മുംബൈ: ലോകത്തെ ഭീതിയിലാക്കി കൊവിഡിന്റെ പുതിയ വകഭേദം ഒമൈക്രോണ്‍ ഇന്ത്യയില്‍ ബാധിച്ചവരുടെ എണ്ണം നാലായി. സൗത്താഫ്രിക്കയില്‍ നിന്നും മുംബൈയിലെത്തിയ ആള്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ദുബായ് വഴി ദില്ലിയിലേക്കാണ് ഇയാള്‍ എത്തിയത്.
നവംബര്‍ 24 ന് ആണ് ഇയാള്‍ മുംബൈയില്‍ വിമാനമിറങ്ങിയത്. ഇയാള്‍ക്ക് ആ സമയത്ത് നേരിയ പനി ഉണ്ടായിരുന്നു. മറ്റ് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നേരിയ രോഗലക്ഷണങ്ങളുള്ള ഈ രോഗി കല്യാണ്‍-ഡോംബിവാലിയിലെ കോവിഡ് കെയര്‍ സെന്ററില്‍ ചികിത്സയിലാണ്.
യാത്രക്കാരന്റെ ഉയര്‍ന്ന അപകടസാധ്യതയുള്ള കോണ്‍ടാക്റ്റുകളില്‍ 12 പേരെയും കുറഞ്ഞ അപകടസാധ്യതയുള്ള കോണ്‍ടാക്റ്റുകളില്‍ 23 പേരെയും കണ്ടെത്തി, എല്ലാവരുടെയും കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്.