ബെയ്ജിംഗ്: നിര്‍മ്മിതബുദ്ധിയുടെ അനന്തസാധ്യതയുടെ പുതിയ രീതികള്‍ പ്രയോഗിച്ച് ചൈന വീണ്ടും ഞെട്ടിക്കുന്നു. ഷാന്‍ഹായിലെ വെര്‍ട്ട് സിറ്റി ഫാമാണ് ആടുകളില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം ഏര്‍പ്പെടുത്തി ഞെട്ടിക്കുന്നത്. ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഒരേ വംശാവലിയില്‍ പെട്ട ആടുകള്‍ തമ്മില്‍ ഇണചേരുന്നത് തടയാനും ആടുകളിലെ അസുഖങ്ങള്‍ തുടക്കത്തിലേ തിരിച്ചറിയാനുമെല്ലാം ഫാം അധികൃതര്‍ക്ക് എളുപ്പത്തില്‍ ഇതുവഴി സാധിക്കുന്നു.
ഒരേ വംശാവലിയില്‍ പെട്ട ആടുകള്‍ ഇണചേരാന്‍ ശ്രമിക്കുകയാണെങ്കില്‍ ആ വിവരം ഫാമിലെ ജോലിക്കാരുടെ സ്മാര്‍ട് ഫോണിലേക്ക് മുന്നറിയിപ്പ് സന്ദേശമായെത്തും. ഇതിനൊപ്പം ആടുകളുടെ സ്വഭാവവും ശാരീരിക പ്രത്യേകതകളും വ്യായാമത്തിന്റെ രീതികളും അസുഖത്തിന്റെ സൂചനകളുമെല്ലാം ഈ നിര്‍മിത ബുദ്ധി സംവിധാനം വഴി ഫാം അധികൃതര്‍ക്ക് ലഭിക്കും. ഏതെങ്കിലും ആടിന്റെ ശാരീരിക ഊഷ്മാവ് 104 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണെങ്കിലും ഇന്‍ഫ്രാറെഡ് ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനം വഴി അറിയാനാകും.
ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ഇത്തരം സാങ്കേതികവിദ്യകളുടെ സഹായത്തില്‍ 10,000 ആടുകളുള്ള ഫാം നോക്കി നടത്താന്‍ കേവലം ഏഴ് പേര്‍ മാത്രം മതി. ഫാമിലെ മറ്റു ജോലികള്‍ ചെയ്യുമ്പോള്‍ തന്നെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം ജീവനക്കാര്‍ക്ക് വേണ്ട മുന്നറിയിപ്പുകള്‍ നല്‍കികൊണ്ടേയിരിക്കും. ഓരോ ആടുകളേയും പ്രത്യേകം പരിശോധിക്കേണ്ട ജോലി കുറഞ്ഞു കിട്ടുകയും ചെയ്യും. ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത വാന്‍ഹെ ടെക്നോളജി ഡവലപ്മെന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഹുവാങ് സെന്‍ വിശദീകരിക്കുന്നു.
നിലവില്‍ 3,000 ആടുകള്‍ക്ക് 11 ജീവനക്കാര്‍ വേണ്ടിയിരുന്നിടത്താണ് സാങ്കേതിവിദ്യയുടെ വരവോടെ കൂടുതല്‍ കാര്യക്ഷമതയോടെ കുറഞ്ഞ ജീവനക്കാരുമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്. ഓരോ ആടുകളുടേയും ലിംഗം, വയസ്, തൂക്കം, ആരോഗ്യസ്ഥിതി, പ്രതിരോധ കുത്തിവെപ്പ്, ഗര്‍ഭ സംബന്ധ വിവരങ്ങള്‍ എന്നിവയും ഈ സാങ്കേതികവിദ്യ വഴി എളുപ്പത്തില്‍ രേഖപ്പെടുത്താനും ഫാം അധികൃതര്‍ക്ക് സാധിക്കുന്നു.
സമാനമായ രീതിയില്‍ പന്നികളുടെ ഫാമിലും ചൈനയില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം ഉപയോഗിക്കുന്നുണ്ട്. പന്നിമാംസത്തിന് ലഭ്യത കുറവ് വരുന്ന സമയം കണക്കാക്കി ഉദ്പാദനം കൂട്ടാന്‍ വരെ ഫാം അധികൃതരെ സഹായിക്കാന്‍ ഈ സാങ്കേതികവിദ്യക്ക് സാധിക്കും.
മനുഷ്യരില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന് ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യയാണ് ചൈനയില്‍ പന്നികളുടേയും ആടുകളുടേയും ഫാമുകളിലും ഉപയോഗിക്കുന്നത്.