വാഷിങ്ടണ്‍: കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ യു.എസില്‍ യാത്രനിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശം. അടുത്താഴ്ചയോടെ വിദേശരാജ്യങ്ങളില്‍നിന്നെത്തുന്ന അമേരിക്കന്‍ പൗരന്മാരടക്കം യാത്രക്ക് ഒരു ദിവസം മുമ്പെടുത്ത കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും കൂടെ കരുതണം.
കോവിഡ് ഭേദമായവരാണെങ്കില്‍ ആ സര്‍ട്ടിഫിക്കറ്റും വേണം. വിമാനം, ട്രെയിന്‍, ബസ് സര്‍വിസുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. യു.എസില്‍ 10 പേര്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇവരെല്ലാം ചെറിയ ലക്ഷണങ്ങള്‍മാത്രമേ പ്രകടിപ്പിക്കുന്നുള്ളു. നിലവില്‍ 30 രാജ്യങ്ങളില്‍ ഒമിക്രോണ്‍ കണ്ടെത്തിയിട്ടുണ്ട്.
വൈറസ് വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മുതിര്‍ന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കാനും ബൈഡന്‍ ഭരണകൂടം തയാറെടുക്കുന്നുണ്ട്. നിലവില്‍ നാലുകോടിയാളുകള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിക്കഴിഞ്ഞു. കോവിഡിന്റെ അതീവ വ്യാപന ശേഷിയുള്ള വകഭേദമായ ഒമിക്രോണ്‍ നേരിടാന്‍ എല്ലാ രാജ്യങ്ങളും സജ്ജമായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി.
ഡെല്‍റ്റ, ബീറ്റ വേരിയന്റുകളെ അപേക്ഷിച്ച് ഒമിക്രോണിന് മൂന്നിരട്ടി വ്യാപനശേഷിയെന്ന് പഠനം. ദക്ഷിഫ്രിക്കന്‍ ശാസ്ത്രജ്ഞരാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. രാജ്യത്ത് ലഭ്യമായ സാമ്പിളുകള്‍ ഉപയോഗിച്ചായിരുന്നു പഠനം.
പഠനം മെഡിക്കല്‍ പ്രീപ്രിന്റില്‍ അപ് ലോഡ് ചെയ്തിട്ടുണ്ടെങ്കിലും വിദഗ്ധരുടെ മേല്‍നോട്ടത്തിന് ഇതുവരെ വിധേയമായിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍ നവംബര്‍ 27 വരെ 28 ലക്ഷം കോവിഡ് ബാധിതരില്‍ 35670 പേര്‍ക്ക് വീണ്ടും അണുബാധയുണ്ടായതായി സംശയമുണ്ട്.
മൂന്നു തരംഗങ്ങളിലും ആദ്യം അണുബാധ റിപ്പോര്‍ട്ട് ചെയ്ത വ്യക്തികളില്‍ സമീപകാലത്ത് വീണ്ടും വൈറസ് ബാധയുണ്ടായിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ എപിഡെമോളജിക്കല്‍ മോഡലിങ് ആന്‍ഡ് അനാലിസിസ് ഡയറക്ടര്‍ ജൂലിയറ്റ് പിള്ള്യം ട്വീറ്റ് ചെയ്തു.