തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിനോട് ചേര്‍ന്നുള്ള മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ബേബി ഡാം ബലപ്പെടുന്നതിന് വേണ്ടി 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് നല്‍കിയ അനുമതിയാണ് റദ്ദാക്കിയത്. നിര്‍ണായക വിഷയങ്ങളില്‍ സര്‍ക്കാരുമായി ആലോചിക്കാതെയാണ് ഉദ്യോഗസ്ഥര്‍ തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്ന് വ്യക്തമാക്കിയാണ് ഉത്തരവ് റദ്ദാക്കിയത്. മരംമുറിക്കുന്നത് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും മന്ത്രിസഭ വിലയിരുത്തി.
സുപ്രിംകോടതിയുടെ പരിഗണനയിലുള്ള മുല്ലപ്പെരിയാര്‍ കേസില്‍ മരംമുറി ഉത്തരവ് തമിഴ്‌നാട് ആയുധമാക്കുമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. ഒരു ഭാഗത്ത് പുതിയ ഡാം വേണമെന്ന് കേരളം ആവശ്യപ്പെടുന്നു. മറുഭാഗത്ത് നിലവിലെ ഡാം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ നടത്തുന്നു. ഇത് തിരിച്ചടിയാകുന്ന നീക്കമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
അതേസമയം, മരങ്ങള്‍ മുറിക്കുന്നതില്‍ മന്ത്രിമാരും രണ്ടുതട്ടിലാണ്. മരംമുറിക്കുന്നത് തീരുമാനിക്കുന്നതിനായി ചേര്‍ന്ന സംയുക്തയോഗം സംബന്ധിച്ച് ജലവിഭവമന്ത്രി റോഷി അഗസ്റ്റിനെ തിരുത്തി വനംമന്ത്രി എ.കെ ശശീന്ദ്രന്‍ രംഗത്തുവന്നു. മരംമുറി അറിഞ്ഞില്ലെന്നുള്ള സര്‍ക്കാരിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നതോടെയാണ് മന്ത്രി തിരുത്തിയത്.
മരംമുറിക്കാന്‍ അനുമതി നല്‍കിയുള്ള വനംവകുപ്പിന്റെ ഉത്തരവില്‍ യോഗത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഉത്തരവിന്റെ പകര്‍പ്പുകള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. യോഗത്തിന്റെ തീയതിയും തീരുമാനവും അടക്കം ഉത്തരവിലുണ്ട്. അഡീഷനല്‍ ചീഫ് സെക്രട്ടറി ടികെ ജോസിന് ചീഫ് വൈല്‍ഡ് ലൈഫ് ഓഫിസര്‍ ബെന്നിച്ചന്‍ തോമസ് നല്‍കിയ കത്തിലാണ് യോഗത്തെ കുറിച്ച് പരാമര്‍ശമുള്ളത്.
നവംബര്‍ അഞ്ചിനാണ് മരംമുറിക്കാന്‍ അനുമതി നല്‍കി ബെന്നിച്ചന്‍ തോമസ് ഉത്തരവിറക്കിയത്. ഇതിന് മുന്നോടിയായി നവംബര്‍ ഒന്നിന് ടി.കെ ജോസിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഉത്തരവ്. യോഗം ചേര്‍ന്നില്ലെന്നായിരുന്നു റോഷി അഗസ്റ്റിന്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്. അനൗദ്യോഗികമായി പോലും അങ്ങനെയൊരു യോഗം നടന്നിട്ടില്ല. യോഗം ചേര്‍ന്നിട്ടില്ലെന്നാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് തന്നോട് പറഞ്ഞത്. സംയുക്ത പരിശോധനയ്ക്ക് ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പോയിട്ടേയില്ല.
വനംവകുപ്പ് ഉദ്യോഗസ്ഥരും തമിഴ്‌നാട് ഉദ്യോഗസ്ഥരുമാണ് പരിശോധനയ്ക്ക് പോയതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു. യോഗം ചേര്‍ന്നിട്ടില്ലെന്ന് ടികെ ജോസും പ്രതികരിച്ചു. നവംബര്‍ ഒന്നിനാണ് വിഷയവുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നത്. ഫയലുകളെല്ലാം നോക്കുന്നത് ജലവിഭവ വകുപ്പായതിനാലാണ് സംയുക്ത പരിശോധനയെക്കുറിച്ച് അറിയാതിരുന്നതെന്നാണ് എ.കെ ശശീന്ദ്രന്റെ പ്രതികരണം.