തിരുവനന്തപുരം: പെരിയ കേസിലെ സി.ബി.ഐ. അന്വേഷണം തടയാന്‍ പിണറായി സര്‍ക്കാര്‍ ചെലവിട്ടത് ഏതാണ്ട് ഒരു കോടിയോളം രൂപയെന്ന് രിപ്പോര്‍ട്ട്. ഇരട്ടക്കൊലക്കേസിലെ സി.ബി.ഐ. അന്വേഷണം സി.പി.എം. നേതാക്കളിലേക്ക് നീങ്ങുമ്പോള്‍ പൊതുഖജനാവില്‍നിന്നും 90.92 ലക്ഷം രൂപ. ചെലവിട്ടത് വിമര്‍ശനത്തിനിടയാക്കുന്നു.
അന്വേഷണം സി.ബി.ഐ.ക്ക് കൈമാറുന്നത് തടയാന്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ അണിനിരത്തിയാണ് സര്‍ക്കാര്‍ പ്രതിരോധംതീര്‍ത്തത്. മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍സിങ്ങിനും കൂടെവന്ന മൂന്ന് അഭിഭാഷകര്‍ക്കും പ്രതിഫലമായി 88 ലക്ഷം രൂപ നല്‍കി.
കേസിന്റെ അന്തിമഘട്ട വിചാരണയ്ക്കിടെ നാലുദിവസങ്ങളില്‍ അഭിഭാഷകരുടെ വിമാനയാത്ര, താമസം എന്നിവയ്ക്കായി 2.92 ലക്ഷം ചെലവിട്ടു. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ ഡിവിഷന്‍ ബെഞ്ചിലും സുപ്രീംകോടതിയിലും സംസ്ഥാനസര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതെല്ലാം തള്ളിക്കൊണ്ടാണ് സി.ബി.ഐ.ക്ക് അന്വേഷണം കൈമാറിയത്.
ഈ കേസിനുവേണ്ടി ഖജനാവില്‍നിന്ന് ചെലവഴിച്ച 88 ലക്ഷം രൂപ സി.പി.എം. തിരിച്ചടയ്ക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.