വാഷിങ്ടൺ: ഇരുരാജ്യങ്ങളിലെയും കോൺസുലേറ്റുകൾ തുറക്കുന്നതു സംബന്ധിച്ച് യു.എസ് പ്രസിഡൻറ് ജോ ബൈഡനും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും തമ്മിൽ ധാരണയിലെത്തിയതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നും യു.എസ് മാധ്യമമായ പൊളിറ്റികോ റിപ്പോർട്ട് ചെയ്തു.
ട്രംപ് ഭരണകൂടത്തിൽ തകർന്നടിഞ്ഞ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ഇരു രാഷ്ട്രത്തലവന്മാരും നടത്തുന്നത്. കഴിഞ്ഞ വർഷമാണ് യു.എസിലെയും ചൈനയിലെയും കോൺസുലേറ്റുകൾ അടച്ചത്.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിെൻറ ഭാഗമായി ഇരുനേതാക്കളും വെർച്വൽ സമ്മേളനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കും മാധ്യമപ്രവർത്തകർക്കും ഏർപ്പെടുത്തിയ വിസ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാനും ധാരണയായതായി പൊളിറ്റികോ റിപ്പോർട്ട് ചെയ്തു.
തായ്വാൻ വിഷയത്തിൽ ഭിന്നത നിലനിൽക്കുന്നതിനിടയിലും യു.എസും ചൈനയും തമ്മിലുള്ള ബന്ധം അടുത്തിടെ മെച്ചപ്പെട്ടിരുന്നു. അതേസമയം, ചൈന ആണവായുധ പരീക്ഷണം നടത്തുന്നത് ബൈഡൻ ഭരണകൂടത്തെ പ്രകോപിപ്പിച്ചിരുന്നു.