ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി ജില്ലയില്‍ കര്‍ഷക സമരക്കാര്‍ക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ വാഹന വ്യൂഹം ഇടിച്ചുകയറി 8 കര്‍ഷകര്‍ മരിച്ചു. എട്ട് കര്‍ഷകര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.
കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരേ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം.
അപകടുണ്ടാക്കിയ വാഹനം ഓടിച്ചത് കേന്ദ്രമന്ത്രിയുടെ മകനായ ആശിഷ് മിശ്രയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിക്കെതിരേ ഞായറാഴ്ച രാവിലെ മുതല്‍ പ്രദേശത്ത് കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. മന്ത്രിയുടെ വാഹനവ്യൂഹം കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചുകയറിന് പിന്നാലെ സ്ഥലത്ത് വലിയ സംഘര്‍ഷമുണ്ടായി. കര്‍ഷകര്‍ നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. പ്രദേശത്ത് വലിയ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രിയുടെ പരിപാടിക്കെതിരേ റോഡിന്റെ ഇരുവശങ്ങളില്‍ നിന്ന് പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു. അതേസമയം കര്‍ഷകരുടെ മരണം സ്ഥിരീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരോ ജില്ലാ ഭരണകൂടമോ ഇതുവരെ തയ്യാറായിട്ടില്ല.