ന്യൂഡല്‍ഹി: ഒരു വര്‍ഷം പിന്നിട്ട കര്‍ഷക സമരം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സമരക്കാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കുമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ അറിയിച്ചുവെന്നും രേഖാമൂലം ഉറപ്പ് നല്‍കിയെന്നും വിവരം. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിവരുന്ന കര്‍ഷക നേതാക്കള്‍ സമരം അവസാനിപ്പിക്കുന്നതായി വൈകാതെ പ്രഖ്യാപിച്ചേക്കും. വിളകളുടെ താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് ലഭിക്കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇതുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയത്രേ.
വന്‍ ഭൂരിപക്ഷത്തിലുള്ള ഒരു സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം 15 മാസം നീണ്ട സമരത്തിലൂടെ പിന്‍വലിപ്പിച്ചപ്പോള്‍ തന്നെ സമരം ചരിത്രത്തിന്റെ ഭാഗമായിരുന്നു. ഇനി തങ്ങളുടെ തുടര്‍ ആവശ്യങ്ങള്‍ നടപ്പാക്കാനാണ് കര്‍ഷകര്‍ സമരം തുടരുന്നത്. ഇതുകൂടി അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ഷകര്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് വിശ്വസിച്ച് സമരം അവസാനിപ്പിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഇന്ത്യയിലെ മാത്രമല്ല, പലപ്പോഴും ലോക മാധ്യമങ്ങളുടെ വരെ പ്രധാന തലക്കെട്ടുകളില്‍ നിറഞ്ഞ കര്‍ഷക സമരമാണ് അവസാനിക്കുന്നത്. സമരത്തിനിടെ 700ഓളം കര്‍ഷകരാണ് മരിച്ചത്. വിളകളുടെ താങ്ങുവില തീരുമാനിക്കുന്നതിന് ഒരു സമിതിയെ നിയോഗിക്കാമെന്നാണ് സര്‍ക്കാര്‍ സമരക്കാരെ അറിയിച്ചിട്ടുള്ളത്. എല്ലാ കേസുകളും പിന്‍വലിക്കാമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്രെ.
കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍, കര്‍ഷക കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാകും സമിതി. ഹരിയാനയിലും ഉത്തര്‍ പ്രദേശിലും കര്‍ഷക സമര്‍ക്കാര്‍ക്കെതിരെ ആയിരക്കണക്കിന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എല്ലാം പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മരിച്ച കര്‍ഷക സമരക്കാരുടെ ബന്ധുക്കള്‍ക്ക് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സമാനമായ തുക യുപിയിലെയും ഹരിയാനയിലെയും സര്‍ക്കാരുകള്‍ നല്‍കുമെന്നാണ് കേന്ദ്രം അറിയിയിച്ചിട്ടുള്ളത്.