Thursday, April 18, 2024

HomeNerkazhcha Specialകാസര്‍കോടിന് 37-ാം പിറന്നാള്‍, ദേശത്തിനിന്നും യൗവനത്തിന്റെ പ്രസരിപ്പ്

കാസര്‍കോടിന് 37-ാം പിറന്നാള്‍, ദേശത്തിനിന്നും യൗവനത്തിന്റെ പ്രസരിപ്പ്

spot_img
spot_img

കാസര്‍കോട്: ജില്ലക്ക് ഇന്ന് 37 വയസ്. യൗവനത്തിന്റെ പ്രസരിപ്പില്‍ മറ്റൊരു പിറന്നാള്‍ ദിനം കൂടി കടന്നു പോകുമ്പോള്‍ ജില്ല ഇന്നും പരാതികള്‍ക്കും പരിമിതികള്‍ക്കും ഇടയിലാണ്. വടക്കിന്റെ ശബ്ദം വേണ്ടവിധം പരിഗണിക്കപ്പെടാതെ അവഗണിക്കപ്പെടുന്നുവെന്ന പരാതികളാണ് നാടെങ്ങും.

ആരോഗ്യ, വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ പോരായ്മകള്‍ ഏറെയാണ്. ആരോഗ്യ രംഗത്ത് ഉന്നമനം എന്ന ലക്ഷ്യവുമായി പ്രഖ്യാപിക്കപ്പെട്ട മെഡിക്കല്‍ കോളജ് ഇന്നും പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കാത്തത് ഉദാഹരണം. കൊവിഡ് ഒന്നാം തരംഗം ജില്ലയെ വരിഞ്ഞ് മുറുക്കിയപ്പോള്‍ ഒരു കെട്ടിടം ഉദ്ഘാടനം ചെയ്ത് കൊവിഡ് ആശുപത്രിയാക്കി മാറ്റിയെന്നത് മാത്രമാണ് ആകെയുള്ള മാറ്റം. സമ്പൂര്‍ണ ചികിത്സ സംവിധാനം എന്നത് ജില്ലയ്ക്ക് ഇന്നും അന്യമാണ്.

ലോകമനസാക്ഷിക്ക് മുന്നില്‍ നൊമ്പരമായി മാറിയ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത കുടുംബങ്ങള്‍ ഇന്നും ദുരിത കയത്തില്‍ തന്നെ. ചികിത്സ തന്നെയാണ് പ്രധാന പ്രശ്‌നം. വിദഗ്ധ ഡോക്ടര്‍മാരുടെ നിയമനത്തില്‍ കാസര്‍കോട് ഇന്നും പടിക്ക് പുറത്താണ്. ദുരിത ബാധിതര്‍ക്കുള്ള പുനരധിവാസ ഗ്രാമവും കടലാസില്‍ മാത്രമായി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍വകലാശാല ആസ്ഥാനം വന്നുവെന്നത് മാത്രമാണ് കഴിഞ്ഞ നാളുകളില്‍ എടുത്തു പറയാവുന്ന നേട്ടങ്ങളില്‍ ഒന്ന്.

വ്യാവസായിക മേഖലയില്‍ ഉള്‍പ്പെടെ പുരോഗതി കൈവരിക്കാന്‍ ജില്ലക്ക് ഇനിയും സാധിച്ചിട്ടില്ല.സര്‍ക്കാര്‍ ഭൂമികള്‍ ഏറെയുണ്ടായിട്ടും വേണ്ട വിധം ഉപയോഗപ്പെടുത്താന്‍ ജില്ലയുടെ ഭരണ സംവിധാനങ്ങള്‍ക്ക് ആയിട്ടില്ല. 1984 മെയ് 24ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ കണ്ണൂര്‍ ജില്ലയെ വിഭജിച്ച് കാസര്‍കോട് ജില്ലയുടെ പ്രഖ്യാപനം നടത്തിയെങ്കിലും മറ്റിടങ്ങളിലേത് പോലുള്ള മുന്നേറ്റം സാധ്യമായില്ലെന്ന വിമര്‍ശനം ഇന്നും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ഏഴ് ഭാഷകള്‍ സംഗമിക്കുന്ന നാടിനെക്കുറിച്ചുള്ള മേനി പറച്ചിലുകള്‍ മാത്രമാണ് ഈ നാടിന് ഇന്ന് ബാക്കി. സംസ്ഥാനത്തെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസിനെയും പിന്നീട് ഇ.കെ. നായനാരെയും നിയമസഭയിലെത്തിച്ച കേരളത്തിന്റെ ഈ വടക്കന്‍ മണ്ണ് കൂടി നവകേരളത്തിനൊപ്പം ഉയരുമെന്ന് പ്രത്യാശിക്കുകയാണ് കാസര്‍കോടന്‍ ജനത.

നഗരവും മുന്‍സിപ്പിലാറ്റിയുമാണ് കാസര്‍ഗോഡ് അഥവാ കാഞ്ഞിരക്കോട്. കാസര്‍ഗോഡ് ജില്ലയുടെ ആസ്ഥാനവും ഈ നഗരമാണ്. കാഞ്ഞിരക്കൂട്ടം എന്നര്‍ഥം വരുന്ന കുസിരകൂട് എന്ന കന്നഡ വാക്കിനെ മലയാളീകരിച്ച് കാഞ്ഞിരോട് എന്നപേരിലായിരുന്നു ഈ സ്ഥലം പണ്ട് അറിയപ്പെട്ടിരുന്നത്.

കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ മുന്‍സിപ്പാലിറ്റി കാസര്‍ഗോഡാണ്. മലയാളം പുറമേ തുളു ഉര്‍ദു, ഹിന്ദുസ്ഥാനി, കൊങ്കണി കന്നഡ എന്നീ ഭാഷകള്‍ സംസാരിക്കുന്നവരേയും ഇവിടെ കാണാം. സപ്തഭാഷ സംഗമഭുമി എന്നു കാസര്‍ഗോഡ് അറിയപ്പെടുന്നു. കേരളത്തിലെത്തന്നെ പ്രധാന പട്ടണങ്ങളിലോന്നാണ് കാസര്‍ഗോഡ്.

കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, കുമ്പള, ഉപ്പള, മഞ്ചേശ്വരം, ബദിയഡുക്ക, മുള്ളേരിയ, ചെര്‍ക്കള എന്നിവയാണ് ജില്ലയിലെ പ്രധാന പട്ടണങ്ങള്‍. യക്ഷഗാനം പ്രചാരത്തിലുള്ള കേരളത്തിലെ ഒരേയൊരു ജില്ല കൂടിയാണ് കാസര്‍ഗോഡ്.

കാസര്‍ഗോഡുകാരനായ പാര്‍ത്തിസുബ്ബ ആണ് യക്ഷഗാനം എന്ന കലാരൂപം രൂപപ്പെടുത്തിയത് എന്നു കരുതുന്നു. ഒരുപാട് സെലിബ്രിറ്റികളുടെ ജന്മനാട് എന്ന വിശേഷണവും കാസര്‍ഗോഡിനുണ്ട് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ കാസര്‍ഗോഡിലെ കുമ്പളയിലാണ്.

മുന്‍ കബഡി ഇന്ത്യന്‍ ക്യാപ്റ്റന്‍ ജഗദിഷ് കുംബ്ലെയും കുമ്പള കാരന്‍ ആണ്. വിഷു/ബിസു ആണ് കാസര്‍ഗോഡിന്റെ ഏറ്റവും വലിയ ആഘോഷം. കാസര്‍ഗോഡിന്റെ വടക്കു ഭാഗത്ത് 50 കി.മീ മാറി മംഗലാപുരവും 60 കി.മീ കിഴക്ക് പുത്തൂരും സ്ഥിതി ചെയ്യുന്നു.

ചരിത്രകുതുകികള്‍ക്ക് പ്രിയപ്പെട്ട, സംസ്‌കാരങ്ങളുടെ സംമഭൂമിയെന്ന് നിസംശയം വിളിക്കാവുന്ന ജില്ലയാണ് കാസര്‍കോട്. ഒമ്പതും പതിനാലും നൂറ്റാണ്ടുകള്‍ക്കിടയില് കാസര്‍കോടെത്തിയ അറബികള്‍ ഇവിടവുമായി കച്ചവട, സാംസ്‌കാരിക കൈമാറ്റങ്ങളിലേര്‍പ്പെട്ടിരുന്നു എന്നാണ് സൂചന.

