ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപംകൊണ്ടതോടെ ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. മഴ തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലേക്കും വ്യാപിച്ചു. സംസ്ഥാനത്ത് മഴക്കെടുതിയില്‍ നാലുപേര്‍ മരിച്ചു.
ചൊവ്വാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക്-കിഴക്കന്‍ ഭാഗത്ത് പുതിയൊരു ന്യൂനമര്‍ദവും രൂപപ്പെടാനിരിക്കെ മഴ കനക്കുമെന്നാണ് പ്രവചനം. ഇത് ചുഴലിക്കാറ്റായി മാറിയേക്കുമെന്നും ആശങ്കയുണ്ട്. നവംബര്‍ 10, 11 തീയതികളില്‍ വടക്കന്‍ കടലോര ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ചെന്നൈ, കാഞ്ചിപുരം, കടലൂര്‍, വിഴുപ്പുറം ഉള്‍പ്പെടെ 14 ജില്ലകളില്‍ കനത്ത മഴയാണ് പെയ്തത്.
ചെന്നൈയിലെ ചെമ്പരപ്പാക്കം, പുഴല്‍, പൂണ്ടി തുടങ്ങിയ പ്രധാന ജലാശയങ്ങള്‍ അതിവേഗം നിറയുകയാണ്. സെക്കന്‍ഡില്‍ രണ്ടായിരം ഘനയടി വെള്ളം ഒഴുക്കിവിടുന്നുണ്ട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ രണ്ടാംദിവസവും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.