പി.പി. ചെറിയാന്‍
ഡാലസ്: 2010 മുതല്‍ തുടര്‍ച്ചയായി ഡാലസ് കൗണ്ടി ജഡ്ജ് തിരഞ്ഞെടുപ്പില്‍ വെല്ലുവിളി നേരിടാതെ വിജയിച്ചുവന്നിരുന്ന ക്ലെ ജങ്കിന്‍സിന് അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുളള കരുത്തനായ എതിരാളിയെ നേരിടേണ്ടി വരുമെന്ന് ഉറപ്പായി. 2022 മാര്‍ച്ചില്‍ പ്രൈമറി തിരഞ്ഞെടുപ്പ് ആരംഭിക്കും.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായാണ് ടെക്‌സസ് സംസ്ഥാനം അറിയപ്പെടുന്നുണ്ടെങ്കിലും, സംസ്ഥാനത്തെ പ്രധാന കൗണ്ടിയായ ഡാലസില്‍ റിപ്പബ്ലിക്കന്‍ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്തുന്നതില്‍ കാലങ്ങളായി ഡമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചിരുന്നു. ഡാലസ് കൗണ്ടി മേയര്‍ സ്ഥാനവും ഡമോക്രാറ്റിക് പാര്‍ട്ടി തന്നെയാണ് നേടിയിരുന്നത്.
കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിന്, ടെക്‌സസ് ഗവര്‍ണറുടെ ഉത്തരവുപോലും അവഗണിച്ചു, പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കുന്നതിന് കൗണ്ടി ജഡ്ജിയെന്ന നിലയില്‍ ക്ലെ ജങ്കിന്‍സ് സ്വീകരിച്ച പല നടപടികളും ഗവര്‍ണറുമായുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുകയും, മാധ്യമ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ദീര്‍ഘകാലം ഡാലസ് സ്‌കൂള്‍ ട്രസ്റ്റിയായി പ്രവര്‍ത്തിച്ച്, എല്ലാവരുടേയും ആദരവു നേടിയെടുത്ത എഡ്‌വിന്‍ ഫ്‌ലോറസാണ് ക്ലെ ജങ്കിന്‍സിനെതിരെ മല്‍സരിക്കുക. അതേസമയം ഡമോക്രാറ്റിക് പാര്‍ട്ടി പ്രൈമറിയില്‍ ക്ലെ ജങ്കിന്‍സിനെ നേരിടുമെന്ന് സിഡാര്‍ ഹില്‍ അറ്റോര്‍ണി ബില്ലി ക്ലാര്‍ക്ക് പ്രഖ്യാപിച്ചു.