ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലയില്‍ നിന്നു ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ പൂര്‍ണമായി പിന്‍വാങ്ങിയെന്നു റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയിലുള്ള സംഘര്‍ഷ മേഖലകളായ ഡെപ്‌സാങ്, ഡെംചോക് മേഖലകളില്‍ നിന്നാണ് സൈനികര്‍ പിന്‍വാങ്ങിയത്.
2020 മെയ് മാസത്തില്‍ കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് കടന്നു കയറ്റങ്ങള്‍ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഇന്ത്യയും സൈനിക വിന്യാസം നടത്തുകയും സംഘര്‍വും ഉടലെടുക്കുകയും ചെയ്തത്. തുടര്‍ച്ചയായ ചര്‍ച്ചയിലൂടെ സൈനീക വിന്യാസം പുനപരിശോധിക്കാന്‍ തീരുമാനിക്കുകയും പട്രോളിംഗ് പുനഃരാരംഭിക്കാന്‍ തീരുമാനം ഉണ്ടാവുകയുമായിരുന്നു.
ദീപാവലി ദിനമായ ഇന്ന് ഇരു പക്ഷത്തേയും സൈനികര്‍ മധുര പലഹാരങ്ങള്‍ കൈമാറുമെന്നാണറിയുന്നത്. ഇന്ത്യ- ചൈന ബന്ധം പുതിയ വികസന അവസരങ്ങള്‍ക്കു മുന്നിലാണെന്നു ചൈനീസ് അംബാസഡര്‍ എക്‌സില്‍ കുറിച്ചു.സൈനിക പിന്‍മാറ്റം പുരോഗമിക്കുകയാണെന്നും പട്രോളിങ് രീതികള്‍ കമാന്‍ഡര്‍മാര്‍ തീരുമാനിക്കുമെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ആളില്ലാ വിമാനം ഉപയോഗിച്ചും നേരിട്ടും പരിശോധന നടത്തും.
താത്കാലിക നിര്‍മിതികള്‍ നീക്കം ചെയ്യുന്നതും പിന്‍മാറ്റത്തിന്റെ ഭാഗമാണ്. ഇന്ത്യ- ചൈന അതിര്‍ത്തി പ്രദേശങ്ങളില്‍ സൈനിക വിന്യാസം കുറയ്ക്കുന്നതിനുള്ള- പിന്‍മാറ്റം, സംഘര്‍ഷാവസ്ഥ കുറയ്ക്കല്‍, സൈനികരെ പിന്‍വലിക്കല്‍ എന്നീ മൂന്ന് ഘട്ട പ്രക്രിയയുടെ ആദ്യ പടിയാണിത്.
റഷ്യയിലെ കസാനില്‍ ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ആശയ വിനിമയവും സഹകരണവും മെച്ചപ്പെടുത്തേണ്ടതു ഇരു രാജ്യങ്ങളുടേയും ആവശ്യമാണെന്നു ഷി ജിന്‍പിങ് വ്യക്തമാക്കിയിരുന്നു.