പത്തനംതിട്ട: ആറന്മുളക്കടുത്ത് കിടങ്ങന്നൂരുള്ള കരുണാലയത്തിനു ഫോമാ ഒന്നര ലക്ഷം രൂപ നല്‍കി. ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജാണ് ഫോമയ്ക്ക് വേണ്ടി സംഭാവന കൈമാറിയത്. അനാഥരും, ആലംബഹീനരുമായവരും ഉപേക്ഷിക്കപ്പെട്ടവരുമായ വയോധികരായവരാണ് കരുണാലയത്തിലെ അന്തേവാസികള്‍. അവരില്‍ അല്‍ഷൈമേഴ്‌സ് ബാധിച്ചവരും ഹ്ര്യദ്രോഗ ബാധിതരായവരും, വികലാംഗരായവരും ഉണ്ട്.
സാമ്പത്തികമായി വളരെ ക്ലേശമനുഭവിക്കുന്ന കരുണാലയത്തിന് ഒരുപാട് പരിമിതികളുണ്ട്. അബ്ദുള്‍ അസീസും, അദ്ദേഹത്തിന്റെ ഭാര്യയുമാണ് കരുണാലയം നടത്തിക്കൊണ്ട് പോകുന്നത്. അബ്ദുല്‍ അസീസ് ആണ് കരുണാലയത്തിന്റെ ഡയറക്ടര്‍. ഈയടുത്തുണ്ടായ വെള്ളപ്പൊക്കത്തിലും ഒരുപാട് നാശനഷ്ടങ്ങള്‍ കരുണാലയത്തിന് ഉണ്ടായി.
ഫോമാ നിര്‍വ്വാഹക സമിതിയില്‍ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ നല്‍കിയ അഭ്യര്‍ത്ഥന പ്രകാരമാണ് നിര്‍വ്വാഹക സമിതി കൂടിയാലോചിച്ചു കരുണലായത്തിനു സഹായം നല്‍കാന്‍ തീരുമാനമായത്.
അനിയന്‍ ജോര്ജിനോടൊപ്പം, ഫോമാ ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജേക്കബ് തോമസ്, കേരള കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ ജോസഫ് ഔസൊ, സുജ ഔസോ എന്നിവരും കരുണാലയം സന്ദര്‍ശിച്ചു.