സംശയം വേണ്ട, വിനോദസഞ്ചാര ഭൂപടത്തില്‍ കാസര്‍കോടിന്റെ കീര്‍ത്തി മറുനാടുകളിലെത്തിക്കുന്നതില്‍ പ്രധാനി ബേക്കല്‍ കോട്ട തന്നെയാണ്. നിരവധി മരങ്ങളുള്ള കാസര്‍കോടിന് ഏറ്റം പ്രിയപ്പെട്ട മരം കയ്പുനിറഞ്ഞ കാഞ്ഞിരമാണ്. മറ്റൊന്നും കൊണ്ടല്ല, കാഞ്ഞിരം എന്നര്‍ത്ഥം വരുന്ന കാസകര എന്ന വാക്കില്‍നിന്നാണ് കാസര്‍കോടിന് ഈ ലഭിച്ചതെന്നതുതന്നെ കാരണം.

നെടുനീളന്‍ കടല്‍ത്തീരങ്ങളും തിങ്ങിവളരുന്ന കേരവൃക്ഷങ്ങളും നിറഞ്ഞ കാസര്‍കോട് നിരവധി സാസ്‌കാരിക പ്രത്യേകതകളുള്ള മണ്ണുകൂടിയാണ്. ഗോവിന്ദ പൈ, പി കുഞ്ഞിരാമന്‍ നായര്‍, കുട്ടമത്ത് തുടങ്ങിയ കവികളുടെയും എഴുത്തുകാരുടെയും പേരില്‍ പ്രശസ്തമാണ് കാസര്‍കോട്. തെയ്യമാണ് കാസര്‍കോടിന്റെ പെരുമയ്ക്ക് മറ്റൊരു കാരണം.

കമ്പാള എന്നു വിളിക്കപ്പെടുന്ന കാളപ്പോരിനും കോഴിപ്പോരിനും ഇവിടെ വലിയ പ്രാധാന്യമുണ്ട്. ഹിന്ദു, മുസ്ലിം, കൃസ്ത്യന്‍ മതവിഭാഗങ്ങള്‍ സൗഹാര്‍ദ്ദത്തോടെ ഇവിടെ കഴിയുന്നു. സംസ്‌കാരത്തിന്റെ കാര്യത്തിലെന്ന പോലെ തന്നെ കാസര്‍കോടിന്റെ കാലാവസ്ഥയും പ്രത്യേകതകള്‍ നിറഞ്ഞതാണ്. കടുത്ത ചൂട്, കനത്ത മഴ, തണുപ്പ് ഇവയെല്ലാം കാസര്‍കോടന്‍ കാലാവസ്ഥയിലുണ്ടാകും. നവംബര്‍ മുതല്‍ ജനുവരി അവസാനം വരെയാണ് ശീതകാലം. ജില്ലയിലെ ചില പ്രധാന കാഴ്ചകള്‍….

ബേക്കല്‍ കോട്ട

കേരളത്തിലെ കാസര്‍ഗോഡ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ബേക്കല്‍ കോട്ട. കേരളത്തിലെ വലിയ കോട്ടയും ഏഷ്യ വന്‍കരയിലെ ഒരു പ്രധാന കോട്ടയും ആണിത്. അറബിക്കടലിന്റെ തിരത്തായി 35 ഏക്കറില്‍ പരന്നു കിടക്കുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ പണികഴിപ്പിച്ചതാണ്.

ചെങ്കല്ലുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന കോട്ട ഭൂരിഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്നു. സമുദ്രതീരത്ത് വന്‍ കോട്ടമതിലുണ്ട്, ഇതില്‍ ഇടക്കിടെ കൊത്തളങ്ങള്‍ തീര്‍ത്ത് ശക്തിപ്പെടുത്തിയിരിക്കുന്നു. ഇവയ്ക്കു പുറമേ നിരീക്ഷണഗോപുരങ്ങള്‍, ഭൂമിക്കടിയിലെ തുരങ്കങ്ങള്‍ എന്നിവയും കോട്ടയുടെ പ്രത്യേകതയാണ്.

