തിരുവനന്തപുരം: മുല്ലപെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാമിനോട് ചേര്‍ന്നുള്ള മരങ്ങള്‍ മുറിക്കുന്നത് അറിഞ്ഞില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം പൊളിഞ്ഞു. മരങ്ങള്‍ മുറിക്കുന്നതിന് മുന്നോടിയായി ഇരുസംസ്ഥാനങ്ങളും സംയുക്ത പരിശോധന നടത്തിയതിന്റെ രേഖകള്‍ പരസ്യമായി. മുല്ലപെരിയാര്‍ മേല്‍നോട്ട സമിതിയുടെ 14-ാം യോഗത്തോടനുബന്ധിച്ച് ജൂണ്‍ 11നാണ് ഇരുസംസ്ഥാനങ്ങളിലെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ബേബി ഡാമില്‍ പരിശോധന നടത്തിയത്.
വിവരങ്ങള്‍ പുറത്തുവന്നതോടെ മന്ത്രി എകെ ശശീന്ദ്രന്‍ മലക്കം മറിഞ്ഞു. പരിശോധന നടന്നിട്ടില്ല എന്നായിരുന്നു മന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. ആ പ്രസ്താവന തിരുത്താന്‍ സ്പീക്കര്‍ക്ക് കുറിപ്പ് നല്‍കിയിരിക്കുകയാണിപ്പോള്‍. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സംഭവം വിവാദമായതോടെ തടിയൂരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വിഷയത്തില്‍ നിയമോപദേശം തേടാന്‍ തീരുമാനിച്ചു.
ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം ചേര്‍ന്ന യോഗത്തിലാണ് മരംമുറിക്കാന്‍ തീരുമാനമെടുത്തത്. മുറിക്കേണ്ട മരങ്ങള്‍ ഏതെല്ലാമെന്ന് അറിയിക്കാനും മേല്‍നോട്ട സമിതി ആവശ്യപ്പെട്ടു. കേരളത്തിലെ വനംവകുപ്പിന്റെ അനുമതി ലഭിക്കാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാനും നിര്‍ദേശിച്ചു. ഇക്കാര്യം കേന്ദ്ര ജലകമ്മിഷന്‍ ചീഫ് എന്‍ജിനീയര്‍ ഗുല്‍ഷന്‍ രാജ് സെപ്റ്റംബര്‍ മൂന്നിന് സംസ്ഥാന അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിനെ അറിയിച്ചിരുന്നു.
തമിഴ്‌നാട് ജലവിഭവവകുപ്പിലെ കമ്പം എക്‌സികൂട്ടിവ് എന്‍ജിനീയര്‍ നല്‍കിയ കത്ത് പ്രകാരം ഈ മാസം ഒന്നിന് ടികെ ജോസിന്റെ ചേംബറില്‍ ചേര്‍ന്ന യോഗമാണ് ബേബി ഡാമിനോട് ചേര്‍ന്ന 15 മരങ്ങള്‍ മുറിക്കാന്‍ തീരുമാനിച്ചത്. മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാട് ആവശ്യപ്പെട്ട കാര്യം പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഒക്ടോബര്‍ 30ന് അറിയിച്ചതിനു പിന്നാലെയായിരുന്നു ഈ യോഗം.
23 മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുമതിവേണമെന്നായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം. ഉപാധികളോടെയാണ് മരംമുറിക്കാന്‍ കേരളം അനുമതി നല്‍കിയത്. ബേബി ഡാം ബലപ്പെടുത്താനായി 15 മരങ്ങള്‍ മാത്രമെ മുറിക്കാവൂ, മുറിച്ച ശേഷം മരങ്ങള്‍ പെരിയാര്‍ വന്യജീവിസങ്കേതത്തില്‍ നിന്ന് പുറത്ത് കൊണ്ടുപോകരുത് എന്നീ ഉപാധികളാണ് കേരളം വച്ചത്.
ഏതൊക്കെ മരങ്ങളാണ് മുറിച്ചുമാറ്റേണ്ടതെന്ന് വ്യക്തമായി പറയുന്ന ഉത്തരവില്‍ ബേബി ഡാമിന് താഴെയുള്ള 40 സെന്റ് ഭൂമി തമിഴ്‌നാട് പാട്ടത്തിന് എടുത്തതാണെന്ന് പറയുന്നുണ്ട്. ഉത്തരവ് പുറത്തിറങ്ങിയ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കത്തയച്ചിരുന്നു.
അതേസമയം, മരംമുറി വിവാദത്തില്‍ പ്രതിരോധത്തിലായതോടെ സംസ്ഥാന സര്‍ക്കാര്‍ തലയൂരാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി. എജിയുടെ അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അടുത്ത നടപടിയുണ്ടാവൂ.