പാരിസ്: ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുടെ പ്രശസ്തമായ ബലോന്‍ ദ് ഓര്‍ പുരസ്‌കാരം അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക്. നിലവില്‍ ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജര്‍മന്റെ (പിഎസ്ജി) താരമായ മെസ്സിയുടെ 2020- 21 വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണു പുരസ്‌കാരം.
ഇക്കാലയളവില്‍ അര്‍ജന്റീനയ്‌ക്കൊപ്പം കോപ്പ അമേരിക്ക കിരീടവും സ്പാനിഷ് ക്ലബ് ബാര്‍സിലോനയ്‌ക്കൊപ്പം കോപ്പ ഡെല്‍ റേ (കിങ്‌സ് കപ്പ്) കിരീടവും സ്വന്തമാക്കി.
38 ഗോളുകള്‍ നേടുകയും 14 എണ്ണത്തിനു വഴിയൊരുക്കുകയും ചെയ്തു. ഇന്നു പുലര്‍ച്ചെയായിരുന്നു പുരസ്‌കാര പ്രഖ്യാപനം. മുപ്പത്തിനാലുകാരന്‍ മെസ്സിയുടെ ഏഴാം ബലോന്‍ ദ് ഓര്‍ നേട്ടമാണിത്. 5 തവണ നേടിയിട്ടുള്ള പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഇക്കാര്യത്തില്‍ മെസ്സിക്കു പിന്നിലുള്ളത്.
ജര്‍മന്‍ ക്ലബ് ബയണ്‍ മ്യൂണിക്കിന്റെ താരമായ പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ഇംഗ്ലിഷ് ക്ലബ് ചെല്‍സിയുടെ ഇറ്റാലിയന്‍ താരം ജോര്‍ജിഞ്ഞോ എന്നിവരെ പിന്നിലാക്കിയാണു മെസ്സി പുരസ്‌കാരം നേടിയത്. നേരത്തേ 2009, 2010, 2011, 2012, 2015, 2019 വര്‍ഷങ്ങളിലും മെസ്സി ബലോന്‍ ദ് ഓര്‍ നേടിയിട്ടുണ്ട്.