Thursday, November 21, 2024

HomeBusinessടാറ്റ സൺസ് ഇമെരിറ്റസ് ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു

ടാറ്റ സൺസ് ഇമെരിറ്റസ് ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു

spot_img
spot_img

മുംബൈ: വ്യവസായി രത്തൻ ടാറ്റ (86)അന്തരിച്ചു. ടാറ്റ സൺസ് മുൻ ചെയർമാനായ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നേമുക്കാലിനാണ് മരണം സംബന്ധിച്ച് ടാറ്റ സൺസിൽ നിന്ന് ഒൗദ്യോഗിക സ്ഥിരീകരണമുണ്ടായത്. രക്തസമ്മർദം കുറഞ്ഞ് അവശനായ രത്തൻ ടാറ്റയെ തിങ്കളാഴ്ച പുലർച്ചെയാണ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് അന്നു തന്നെ വെന്റിലേറ്ററിലാക്കി.

നവൽ എച്ച്.ടാറ്റയുടെയും സൂനുവിന്റെയും മകനായി 1937 ഡിസംബർ 28നു ജനിച്ച രത്തൻ ടാറ്റ അവിവാഹിതനാണ്. യുഎസിൽ ആർക്കിടെക്ടായിരുന്ന അദ്ദേഹം വീട്ടുകാരുടെ നിർബന്ധത്തെത്തുടർന്ന് ഇന്ത്യയിലേക്കു മടങ്ങുകയായിരുന്നു. 1962ൽ ടാറ്റ സ്റ്റീലിൽ ട്രെയ്നിയായി ജോലിയിൽ പ്രവേശിച്ചു. 1981ൽ ടാറ്റ ഇൻഡസ്ട്രീസ് ചെയർമാനായി. ജെ.ആർ.ഡി. ടാറ്റയുടെ പിൻഗാമിയായി 1991ൽ ടാറ്റയുടെ തലപ്പത്തെത്തി. ടാറ്റയെ ലോകോത്തര ബ്രാൻഡാക്കി മാറ്റുന്നതിൽ വലിയ സംഭാവനകൾ നൽകിയ രത്തൻ പുതിയ സാങ്കേതിക മേഖലകളിലേക്കു ടാറ്റ കമ്പനികളെ നയിച്ചു.

6 ഭൂഖണ്ഡങ്ങളിലായി നൂറിലേറെ രാജ്യങ്ങളിൽ പടർന്നു കിടക്കുന്നതാണ് ടാറ്റയുടെ വ്യവസായ സാമ്രാജ്യം. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചു ടാറ്റയെ മുന്നോട്ടു നയിച്ചു. ജീവകാരുണ്യത്തിനായി വരുമാനത്തിന്റെ വലിയൊരു ഭാഗം നീക്കിവച്ച രത്തൻ ടാറ്റ ഒട്ടേറെ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ മുൻകയ്യെടുത്തു. 2000ൽ പത്മഭൂഷണും 2008ൽ പത്മവിഭൂഷണും ലഭിച്ചു.

മിത്‍സുബിഷി കോർപറേഷൻ, ജെപി മോർഗൻ ചേസ് തുടങ്ങിയവയുടെ ഉപദേശക സമിതികളിൽ അംഗമായിരുന്നു. 2012 ഡിസംബറിലാണ് ടാറ്റ സൺസ് ചെയർമാൻ പദവിയൊഴിഞ്ഞത്. തുടർന്നു സ്ഥാനമേറ്റ സൈറസ് മിസ്ത്രി അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നു 2016 ൽ പുറത്തായതോടെ ഇടക്കാല ചെയർമാനായി തിരിച്ചെത്തി. 2017 ജനുവരിയിൽ എൻ.ചന്ദ്രശേഖരനു പദവി കൈമാറിയ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി.

കോർപറേറ്റ് വളർച്ചയെ രാഷ്ട്രനിർമാണവുമായി കോർത്തിണക്കിയ വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചന സന്ദേശത്തിൽ കുറിച്ചു. രത്തൻ ടാറ്റ ദീർഘവീക്ഷണമുള്ള വ്യക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. രത്തൻ ടാറ്റ മികച്ച കാഴ്ചപ്പാടുള്ള വ്യക്തിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്ദേശത്തിൽ കുറിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments