ലണ്ടന്‍ : ആയിരക്കണക്കിനു സൈനിക, നയതന്ത്ര രഹസ്യരേഖകള്‍ പുറത്തുവിട്ടതിന് വിചാരണ നേരിടുന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ യുഎസിന് കൈമാറാമെന്ന് ലണ്ടന്‍ ഹൈക്കോടതി ഉത്തരവിട്ടു. അസാന്‍ജിന്റെ മാനസികാരോഗ്യം പരിഗണിച്ച് അദ്ദേഹത്തെ യുഎസിനു കൈമാറരുതെന്ന കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി.
യുഎസ് അധികൃതര്‍ നല്‍കിയ അപ്പീലിലാണിത്. നീതിയുടെ ലംഘനമാണിതെന്നും അപ്പീല്‍ നല്‍കുമെന്നും അസാന്‍ജിന്റെ കാമുകി സ്റ്റെല്ല മോറിസ് അറിയിച്ചു. 175 വര്‍ഷം ജയില്‍ശിക്ഷ ലഭിക്കാവുന്ന 17 ചാരവൃത്തി കുറ്റങ്ങളാണ് യുഎസ് അസാന്‍ജിനെതിരെ ചുമത്തിയിട്ടുള്ളത്.
201011 ലാണ് വിക്കിലീക്‌സ് യുഎസ് രഹസ്യരേഖകള്‍ പ്രസിദ്ധീകരിച്ചത്. 2007 ല്‍ ബഗ്ദാദില്‍ യുഎസ് ആക്രമണത്തില്‍ 2 റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പൊരുളറിയിച്ചായിരുന്നു തുടക്കം.
സ്വീഡനില്‍ ലൈംഗിക ആരോപണം നേരിടുന്ന അസാന്‍ജ് അവര്‍ക്കു കൈമാറുന്നത് ഒഴിവാക്കാന്‍ 2012 ല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയതാണ്. എംബസി വിട്ടു പുറത്തിറങ്ങാത്തതിനാല്‍ ബ്രിട്ടന് ഒന്നും ചെയ്യാനായില്ല. എന്നാല്‍, ഇക്വഡോറുമായി ഇടഞ്ഞതോടെ 2019 ല്‍ അവരുടെ അനുമതിയോടെ ബ്രിട്ടിഷ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
മാനസികനില തകരാറിലായതിനാല്‍ ആത്മഹത്യ ചെയ്‌തേക്കും എന്ന വാദമാണ് കീഴ്‌ക്കോടതി വിധി അസാന്‍ജിന് അനുകൂലമാക്കിയത്. എന്നാല്‍, ഏറ്റവും കൂടുതല്‍ സുരക്ഷയുള്ള കൊളറാഡോ ജയിലില്‍ അസാന്‍ജിനെ സുരക്ഷിതമായി പാര്‍പ്പിക്കുമെന്ന് യുഎസ് അപ്പീലില്‍ ഉറപ്പുനല്‍കി. യുഎസ് ഭരണകൂടത്തിന്റെ അധികാര ദുരുപയോഗ നടപടികള്‍ക്കെതിരെ പോരാടുന്ന അസാന്‍ജിന് ലോകമെങ്ങും ആരാധകരുണ്ട്.