Wednesday, February 5, 2025

HomeNewsKeralaഅശാസ്ത്രീയ ലോക്ഡൗണ്‍: സര്‍ക്കാരിനെതിരേ പോസ്റ്റിട്ട് ഹോട്ടലുടമ ജീവനൊടുക്കി

അശാസ്ത്രീയ ലോക്ഡൗണ്‍: സര്‍ക്കാരിനെതിരേ പോസ്റ്റിട്ട് ഹോട്ടലുടമ ജീവനൊടുക്കി

spot_img
spot_img

കോട്ടയം:കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നു ജീവിതം പ്രതിസന്ധിയിലായ വ്യാപാരി, സമൂഹമാധ്യമത്തില്‍ കുറിപ്പെഴുതി ആത്മഹത്യ ചെയ്ത നിലയില്‍. ചങ്ങനാശ്ശേരി കുറിച്ചിയിലെ ഹോട്ടല്‍ ഉടമ കനകക്കുന്ന് ഗുരുദേവ ഭവനില്‍ സരിന്‍ മോഹനാണ് (42) ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെ കുറിച്ചി ലെവല്‍ക്രോസിനു സമീപം കോട്ടയം തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ഇടിച്ചായിരുന്നു മരണം.

അശാസ്ത്രീയമായ ലോക്ഡൗണ്‍ തീരുമാനങ്ങള്‍ എല്ലാം തകര്‍ത്തുവെന്നു പറയുന്ന ഫെയ്‌സ്ബുക് കുറിപ്പില്‍, തന്റെ മരണത്തിനു ഉത്തരവാദി ഈ സര്‍ക്കാരാണെന്നും കുറ്റപ്പെടുത്തുന്നു. ഭാര്യയെയും രണ്ടു കുട്ടികളെയും സഹായിക്കണമെന്നും കുറിപ്പില്‍ അഭ്യര്‍ഥിക്കുന്നുണ്ട്.

ഹോട്ടല്‍ ആവശ്യത്തിനായി വായ്പയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും കിട്ടാതായതോടെ സരിന്‍ ദുഃഖിതനായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു. ചിങ്ങവനം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍.ജിജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

സരിന്‍ മോഹന്റെ കുറിപ്പില്‍നിന്ന്

6 മാസം മുന്‍പുവരെ കുഴപ്പമില്ലാതിരുന്ന ഹോട്ടല്‍ ആയിരുന്നു. അശാസ്ത്രീയമായ ലോക്ഡൗണ്‍ തീരുമാനങ്ങള്‍ എല്ലാം തകര്‍ത്തു. ബിവറേജില്‍ ജനങ്ങള്‍ക്ക് തിങ്ങിക്കൂടാം, കൊറോണ വരില്ല. ഹോട്ടലില്‍ ക്യൂ നിന്നാല്‍ കൊറോണ പിടിക്കും. ബസ്സില്‍ അടുത്ത് ഇരുന്നു യാത്ര ചെയ്യാം, ഹോട്ടലില്‍ ഇരുന്നാല്‍ കൊറോണ പിടിക്കും. ഷോപ്പിങ് മാളില്‍ ഒരുമിച്ചു കൂടി നില്‍ക്കാം. കല്യാണങ്ങളില്‍ 100 പേര്‍ക്ക് ഒരുമിച്ചു നില്‍ക്കാം, ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം, ഹോട്ടലില്‍ ഇരിക്കാന്‍ പറ്റില്ല.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതുയോഗങ്ങള്‍ നടത്താം, കൊറോണ പിടിക്കില്ല. ഇങ്ങനെ പോകുന്നു തീരുമാനങ്ങള്‍. എല്ലാം തകര്‍ന്നപ്പോള്‍ ലോക്ഡൗണ്‍ എല്ലാം മാറ്റി. ഇപ്പോള്‍ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണി. ബ്ലേഡുകാരുടെ ഭീഷണി. ഇനി 6 വര്‍ഷം ജോലി ചെയ്താല്‍ തീരില്ല എന്റെ ബാധ്യതകള്‍. ഇനി നോക്കിയിട്ടും കാര്യം ഇല്ല. എന്റെ മരണത്തോടു കൂടിയെങ്കിലും സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുക. സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ തകര്‍ക്കരുത്.

എന്റെ മരണത്തിനു ഉത്തരവാദി ഈ സര്‍ക്കാര്‍ ആണ്. എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയില്‍ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് ഞാന്‍. എന്റെ കയ്യില്‍ ഉള്ളപ്പോള്‍ സ്‌നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോള്‍ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാന്‍ കണ്ടു. സഹായിക്കാന്‍ നല്ല മനസ്സ് ഉള്ളവര്‍ എന്റെ കുടുംബത്തെ സഹയിക്കുക.

സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും. അവര്‍ക്ക് ഇനി ജീവിക്കണം. ഇളയ മകന് ഓട്ടിസം ആണ്. അവനും ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം ഉണ്ട്. എന്റെ ഫോണ്‍ എടുക്കുന്ന പൊലീസുകാര്‍ അത് വീട്ടില്‍ കൊടുക്കണം, മകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഉള്ളതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments