Thursday, March 28, 2024

HomeMain Storyകാലാവസ്ഥ വ്യതിയാനം: നൂതനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയ മൂന്നുപേര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍

കാലാവസ്ഥ വ്യതിയാനം: നൂതനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയ മൂന്നുപേര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍

spot_img
spot_img

സ്‌റ്റോക്ക്‌ഹോം: കാലാവസ്ഥ വ്യതിയാനം പോലുള്ള സങ്കീര്‍ണ്ണ പ്രക്രിയകളെ മനസിലാക്കാനും പ്രവചനം നടത്താനും ആവശ്യമായ നൂതനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയ മൂന്ന് ശാസ്ത്രജ്ഞര്‍ 2021 ലെ ഭൗതികശാസ്ത്ര നൊബേലിന് അര്‍ഹരായി. സുക്കൂറോ മനാബ, ക്ലോസ് ഹാസില്‍മാന്‍, ജോര്‍ജോ പരീസി എന്നിവരാണ് ജേതാക്കള്‍.

നൊബേല്‍ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളറി (8.2 കോടി രൂപ) ന്റെ പകുതി സുക്കൂറോ മനാബ, ക്ലോസ് ഹാസില്‍മാന്‍ എന്നിവര്‍ക്ക് ലഭിക്കും. ബാക്കി പകുതി തുക പരീസിക്കാണ്. ‘സങ്കീര്‍ണ്ണ സംവിധാനങ്ങള്‍ നമുക്ക് മനസിലാക്കാന്‍ പാകത്തിലാക്കുന്നതില്‍ വലിയ മുന്നേറ്റം നടത്തിയതിനാ’ണ് ഇവര്‍ മൂവരും നൊബേലിനര്‍ഹരായതെന്ന് നൊബേല്‍ കമ്മറ്റിയുടെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.

ഭൗമകാലാവസ്ഥ ആഴത്തില്‍ മനസിലാക്കുക വഴി, കാലാവസ്ഥയെ മനുഷ്യപ്രവര്‍ത്തനങ്ങള്‍ എങ്ങനെ സ്വാധീനിക്കുന്നു എന്നറിയാനുള്ള പഠനങ്ങള്‍ക്ക് അടിത്തറയിട്ട ഗവേഷകരാണ് മനാബയും ഹാസില്‍മാനും. അതേസമയം, ക്രമമില്ലാത്ത പദാര്‍ഥങ്ങളും ആക്‌സ്മിക പ്രക്രിയകളും അടങ്ങിയ സങ്കീര്‍ണ്ണതകള്‍ അടുത്തറിയാനുള്ള വിപ്ലവകരമായ മുന്നേറ്റം നടത്തിയ ഗവേഷകനാണ് പരീസി.

സങ്കീര്‍ണ്ണ പ്രക്രിയകളുടെ മുഖമുദ്രയാണ് ആകസ്മികതകളും ക്രമമില്ലായ്മയും. ഇങ്ങനെയുള്ള പ്രക്രിയകള്‍ മനസിലാക്കിയെടുക്കുക വലിയ ബുദ്ധിമുട്ടാണ്. ഇത്തരം സംഗതികളെ ശാസ്ത്രീയമായി വിശദീകരിക്കാനും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രവചനം സാധ്യമാക്കാനുമുള്ള നവീന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയാണ് നൊബേല്‍ ജേതാക്കള്‍ ചെയ്തത്.

നിര്‍ണായക പ്രാധാന്യമുള്ള ഇത്തരം സങ്കീര്‍ണ്ണ സംവിധാനങ്ങളില്‍ ഒന്നാണ് ഭൗമകാലാവസ്ഥ. അന്തരീക്ഷത്തില്‍ കൂടുതലായി കാര്‍ബണ്‍ ഡൈയോക്‌സയിഡ് (CO2) വ്യാപിക്കുമ്പോള്‍, ഭൂമിയുടെ താപനില വര്‍ധിക്കുന്നത് എങ്ങനെയെന്ന് മനാബ കാട്ടിത്തന്നു. അതിനായി 1960 കളില്‍ അദ്ദേഹം രൂപംനല്‍ികിയ ‘ഭൗതിക മാതൃകകള്‍’ (physical models) ആണ്, നിലവില്‍ കാലാവസ്ഥ പഠന മാതൃകകള്‍ക്ക് അടിസ്ഥാനമായത്.

മനാബയുടെ പഠനത്തെ 1970 കളില്‍ ഹാസില്‍മാന്‍ മുന്നോട്ടു കൊണ്ടുപോയി. അന്തരീക്ഷ താപനില ഉയരുന്നതിന് പിന്നില്‍ മനുഷ്യപ്രവര്‍ത്തനങ്ങളാണെന്ന് അദ്ദേഹം സമര്‍ഥിച്ചു. കാര്‍ബണ്‍ വ്യാപനം സംബന്ധിച്ച പുതിയ കാഴ്ചപ്പാട് രൂപപ്പെടാന്‍ ഹാസില്‍മാന്റെ പഠനങ്ങള്‍ക്ക് കഴിഞ്ഞു.

1980 കാലത്താണ് പരീസി തന്റെ മുന്നേറ്റങ്ങള്‍ നടത്തിയത്. ക്രമരഹിതമായ സങ്കീര്‍ണ്ണ വസ്തുക്കളില്‍ മറഞ്ഞിരിക്കുന്ന പാറ്റേണുകള്‍ കണ്ടെത്തുകയാണ് അദ്ദേഹം ചെയ്തത്. ‘സങ്കീര്‍ണ സംവിധാനങ്ങള്‍’ (complexs ystems) സംബന്ധിച്ച് പരീസി മുന്നോട്ടു വെച്ച സിദ്ധാന്തം, ഈ പഠനമേഖലയിലെ ഏറ്റവും പ്രധാനപ്പട്ടതായി മാറി. ഭൗതികശാസ്ത്രത്തില്‍ മാത്രമല്ല, ഗണിതം, ജീവശാസ്ത്രം, ന്യൂറോസയന്‍സ്, മെഷീന്‍ ലേണിങ് തുടങ്ങി വളരെ വ്യത്യമായ മേഖലകളിലും പരീസിയുടെ സിദ്ധാന്തം പ്രയോഗിക്കപ്പെടുന്നു.

ജപ്പാനിലെ ഷിന്‍ഗുവില്‍ 1931 ല്‍ ജനിച്ച മനാബ, ടോക്യോ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി.നേടിയ കാലാവസ്ഥ ഗവേഷകനാണ്. നിലവില്‍ യു.എസ്.എ.യിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ സീനിയര്‍ മീറ്റീരിയോളജിസ്റ്റാണ് അദ്ദേഹം.

ജര്‍മനിയിലെ ഹാംബര്‍ഗ്ഗില്‍ 1931 ല്‍ ജനിച്ച ഹാസില്‍മാന്‍, ജര്‍മനിയിലെ ഗോട്ടിങാം സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി.നേടി. നിലവില്‍ ഹാംബര്‍ഗ്ഗിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മീറ്റീരിയോളജിയില്‍ പ്രൊഫസറാണ്.

ഇറ്റലിയിലെ റോമില്‍ 1948 ല്‍ ജനിച്ച പരീസി, റോമിലെ സാപിയന്‍സ സര്‍വ്വകലാശാലയില്‍ നിന്നാണ് പി.എച്ച്.ഡി.എടുത്തത്. നിലവില്‍, അതേ സര്‍വകലാശാലയിലെ പ്രൊഫസറാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments