ചിക്കാഗോ: ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെയും, ഡോളിയുടെയും പുത്രന്‍ ജെഫിന്‍ കിഴക്കേക്കുറ്റിന്റെ (22) വേര്‍പാടില്‍ പ്രസ് ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റിയും അഡ്വൈസറി ബോർഡും മറ്റു ഭാരവാഹികളും അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ജെഫിന്റെ മാതാവ് ഡോളി നീണ്ടൂർ ആക്കകൊട്ടാരത്തിൽ കുടുംബാംഗമാണ്. ജെറിൻ, ജെസ്റ്റിൻ, ജോ (ജോസഫ്) എന്നിവർ സഹോദരങ്ങളാണ്,
ചിക്കാഗോയിൽ വച്ച് നടത്തപ്പെട്ട ഇന്ത്യാ പ്രസ്ക്ലബ്ബിന്റെ അന്താരാഷ്‌ട്ര മീഡിയാ കോൺഫ്രൻസിൽ പിതാവ് ബിജു കിഴക്കേക്കുറ്റിനൊപ്പം നിറ സാന്നിധ്യമായിരുന്നു ജെഫിൻ. പിതാവിനെപ്പോലെ തന്നെ മാധ്യമ ശ്രദ്ധ അവഗണിച്ചു പിന്നിലായിരുന്നു പ്രവർത്തനം എപ്പോഴും.
ഓഡിയോ വിഷ്വൽ മേഖലയിൽ പഠനം പൂർത്തിയാക്കിയ ജെഫിന് സൗണ്ട് റെക്കോർഡിങ് സ്റ്റുഡിയോ തുടങ്ങാൻ ഉള്ള ആഗ്രഹം പങ്കു വെച്ചതായി പ്രസ് ക്ലബ് ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ അനുസ്മരിക്കുന്നു. സുഗമമായി കോൺഫറൻസ് നടത്താൻ പുറകിൽ നിന്ന് ഒത്തിരി സഹായിച്ച ഒരാളാണ് ജെഫിൻ. ആ യുവാവ് ഇന്നില്ലെന്നത് ഉൾക്കൊള്ളാനാവുന്നില്ല. ഈ മഹാദുഃഖം താങ്ങാൻ കുടുംബത്തിന് ജഗദീശ്വരൻ ശക്തി നൽകട്ടെ എന്ന പ്രാർത്ഥിക്കാനല്ലാതെ ആർക്ക് എന്ത് ചെയ്യാനാവും?
ഇന്ത്യാപ്രസ് ക്ലബിന്റെ സാരഥിക്കും കുടുംബത്തിനും ഉണ്ടായ ഈ ദുഃഖത്തിൽ പ്രസ് ക്ലബ് അംഗങ്ങൾക്കുള്ള ദുഃഖം പറഞ്ഞറിയിക്കാനാവാത്തതാണെന്ന് പ്രസ് ക്ലബ് ട്രഷറർ ജീമോൻ ജോർജ് പറഞ്ഞു. ഈ വേദനയിൽ കുടുംബത്തോടൊപ്പം ഞങ്ങളും ചേരുന്നു. ദുഃഖം പലർ പങ്കിടുമ്പോൾ അത് താങ്ങാനാവുന്നു എന്ന ചൊല്ല് ഇവിടെ അന്വർത്ഥമാകട്ടെ
പ്രസ് ക്ലബ് പ്രസിഡന്റ് എലെക്ട് സുനിൽ തൈമറ്റം, ജോയിന്റ് സെക്രട്ടറി ബിജിലി ജോർജ്, ജോയിന്റ് ട്രെഷറർ ഷിജോ പൗലോസ്, ഓഡിറ്റേഴ്‌സ് ആയ സജി എബ്രഹാം, ബിനു ചിലമ്പത്ത് എന്നിവരും അനുശോചനം രേഖപ്പെടുത്തി. അഡ്വൈസറി ബോർഡ് ചെയർമാൻ മധു കൊട്ടാരക്കര ജെഫിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം അറിയിച്ചു.