ന്യൂഡല്‍ഹി: കൊറോണ വൈറസ് കേസുകള്‍ ഗണ്യമായി കുറഞ്ഞ് വരുന്നത സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇതിനായി നിരവധി എയര്‍ലൈനുകളുമായും മറ്റ് രാജ്യങ്ങളുമായും കേന്ദ്ര ചര്‍ച്ചകള്‍ നടത്തിവരികയാണത്രേ.
അന്താരാഷ്ട്ര യാത്രക്കാരുടെ വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. അതിനാല്‍ തന്നെ എയര്‍ ബബിള്‍ കരാറുകള്‍ക്ക് കീഴില്‍ ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആവശ്യാനുസരണം വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചിരിക്കുകയാണ്.
അതേസമയം തന്നെ അന്താരാഷ്ട്ര വിമാനങ്ങളുടെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഉടന്‍ നീക്കിയേക്കില്ല. അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങളുടെ പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിന് ഇനിയും താമസം ഉണ്ടായേക്കും. യാത്രക്കാരുടെ എണ്ണം കോവിഡിന് മുന്‍പുള്ള സാഹചര്യത്തിലേക്ക് എത്തുമ്പോള്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുബായ്, സിംഗപ്പൂര്‍, ഫ്രാന്‍സ്, യുകെ, യു.എസ്, ബംഗ്ലാദേശ്, ശ്രീലങ്ക, ഖത്തര്‍, സൗദി അറേബ്യ, ജര്‍മ്മനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. എല്ലാ രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്രം ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും, എയര്‍ ബബിള്‍ കരാറുകള്‍ക്ക് കീഴില്‍ വിമാനങ്ങള്‍ ആവശ്യമുള്ളിടത്ത് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ദുബായ്, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കുന്നത് മലയാളികള്‍ ഉള്‍പ്പടേയുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കിയേക്കും. നിലവില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടും വലിയ നിരക്കാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസിന് എത്തുന്നതോടെ ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷ.
എന്നാല്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ വാണിജ്യ വിമാന സര്‍വ്വീസികുള്‍ പുനഃരാരംഭിക്കുന്നത് സുരക്ഷിതമാണോ എന്ന് നിര്‍ണ്ണയിക്കാന്‍ നവംബര്‍ 15 ന് ശേഷം അന്താരാഷ്ട്ര യാത്രക്കാരുടെയും അനുബന്ധ കോവിഡ് കേസുകളുടെയും ഡാറ്റ ശേഖരിക്കാനും കേന്ദ്രം പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക.
ഒക്ടോബര്‍ 15നകം ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകളിലും നവംബര്‍ 15 മുതല്‍ സാധാരണ വിമാനങ്ങളിലും യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് കേന്ദ്രം കഴിഞ്ഞ മാസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂടുതല്‍ വിമാനങ്ങള്‍ ആരംഭിക്കാനുള്ള പ്രഖ്യാപനവും ഉണ്ടാവുന്നത്. കൂടാതെ, ഇന്ത്യയിലേക്കുള്ള ഇവിസ 156 രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്.
കോവിഡ് പാന്‍ഡെമിക് കാരണം ഇന്ത്യയില്‍ നിന്നുള്ള ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു, പിന്നീട് വിവിധ ഘട്ടങ്ങളിലായി നീട്ടിയ നിയന്ത്രണം ഏറ്റവും അവസാനം നവംബര്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്. അതേസമയം തന്നെ ഇതുവരെ, യുഎസ്, യുകെ, ജര്‍മ്മനി, ജപ്പാന്‍ എന്നിവയുള്‍പ്പെടെ 25 ലധികം രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.