ന്യൂഡല്‍ഹി: ഇന്ത്യ കണ്ട ഏറ്റവും ശക്തയായ രാഷ്ട്രീയനേതാവും, ഭരണാധികാരിയുമായ ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ നൂറ്റി നാലാമത് ജന്മവാര്‍ഷികം നമ്മളിന്നാഘോഷിക്കുകയാണ്. മുന്‍ നാട്ടു രാജാക്കന്മാരുടെ അധികാര ഗര്‍വ്വിനും, അഹങ്കാരത്തിനും മുകളില്‍ ജനാഭിലാഷമെന്ന, ജനാധിപത്യത്തിന്റെ പരവതാനി വിരിച്ച പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി.
രാജ്യത്ത് നിന്നും പട്ടിണിയും, ക്ഷാമവും തുടച്ചു നീക്കുന്നതിനും, സ്വത്തിന്റെയും ,വിഭവങ്ങളുടെയും അസന്തുലിതമായ വിതരണം ഇല്ലാതാക്കുന്നതിനും വേണ്ടി തീവ്ര പരിശ്രമങ്ങളാണ് ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തുണ്ടായത്. 1971ലെ പാകിസ്താനെതിരെയുള്ള യുദ്ധത്തില്‍ ഇന്ത്യ നേടിയ വിജയം, ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ രൂപീകരണത്തില്‍ ഇന്ത്യ വഹിച്ച പങ്ക് എന്നിവയെല്ലാം ഇന്ദിരാഗാന്ധി എന്ന ഭരണാധികാരിയുടെ നേതൃ മികവിന്റെയും,രാജ്യ സ്‌നേഹത്തിന്റെയും ഉത്തമോദാഹരണങ്ങളായി നിലകൊള്ളുന്നുണ്ട്. ബാങ്ക് ദേശസാല്‍ക്കരണവും, മുന്‍ നാട്ടു രാജാക്കന്മാര്‍ക്കുള്ള പ്രിവിപഴ്‌സ് നിര്‍ത്തലാക്കലും രാജ്യം കണ്ട വിപ്ലവകരമായ തീരുമാനങ്ങളായിരുന്നു.
സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന ‘ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിനെ’ തുടര്‍ന്ന് പ്രധാനമന്ത്രിക്ക് ഖാലിസ്ഥാന്‍ തീവ്രവാദികളില്‍ നിന്നും ജീവനു ഭീഷണി ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ അംഗരക്ഷകരില്‍ നിന്നും സിഖ് സമുദായത്തിലുള്‍പ്പെട്ടവരെ മാറ്റിനിര്‍ത്തണം എന്ന നിര്‍ദ്ദേശം ഇന്ദിരാഗാന്ധിക്ക് ലഭിച്ചിരുന്നതാണ്. എന്നാലിതവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. കാരണം, മതത്തിന്റെയും, ജാതിയുടെയും, ഭാഷയുടെയും പേരില്‍ ആളുകളെ വേര്‍തിരിച്ചു നിര്‍ത്തുന്നതിനെതിരെയുള്ള പോരാട്ടമായിരുന്നു അവര്‍ ജീവിതകാലം മുഴുവനും നടത്തിയിരുന്നത്.
കൊല്ലപ്പെടുന്നതിന് തൊട്ട് തലേന്ന് ഒഡിഷയിലെ ഭുവനേശ്വറില്‍ പൊതുയോഗത്തില്‍ സംസാരിക്കുമ്പോള്‍ അവര്‍ പറഞ്ഞത് ‘ഒരു പക്ഷേ എനിക്കെന്റെ ജീവന്‍ നഷ്ടമായേക്കാം, പക്ഷേ ഞാന്‍ ചിന്തുന്ന ഓരോ തുള്ളി ചോരയും ഈ രാഷ്ട്രത്തിന്റെ ഐക്യവും, അഖണ്ഡതയും ഊട്ടിയുറപ്പിക്കാന്‍ ഉപകാരപ്പെടു’മെന്നാണ്.
രാഷ്ട്രത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഇന്ദിരാ ഗാന്ധി വിഭാവനം ചെയ്ത വികസനോന്മുഖമായ, സാഹോദര്യത്തിലും, സമത്വത്തിലും, ബഹുസ്വരതയിലും അധിഷ്ഠിതമായ ഒരു ഇന്ത്യയുടെ പുനര്‍നിര്‍മാണത്തിനും, വീണ്ടെടുപ്പിനുമുള്ള ബാധ്യത മറ്റാരേക്കാളും കൂടുതല്‍ ഓരോ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമുണ്ടെന്ന് ഈ ദിവസം സ്വയം ഓര്‍മ്മിക്കുകയാണ്, പ്രിയമുള്ള ഓരോ ഇന്ത്യക്കാരനേയും ഓര്‍മ്മിപ്പിക്കുകയാണ്.