ജയ്പൂര്‍: മോദിയെ ടൂറിസ്റ്റ് പ്രധാനമന്ത്രിയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ‘നമ്മുടെ ടൂറിസ്റ്റ് പ്രധാനമന്ത്രി ലോകം മുഴുവന്‍ കറങ്ങിനടന്നു. പക്ഷേ നമ്മുടെ കര്‍ഷകരെ കാണാന്‍ പത്തു കിലോമീറ്റര്‍ ദൂരെ പോയില്ല. ഇത്തരമൊരു സര്‍ക്കാരാണ് നമുക്കുള്ളത്’-പ്രിയങ്ക കുറ്റപ്പെടുത്തി.
വിലക്കയറ്റത്തിനെതിരെ രാജസ്ഥാനിലെ ജയ്പൂരില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍,
‘കര്‍ഷകരുടെ ക്ഷേമത്തിനല്ല മറിച്ച് പരസ്യങ്ങള്‍ക്കായാണ് ഉത്തര്‍പ്രദേശില്‍ കോടിക്കണക്കിന് രൂപ ചെലവാക്കുന്നത്. ജനങ്ങളുടെ ക്ഷേമമല്ല കേന്ദ്രസര്‍ക്കാരിന് വേണ്ടത്. ഏതാനും കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മാത്രമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്’-പ്രിയങ്ക പറഞ്ഞു.
വര്‍ഷങ്ങള്‍കൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടക്കം കുറിച്ച സ്ഥാപനങ്ങള്‍ ചില കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വിറ്റുതുലച്ചെന്നും ഏഴുവര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നും അവര്‍ ചോദിച്ചു. സത്യം പറയാതെ കേന്ദ്രം തെരഞ്ഞെടുപ്പ് അടുത്തെത്തുമ്പോള്‍ മതത്തിന്റെ പേര് പറഞ്ഞ് ഭിന്നിപ്പുണ്ടാക്കുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് മൗനം ആചരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.