തിരുവനന്തപുരം : സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കെ.മുരളീധരന് എംപിക്കെതിരെ കേസെടുത്തു. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ പരാതിയിലാണു കേസെടുത്തത്. തിരുവനന്തപുരം കോര്‍പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ സമരത്തിലായിരുന്നു മുരളീധരന്റെ അധിക്ഷേപം.
അതേസമയം, ആര്യാ രാജേന്ദ്രന് പൊലീസില്‍ പരാതി നല്‍കിയതോടെ കെ.മുരളീധരന് ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മേയര്‍ക്ക് പക്വതയില്ലെന്ന വിമര്‍ശനത്തില്‍ ഉറച്ചു നില്ക്കുന്നതായി മുരളീധരന് പറഞ്ഞു. പക്വത അളക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആര്യയും തിരിച്ചടിച്ചു.
സൗന്ദര്യമുണ്ടെങ്കിലും മേയറുടെ വായില്‍നിന്നു വരുന്നത് ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകരമായ ചില വര്‍ത്തമാനങ്ങളാണെന്നായിരുന്നു മുരളീധരന് പറഞ്ഞത്. മേയറുടെ പക്വതയില്ലാത്ത പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്നതായി കെ.മുരളീധരന് പറഞ്ഞു.
മേയര്‍ക്കു മാനസിക പ്രയാസം ഉണ്ടായെങ്കില്‍ ഖേദമുണ്ട്. തന്റെ പ്രസ്താവനകൊണ്ട് ഒരാള്‍ക്കും പ്രയാസം ഉണ്ടാകാന്‍ പാടില്ല. ചൂണ്ടിക്കാണിച്ച തെറ്റുകളില്‍ ഉറച്ചു നില്‍ക്കുന്നതായും മുരളീധരന് പറഞ്ഞു.