തിരുവനന്തപുരം: മുന്നണി മാറ്റത്തെ തുടര്‍ന്ന് രാജിവെച്ച രാജ്യസഭ സീറ്റില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി തന്നെ മത്സരിക്കും. ഇന്ന് ചേര്‍ന്ന ഇടതു മുന്നണി യോഗത്തിന്റേതാണ് തീരുമാനം. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്റെത് തന്നെയാണെന്ന് വ്യക്തമാക്കിയ ജോസ് കെ മാണി എല്‍.ഡി.എഫുമായി ചര്‍ച്ച ചെയ്ത് ഉചിതമായ സമയത്ത് പ്രഖ്യാപനം നടത്തുമെന്നും അറിയിച്ചിരുന്നു.
ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനയും ജോസ് കെ മാണി നല്‍കിയിരുന്നു. ”ആര് മത്സരിക്കണം എന്നതില്‍ പാര്‍ട്ടി തീരുമാനം എടുക്കും…” എന്നായിരുന്നു പ്രതികരണം. നേരത്തെ ഒഴിവുന്ന സീറ്റിലേക്ക് സ്റ്റീഫന്‍ ജോര്‍ജ് മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.നവംബര്‍ 29 നാണ് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ്. നവംബര്‍ 16 നാണ് പത്രിക സമര്‍പ്പണം.
ഈ വര്‍ഷം ജനുവരി ഒന്‍പതിനാണ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചത്. യുഡിഎഫിന്റെ ഭാഗമായിരിക്കെ ലഭിച്ച രാജ്യസഭാംഗത്വം മുന്നണി മാറ്റത്തെ തുടര്‍ന്നാണ് ജോസ് കെ മാണി രാജിവച്ചത്. തുടര്‍ന്ന് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാല മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.