ന്യൂഡല്‍ഹി: പാര്‍ട്ടി അംഗത്വത്തിന് പുതിയ നിബന്ധനകള്‍ മുന്നോട്ടുവെച്ച് കോണ്‍ഗ്രസ് നേതൃത്വം. പുതുതായി അംഗത്വമെടുക്കാനാഗ്രഹിക്കുന്നവര്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കില്ലെന്നും പാര്‍ട്ടിയെ പരസ്യമായി വിമര്‍ശിക്കില്ലെന്നും സത്യം ചെയ്യണമെന്നാണ് നിബന്ധന. നിയമവിരുദ്ധമായി സ്വത്ത് സമ്പാദിക്കില്ലെന്നും സത്യപ്രസ്താവന നടത്തണം.
നവംബര്‍ ഒന്നിന് ആരംഭിക്കുന്ന മെംബര്‍ഷിപ് കാമ്പയിനി!!െന്റ ഭാഗമായി വിതരണം ചെയ്യുന്ന ഫോറത്തിലാണ് ഇതുള്‍പ്പെടെ 10 നിബന്ധനകള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. താന്‍ പതിവായി ഖാദി നെയ്ത്തുകാരനാണെന്നും നേതൃത്വം ഏല്‍പിക്കുന്ന ഏതു പ്രവൃത്തിയും നടപ്പാക്കാന്‍ സന്നദ്ധമാണെന്നും സത്യം ചെയ്യണം.
അതോടൊപ്പം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന പ്രവൃത്തിയില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന ഉറപ്പും നല്‍കിയാല്‍ മാത്രമേ പാര്‍ട്ടിയില്‍ ഇനി മുതല്‍ അംഗത്വം ലഭിക്കൂ. പാര്‍ട്ടിയുടെയും ജനങ്ങളുടെയും ക്ഷേമവും പുരോഗതിയുമാണ് പുതിയ നിബന്ധനകളിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കോണ്‍ഗ്രസ് വിശദീകരണം.
ഭരണഘടന അനുശാസിക്കുന്ന സമാധാനപരമായ മാര്‍ഗത്തിലൂടെ മതേതര സമൂഹമെന്ന ലക്ഷ്യവും ഇതുവഴി പാര്‍ട്ടി മുന്നോട്ടുവെക്കുന്നു. നവംബര്‍ ഒന്നിന് തുടങ്ങുന്ന മെംബര്‍ഷിപ് കാമ്പയിന്‍ അടുത്ത മാര്‍ച്ചിലാണ് അവസാനിക്കുക. ശേഷമായിരിക്കും സംഘടന തെരഞ്ഞെടുപ്പ്.