ന്യൂഡല്‍ഹി: കന്നിയങ്കത്തില്‍ വയനാട്ടില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് 52-ാം വയസില്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ച പ്രിയങ്കാ ഗാന്ധി നാളെ (നവംബര്‍-28) എം.പിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍, യു.ആര്‍ പ്രദീപ് എന്നിവര്‍ ഡിസംബര്‍ 4ന് എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കര നാരായണന്‍ തമ്പി ലോഞ്ചില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് ഇവരുടെ സത്യപ്രതിജ്ഞ. സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഇരുവര്‍ക്കും സത്യ വാചകം ചൊല്ലിക്കൊടുക്കും.
സത്യപ്രതിജ്ഞയ്ക്ക് ശേഷം നവംബര്‍ 29-ന് തന്നെ പ്രിയങ്ക വയനാട്ടില്‍ എത്തും. ഞായറാഴ്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് കൊണ്ട് കൂറ്റന്‍ റോഡ്‌ഷോയും വയനാട്ടില്‍ സംഘടിപ്പിക്കും. ഇന്ന് കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ നേരിട്ട് പ്രിയങ്കയുടെ വിജയ സര്‍ട്ടിഫിക്കറ്റ് കൈമാറി. സഹോദരനും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി പ്രിയങ്കയ്ക്ക് മധുരം നല്‍കി.
രാഹുല്‍ഗാന്ധിയുടെ ഭൂരിപക്ഷം മറികടന്ന് മികച്ച വിജയമാണ് പ്രിയങ്ക നേടിയത്. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 3,64,422 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു രാഹുലിന് ലഭിച്ചത്. ഈ റെക്കോര്‍ഡ് മറികടന്ന പ്രിയങ്ക സി.പി.എമ്മിലെ സത്യന്‍ മൊകേരിയെ 4,04,619 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
തുടര്‍ച്ചയായി ആറുതവണയും ഇടതു മുന്നണി സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച ചേലക്കരയില്‍ സി.പി.എമ്മിന്റെ യു.ആര്‍ പ്രദീപ് 12,201 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ രമ്യാ ഹരിദാസിനെ പരാജയപ്പെടുത്തി ഇടതിന്റെ തുടിപ്പ് പ്രകടമാക്കിയത്. മന്ത്രിയായിരുന്ന കെ രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്ന് വിജയിച്ച് ലോക്സഭയിലെത്തിയ ഒഴിവിലാണ് ചേലക്കരയില്‍ യു.ആര്‍ പ്രദീപ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചത്. ഇത് രണ്ടാം തവണയാണ് പ്രദീപ് നിയമസഭാംഗമാകുന്നത്. 2016-ല്‍ ചേലക്കരയില്‍ നിന്ന് കന്നിയങ്കത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രദീപ് വിജയിച്ചിരുന്നു.
പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ 18,840 വോട്ടുകള്‍ക്കാണ് സി.പി.എം സ്വതന്ത്ര വേഷം കെട്ടിയാടിയ ഡോ. പി സരിനെ മലര്‍ത്തിയടിച്ചത്. ഷാഫി പറമ്പില്‍ വടകര ലോക്സഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ലോക്സഭയിലെത്തിയ ഒഴിവിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചത്. രാഹുലിന്റെ കന്നിയങ്കമായിരുന്നു ഇത്.
ഇതിന് മുമ്പ് രമ്ടുപേര്‍ പതിനഞ്ചാം നിയമ സഭയില്‍ ഉപതിരഞ്ഞെടുപ്പിലൂടെ എം.എല്‍.എമാരായിട്ടുണ്ട്. തൃക്കാക്കര എം.എല്‍.എ ആയിരുന്ന പി.ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് 2022-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് ഇപ്പോഴത്തെ പതിനഞ്ചാം നിയമസഭയില്‍ അംഗമായി.
2023-ല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ഇതേ നിയമസഭയില്‍ അംഗമായി. ഇതിന് പിന്നാലെയാണ് രണ്ട് നിയമസഭാംഗങ്ങള്‍ ലോക്സഭയിലേക്ക് പോയ ഒഴിവില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതോടെ പതിനഞ്ചാം നിയമസഭയില്‍ ഉപതെരഞ്ഞെടുപ്പിലൂടെ എം.എല്‍.എ ആയവരുടെ എണ്ണം നാലായി.