ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടം നടന്ന രാജ്യം അമേരിക്കയാണെങ്കില്‍ വാഹനാപകടങ്ങളില്‍ കൂടുതല്‍ ആളുകള്‍ മരിച്ചത് ഇന്ത്യയില്‍. 4,80,652 വാഹനാപകടങ്ങളിലായി 1,50,785 പേരാണ് 2020ല്‍ ഇന്ത്യയില്‍ മരിച്ചത്. അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം നടന്നത് 22,11,439 അപകടങ്ങള്‍. മരണം 37,461 മാത്രം.
ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം അപകടങ്ങളില്‍ 4,94,624 പേര്‍ക്കു പരുക്കേറ്റു. ഇന്ത്യയില്‍ ഒരു ലക്ഷം പേരില്‍ 36 പേരാണ് അപകടത്തില്‍പ്പെടുന്നതെങ്കില്‍ 11 പേരും മരണത്തിനു കീഴടങ്ങുന്നതായാണ് കണക്ക്.
അപകടങ്ങളെക്കുറിച്ച്, ലോക്‌സഭയില്‍ എറണാകുളം എംപി ഹൈബി ഈഡന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി നല്‍കിയ മറുപടിയിലാണ് ഈ കണക്കുകള്‍. 2020 വരെയുള്ള ലോക റോഡ് സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരമാണ് ഈ കണ്ടെത്തല്‍.
വാഹനാപകട മരണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ചൈനയില്‍ മരിച്ചവരുടെ എണ്ണം 63,093 മാത്രം. ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണത്തിന്റെ പകുതിയിലും വളരെ താഴെ മാത്രം. 2,12,846 അപകടങ്ങളിലാണ് ചൈനയിലെ ഈ മരണനിരക്ക്. അപകടങ്ങളുടെ എണ്ണത്തില്‍ ജപ്പാനാണ് രണ്ടാം സ്ഥാനത്ത്. 4,99,232 അപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം ജപ്പാനിലുണ്ടായത്. എന്നാല്‍ 4698 മരണം മാത്രം. പട്ടികയില്‍ 21ാം സ്ഥാനത്താണ് മരണത്തിന്റെ റാങ്ക്.
ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മാത്രം 27,877 അപകടങ്ങളുണ്ടായി. കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടിലാണ് ഏറ്റവും അധികം വാഹനാപകങ്ങള്‍ നടന്നത്. 45,484 അപകടങ്ങള്‍. രണ്ടാമത് മധ്യപ്രദേശിലാണ്, 45,266 വാഹനാപകടങ്ങള്‍.
നാലാം സ്ഥാനത്തുള്ള കര്‍ണാടകയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത് 34,178 അപകടം. കേരളത്തില്‍ 2019ല്‍ 41,111 അപകടങ്ങളും 2018ല്‍ 40,181 അപകടങ്ങളും 2017ല്‍ 38,470 അപകടങ്ങളുമുണ്ടായി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് അപകടങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. കോവിഡ് ലോക്ഡൗണ്‍ തന്നെയാണ് കാരണം എന്നതില്‍ തര്‍ക്കമില്ല. 2020ല്‍ 3,66,138 അപകടങ്ങളാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്. ഇത് 2019ല്‍ 4,49,002 ഉം 2018ല്‍ 4,67,044 ഉം 2017ല്‍ 4,64,910 ആണ്.
റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനായി രാജ്യത്ത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതായി ഹൈബി ഈഡനു നല്‍കിയ മറുപടിയില്‍ കേന്ദ്രമന്ത്രി പറയുന്നു. പത്രങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും എന്‍ജിഒകളിലൂടെയുമെല്ലാം ഇതു ചെയ്യുന്നു. എല്ലാ വര്‍ഷവും റോഡ് സുരക്ഷാ മാസങ്ങളും ആഴ്ചകളുമെല്ലാം സംഘടിപ്പിക്കുകയും ജനങ്ങള്‍ക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ച് അവബോധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ടെന്നും പറഞ്ഞു.