ചങ്ങനാശേരി: സീറോ മലബാര്‍ സഭയിലെ ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം നാളെ (ഒക്‌ടോബര്‍ 31 വ്യാഴം) രാവിലെ ഒന്‍പത് മണിക്ക് സെന്റ് മേരീസ് മെത്രാപോലീത്തന്‍ പള്ളിയില്‍ നടക്കും. അതിരൂപതയുടെ അഞ്ചാമത്തെ ആര്‍ച്ച് ബിഷപ്പായാണ് മാര്‍ തോമസ് തറയില്‍ ചുമതല ഏല്‍ക്കുന്നത്. ആര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് വിരമിക്കുന്ന മാര്‍ ജോസഫ് പെരുന്തോട്ടത്തിന് നന്ദി പ്രകാശന ചടങ്ങുകളും നാളെ നടക്കും. പതിനേഴു വര്‍ഷം ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പായിരുന്ന മാര്‍ ജോസഫ് പെരുന്തോട്ടം വിരമിക്കുന്നതിനെ തുടര്‍ന്നാണ് പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍ തോമസ് തറയിലിനെ സീറോമലബാര്‍ സഭാ സിനഡ് തെരഞ്ഞെടുത്തത്.
മെത്രാപ്പോലീ ത്തന്‍ പള്ളി അങ്കണത്തില്‍ സജ്ജമാക്കുന്ന പന്തലില്‍ രാവിലെ ഒമ്പതിന് ആ രംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരാകും. തുടര്‍ന്ന് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
11.45-ന് സി.ബി.സി.ഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സ്ഥാനമൊഴിയുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് നന്ദിയും പുതിയ ആര്‍ച്ച്ബി ഷപ് മാര്‍ തോമസ് തറയിലിന് ആശംസകളും നേരും.
മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കോച്ചേരി, വിവിധ സഭാ മേലധ്യക്ഷന്മാര്‍, മന്ത്രിമാര്‍, വത്തിക്കാന്‍ പ്രതിനിധി, യൂറോപ്യന്‍ സഭാപ്രതിനിധികള്‍ ഉള്‍പ്പെടെ അമ്പതില്‍പ്പരം മെത്രാന്‍മാര്‍, വിവിധ മത, സമുദായ, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അതിരൂപതയിലെ 250-ലേറെ വരുന്ന ഇടവകകളില്‍നിന്നുള്ള പതിനായിരത്തോളം പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രായത്തില്‍ താരതമ്യേന ചെറുപ്പക്കാരനായ മാര്‍ തോമസ് തറയില്‍ (52) 2017-ല്‍ ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാനായി. ഏഴ് വര്‍ഷം കൊണ്ട് അതിരൂപത മെത്രാപ്പോലീത്തയായി നിയമനം ലഭിക്കുന്നത് അപൂര്‍വതയാണ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതാണ് ചങ്ങനാശ്ശേരി അതിരൂപത. സീറോ മലബാര്‍ സഭയുടെ പുരാതനമായ അതിരൂപതകളിലൊന്നുമാണ്.
സ്ഥാനാരോഹണ ചടങ്ങുകള്‍ക്കു ശേഷം ചങ്ങനാശേരിയില്‍ നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണവും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യപ്രഭാഷണവും നടത്തും.
ചങ്ങനാശ്ശേരി തറയില്‍ പരേതനായ ജോസഫിന്റേയും മറിയാമ്മയുടേയും ഏഴു മക്കളില്‍ ഏറ്റവും ഇളയതാണ് ടോമി എന്നറിയപ്പെടുന്ന തോമസ് തറയില്‍. ഫാത്തിമാപുരം സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂള്‍, എസ്ബി കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം വടവാതൂര്‍ സെമിനാരിയില്‍ നിന്ന് വൈദിക പഠനം പൂര്‍ത്തിയാക്കി. 2000-ല്‍ വൈദികനായി നിയമിക്കപ്പെട്ടു. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് മന:ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി.മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍, സ്പാനിഷ് ഭാഷകളില്‍ പ്രാവീണ്യമുണ്ട്.
കഴിഞ്ഞ വര്‍ഷം ദു:ഖവെള്ളിയാഴ്ച നടന്ന സംയുക്ത കുരിശിന്റെ വഴി ആചരണത്തോടനുബന്ധിച്ച് മാര്‍ തോമസ് തറയില്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഒരു മനുഷ്യനെങ്കിലും ഭയപ്പെട്ടാണ് ജീവിക്കുന്നതെങ്കില്‍ അത് ആ രാജ്യത്തിന്റെ മുഴുവന്‍ പരാജയമാണ്. രാജ്യത്തിലെ ഏറ്റവും ദുര്‍ബലനായ ഒരു മനുഷ്യനെങ്കിലും ഭയപ്പെട്ടാണ് ജീവിക്കുന്നതെങ്കില്‍ അത് ആ രാജ്യത്തിന്റെ മുഴുവന്‍ പരാജയമായിട്ട് കരുതുവാന്‍ നമുക്ക് സാധിക്കണമെന്നായിരുന്നു അദ്ദേഹം തുറന്നടിച്ചത്. നിര്‍ഭയമായി തന്റെ നിലപാടുകള്‍ പറയാന്‍ ഒട്ടും മടി കാണിക്കാത്ത സഭാ നേതാവാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍.