സാന്‍ഫ്രാന്‍സിസ്‌കോ: ഭ്രൂണഹത്യ അനുകൂല നിലപാടുള്ള അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസിയുടെ മാനസാന്തരത്തിന് വേണ്ടി 7700 റോസാപ്പൂക്കളുടെ ശേഖരണം നടന്നു.
സാന്‍ഫ്രാന്‍സിസ്‌കോ ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോര്‍ കൊര്‍ഡിലിയോണിയുടെ ആഹ്വാനപ്രകാരമാണ് ഗ്വാഡലുപ്പ മാതാവിന്റെ തിരുനാള്‍ ദിനമായിരുന്ന ഡിസംബര്‍ പന്ത്രണ്ടാം തീയതി റോസാപ്പൂശേഖരണം നടന്നത്.
‘കത്തോലിക്കാ വിശ്വാസിയാണ്’ എന്നവകാശപ്പെടുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ പെലോസി ഭ്രൂണഹത്യ അനുകൂല നിലപാടുള്ള വ്യക്തിയാണ്. ഇതില്‍നിന്ന് അവരെ പിന്‍തിരിപ്പിക്കുക എന്ന ആത്മീയ ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ടാണ് യുഎസ് കാപ്പിറ്റോള്‍ കെട്ടിടത്തിന് മുന്നില്‍ റോസാപ്പൂക്കളുടെ ശേഖരണം നടന്നത്.
ജീവന്റെ സുവിശേഷത്തിലേക്കു സ്പീക്കര്‍ മാനസാന്തരപ്പെടാന്‍ വേണ്ടി വിശ്വാസികള്‍ നടത്തുന്ന പ്രാര്‍ത്ഥനയെയും, ഉപവാസത്തെയുമാണ് ഓരോ റോസാപ്പൂക്കളും സൂചിപ്പിക്കുന്നതെന്നും, ഗര്‍ഭസ്ഥ ശിശുക്കളുടെ മധ്യസ്ഥയായ ഗ്വാഡലുപ്പ മാതാവിന്റെ തിരുനാള്‍ ദിനം റോസാപ്പൂക്കള്‍ അയക്കാന്‍ ഏറ്റവും യോജിച്ച ദിവസമാണെന്നും ആര്‍ച്ച് ബിഷപ്പ് പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.
ബെനഡിക്റ്റ് മാര്‍പാപ്പയുടെ പേരിലുള്ള ഒരു സംഘടനയാണ് ‘റോസ് ആന്‍ഡ് എ റോസറി ഫോര്‍ നാന്‍സി’ എന്ന് പേരിട്ടിരിക്കുന്ന ക്യാംപെയിന് ചുക്കാന്‍ പിടിക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിക്കുന്ന ഓരോ വ്യക്തികള്‍ക്കും വേണ്ടി ഒരു റോസാപ്പൂവ് വെച്ച് സംഘടന, നാന്‍സി പെലോസിക്ക് അയച്ചു നല്‍കും.