തിരുവനന്തപുരം: ദത്തുവിവാദത്തില്‍ അനുപമക്കെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശത്തില്‍ മന്ത്രിക്കെതിരെ കേസെടുക്കാന്‍ സാധിക്കില്ലെന്ന് പൊലീസ്. മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചുവെന്നും കേസ് എടുക്കാനുള്ള തെളിവുകളില്ലെന്നും അതിനാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാകില്ലെന്നുമാണ് ശ്രീകാര്യം പൊലീസ് വ്യക്തമാക്കിയത്.
സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കവെയായിരുന്നു മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. കേരളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയമെന്ന് പറഞ്ഞാണ് അപകീര്‍ത്തികരമായ പരാമര്‍ശം സജി ചെറിയാന്‍ നടത്തിയിരുന്നത്. അനുപമയുടെ ഭര്‍ത്താവ് അജിത്തിന്റെ പേര് എടുത്ത് പറയാതെയാണ് സജി ചെറിയാന്റെ പരമാര്‍ശം.
കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലിലേക്ക് പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല എന്ന രാതിയിലുള്ള പരാമര്‍ശമാണ് അദ്ദേഹം ഉന്നയിച്ചത്. ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പഠിപ്പിച്ച് വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞുപോയത്? ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുക. എനിക്കും മൂന്നു പെണ്‍കുട്ടികളായത് കൊണ്ടാണ് പറയുന്നത്. എങ്ങോട്ടാണ് പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടുമൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ അനുപമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇല്ലാക്കഥകള്‍ പറഞ്ഞ് മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്ന് അനുപമ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. സിപിഎമ്മും സര്‍ക്കാരും അനുപമക്കൊപ്പമാണെന്നും അനുപമക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തപ്പോഴാണ് മന്ത്രി ഈ പരാമര്‍ശമുന്നയിച്ചതും കൂടുതല്‍ ചര്‍ച്ചയാവാന്‍ കാരണമായി. പ്രസംഗം നടന്നത് ശ്രീകാര്യം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണെന്നതിനാല്‍ അനുപമയുടെ പരാതി പേരൂര്‍ക്കട പൊലീസ് ശ്രീകാര്യം പൊലീസിന് കൈമാറുകയായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിച്ചിരുന്നു.
ദത്ത് വിവാദത്തില്‍ അനുപമയ്ക്ക് എതിരായ വിവാദ പരാമര്‍ശത്തില്‍ പിന്നോട്ട് പോകാതെയാണ് മന്ത്രി സജി ചെറിയാന്‍ തുടര്‍ന്നും പ്രതികരിച്ചത്. വിവാദപരാമര്‍ശത്തില്‍ മന്ത്രിക്കെതിരെ അനുപമയും അജിത്തും പരാതി നല്‍കിയിട്ടും പരാമര്‍ശം വിവാദമായിട്ടും സജി ചെറിയാന്‍ തിരുത്താന്‍ തയ്യാറായിരുന്നില്ല. തന്റെ അഭിപ്രായപ്രകടനം രക്ഷിതാവ് എന്ന നിലയിലാണെന്നും ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചിരുന്നു. പ്രസംഗത്തില്‍ ആരുടെയും പേര് എടുത്ത് പറഞ്ഞില്ലെന്നും നാട്ടിലെ സംഭവം പൊതുവായി പറഞ്ഞതാണെന്നുമാണ് മന്ത്രി ന്യായീകരിച്ചത്.
താന്‍ ആരുടെയും പേര് പറഞ്ഞില്ലെന്നും പെണ്‍കുട്ടികള്‍ ശക്തരായി നില്‍ക്കണം എന്നാണ് താന്‍ പറഞ്ഞതെന്നും രക്ഷിതാവ് എന്ന നിലയിലായിരുന്നു അഭിപ്രായ പ്രകടനമെന്നും മന്ത്രി പറഞ്ഞു. തന്റെ നാട്ടിലും ഇങ്ങനെ ഉണ്ട്. അതാണ് പറഞ്ഞത്. സത്യസന്ധമായി ആണ് താന്‍ കാര്യങ്ങള്‍ പറഞ്ഞത്. ചതിക്കുഴികള്‍ എല്ലായിടത്തും ഉണ്ട്. അതാണ് പറഞ്ഞത് എന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.അച്ഛനെ പിന്തുണച്ചുള്ള മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിനെതിരെ അനുപമയും അജിത്തും ഇതിന് മുമ്പും പൊലീസില്‍ പരാതി നല്‍കിയിരുന്നു.