റിയോ ഡി ജനീറോ : ബ്രസീലിയന്‍ യുവ ഗായികയും ലാറ്റിന്‍ ഗ്രാമി അവാര്‍ഡ് ജേതാവുമായ മരിലിയ മെന്തോന്‍സ (26) വിമാനാപകടത്തില്‍ മരിച്ചു. ചെറുവിമാനത്തിലുണ്ടായിരുന്ന മറ്റ് നാല് യാത്രക്കാരും മരിച്ചതായി സ്ഥിരീകരിച്ചു. വെള്ളിയാഴ്ച സംഗീതപരിപാടിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടത്തിന് സമീപത്തുള്ള പാറക്കെട്ടുകളില്‍നിന്നാണു വിമാനത്തിന്റെ തകര്‍ന്ന ഭാഗങ്ങള്‍ കണ്ടെടുത്തത്.
റിയോ ഡി ജനീറോയുടെ വടക്ക് സ്ഥിതി ചെയ്യുന്ന, മെന്തോന്‍സയുടെ ജന്മനാടായ ഗോയാനിയയ്ക്കും കാരറ്റിംഗയ്ക്കും മധ്യേയാണ് വിമാനം തകര്‍ന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. വിമാനം വൈദ്യുതലൈനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
വിമാനത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പുള്ള വിഡിയോ ഗായിക സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. മെന്തോന്‍സയുടെ മരണത്തില്‍ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ അനുശോചനം രേഖപ്പെടുത്തി. ആരാധകരും സംഗീത, കായിക മേഖലയിലെ പ്രമുഖരും സമൂഹമാധ്യമങ്ങള്‍ വഴി ഗായികയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
ബ്രസീലിന്റെ തനത് സംഗീതരൂപമായ മ്യൂസിക സെര്‍തനേഷോയുടെ പ്രചാരകയാണ് മെന്തോന്‍സ. ഇവര്‍ക്ക് യുട്യൂബില്‍ 2 കോടി ഫോളോവേഴ്‌സുണ്ട്. 2019ല്‍ ‘എം തൊഡോസ് ഒസ് കാന്റോസ്’ എന്ന ആല്‍ബത്തിന് മികച്ച സെര്‍തനേഷോ ആല്‍ബത്തിനുള്ള ലാറ്റിന്‍ ഗ്രാമി പുരസ്‌കാരം മെന്തോന്‍സയെ തേടിയെത്തി. ഈ വര്‍ഷവും അതേ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.