കോട്ടയുടെ മദ്ധ്യഭാഗത്തുള്ള നിരീക്ഷണഗോപുരം പ്രത്യേകം പരാമര്‍ശയോഗ്യമാണ്. 24 മീറ്റര്‍ ചുറ്റളവും 9 മീറ്ററിലധികം ഉയരവുമുള്ള ഇതിലേക്കുള്ള പ്രവേശനമാര്‍ഗ്ഗം, യുദ്ധോപകരണങ്ങള്‍ മുകളിലേക്കെത്തിക്കുന്നതിനായി ചെരിവുതലമായി രൂപപ്പെടുത്തിയിരിക്കുന്നു.

മഡിയന്‍ കൂലോം

കാസര്‍കോട് നിന്നും ഒരു മണിക്കൂര്‍ അകലെയായാണ് മഡിയന്‍ കൂലോം എന്ന ആരാധനാലയം. ഭദ്രകാളിയെ ആരാധിക്കുന്ന മഡിയന്‍ കൂലോം ഹോസ്ദുര്‍ഗ് താലൂക്കിലാണ് സ്ഥിതിചെയ്യുന്നത്. താലൂക്ക് ആസ്ഥാനമായ കാഞ്ഞങ്ങാട് നിന്നും 5 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.

ഭഗവതി, ക്ഷേത്രപാലകന്‍ തുടങ്ങിയ മൂര്‍ത്തികളും ഇവിടെ ആരാധിക്കപ്പെടുന്നു. ഉച്ചക്ക് ബ്രാഹ്‌മണരും വൈകുന്നേരം മണിയാണി വിഭാഗത്തിലുള്ളവരുമാണ് ഇവിടെ പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നത് എന്നതാണ് മഡിയന്‍ കൂലോത്തിന്റെ ഒരു പ്രത്യേകത. മെയ് ജൂണ്‍ മാസങ്ങളിലും ഡിസംബര്‍ ജനവരി മാസങ്ങളിലുമാണ് ഇവിടെ ഉത്സവങ്ങള്‍ നടക്കുന്നത്.

ഗോവിന്ദ പൈ സ്മാരകം

കന്നഡ സാഹിത്യത്തിലെ പ്രധാനികളിലൊരാളായ രാഷ്ട്രകവിയായ ഗോവിന്ദ പൈക്ക് ജന്മം നല്‍കിയ മണ്ണാണ് കാസര്‍കോട്. നിരവധി സാഹിത്യകാരന്മാരെ പെറ്റുവളര്‍ത്തിയ കാസര്‍കോടിന്റെ ഏറ്റവും പ്രശസ്തനായ പുത്രനും പൈ തന്നെയാണ്.

പഴയ മദിരാശി സര്‍ക്കാരില്‍ നിന്നും പോയറ്റ് ലോറേറ്റ് പട്ടം വാങ്ങിയ പൈയുടെ സ്മാരകമാണ് കാസര്‍കോട്ടെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്. രാഷ്ട്രകവി എന്നും അദ്ദേഹം അറിയപ്പെടുന്നു. നിരവധി സാഹിത്യപ്രേമികളെ ആകര്‍ഷിക്കുന്ന പൈ സ്മാരകം മഞ്ചേശ്വരത്താണ്. അദ്ദേഹത്തിന്റെ പേരില്‍ മഞ്ചേശ്വരത്ത് ഒരു കോളേജും ഉണ്ട്.

മാലിക് ദിനാര്‍ പള്ളി

കാസര്‍കോട്ടെ ഇസ്ലാം മതത്തിന്റെ കൊടിയടയാളമാണ് മാലിക് ദിനാര്‍ പള്ളി. മാലിക് ഇബിന്‍ ദീനാറാണ് ഈ പള്ളി നിര്‍മിച്ചത്. ഇസ്ലാം മതം ഇന്ത്യയില്‍ കൊണ്ടുവന്നത് ഇദ്ദേഹമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. തെക്കേ ഇന്ത്യയിലെ എന്നല്ല ലോകമെമ്പാടുമുള്ള മതവിശ്വാസികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ് മാലിക് ദിനാര്‍ പള്ളി.

എല്ലാ വര്‍ഷവും ദിനാറിന്റെ ഇന്ത്യയിലേക്കുള്ള വരവിനെ സ്മരിക്കുന്നതിനായി ആഘോഷങ്ങള്‍ നടക്കുന്നു. മനോഹരമായി കേരള രീതിയില്‍ നിര്‍മിച്ച ഈ ആരാധനാലയം വൃത്തിയായി സംരക്ഷിച്ചുവരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments