെ പിതാവും സഹോദരനും കോടതിയിലെത്തിയിരുന്നു. വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. വധശിക്ഷക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് മാനദണ്ഡങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്തെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 2020 മേയ് ആറിനാണ് ഉത്ര പാമ്പു കടിയേറ്റു മരിച്ചത്.
സൂരജിന് വധശിക്ഷ ലഭിക്കാതിരുന്നത് പ്രായത്തിന്‍റെ ആനുകൂല്യം പരിഗ്യണിച്ചെന്ന് നിയമവിദഗ്ധര്‍. രാജ്യത്ത് തന്നെ ഇത്തരത്തില്‍ ഒരു കേസ് ഉണ്ടായിട്ടില്ലെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി തന്നെ വിശേഷിപ്പിച്ചപ്പോഴും പ്രതി സൂരജിന് വധശിക്ഷ ലഭിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതിയുടെ പ്രായം തൂക്കുകയറില്‍ നിന്ന് രക്ഷിക്കുകയായിരുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു കേസാണ് ഇതെന്ന് കോടതി അംഗീകരിച്ചെങ്കിലും പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് കോടതി നിരീക്ഷിച്ചു. 27 വയസ്സാണ് പ്രായം. പ്രതിക്ക് മാനസാന്തരമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കിയതായി പ്രോസിക്യൂഷന്‍ പറഞ്ഞു.
17 വര്‍ഷത്തെ തടവിനുശേഷം ഇരട്ട ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് കോടതി സൂരജിന് ശിക്ഷ വിധിച്ചത്. ആദ്യം പത്ത് വര്‍ഷം, പിന്നെ ഏഴു വര്‍ഷം ശിക്ഷ അനുഭവിച്ചതിനുശേഷം ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കണം എന്നാണ് കോടതി വിധിച്ചിട്ടുള്ളത്. ഇതനുസരിച്ച് ആയുഷ്ക്കാലം മുഴുവന്‍ പ്രതി ജയിലില്‍ കഴിയേണ്ടി വരുമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
302-ാം വകുപ്പ് പ്രകാരം ആസൂത്രിത കൊലപാതകത്തിന് ജീവപര്യന്തവും 307-ാം വകുപ്പ് പ്രകാരം കൊലപാതകശ്രമത്തിന് മറ്റൊരു ജീവപര്യന്തം. 328ാം വകുപ്പ് പ്രകാരം വിഷം നല്‍കി പരിക്കേല്‍പ്പിക്കലിന് പരാമാധി ശിക്ഷയായ പത്ത് വര്‍ഷം തടവ്, 201 -ാം വകുപ്പ് പ്രകാരം തെളിവുനശിപ്പിക്കലിന് ഏഴ് വര്‍ഷം തടവ് എന്നിങ്ങനെയാണ് കോടതി വിധിച്ചത്.