റെനി കവലയില്‍
പ്രൗഢോജ്വലമായ ഒരു സൈറണ്‍ മുഴക്കി കാര്‍ണിവല്‍ പനോരമ മയാമി പോര്‍ട്ട് വിട്ടു. രണ്ടാം പിയറില്‍ നിന്നു പൈലറ്റ് ബോട്ട് 13 നിലയുടെ ഉയരത്തില്‍ നില കൊള്ളുന്ന ആഡംബര കാര്‍ണിവല്‍ പനോരമ ആയാസ്സപ്പെട്ടു തള്ളിയുന്തി അറ്റ്‌ലാന്റിക്ക് സമുദ്രത്തിന്റെ അഴിമുഖത്തെ ഇടനാഴിയില്‍ കൊണ്ടുപോയി സമുദ്രത്തിനു നേരേ തിരിച്ചുനിര്‍ത്തി.
വശങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മയാമി പട്ടണത്തിലെ അംബരചുംബികളെ തലയെടുപ്പില്‍ പിന്നിലാക്കിക്കൊണ്ട് പനോരമ പതിയെ സ്വന്തം കരുത്തില്‍ നീങ്ങിത്തുടങ്ങി. പൊതുവെ ശാന്തമായ സമുദ്രത്തിലെ ഓളപ്പരപ്പിന് നേരിയ പോറല്‍ മാത്രമേകി പനോരമ നീങ്ങുകയാണ്.
അയ്യായിരം മനുഷ്യരും ആഡംബരത്തിമര്‍പ്പില്‍ ഒപ്പം സഞ്ചാരം തുടര്‍ന്നു. അതിഥികളായി എതാണ്ട് 5000 പേര്‍. അതില്‍ മലയാളികള്‍. ഞങ്ങള്‍ അഞ്ചു കുടുംബങ്ങള്‍ മാത്രം, ഞങ്ങള്‍ ഹൂസ്റ്റണില്‍ നിന്നും കാര്‍ മാര്‍ഗമാണ് ഫ്‌ളോറിഡയില്‍ എത്തിയത്. 2017 വേനല്‍ അവധിക്ക് ഞങ്ങള്‍ക്ക് ലഭിച്ച അപൂര്‍വ യാത്രാ അവസരം അവിസ്മരണീയമാണ്.
ഞങ്ങള്‍ക്ക് അനുവദിച്ചുകിട്ടിയ സ്‌റ്റേറ്റ് റൂം ഏഴാം നിലയിലാണ്. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ മുറികളെ വെല്ലുന്ന മുറി. രണ്ടു കിടക്കകള്‍, സോഫ, ടീ പോയ്, എഴുത്തു മേശ, മിനി ബാര്‍, വിശാലമായ കപ് ബോര്‍ഡുകള്‍, ഷവര്‍ ബാത്ത്, കടലിലേക്ക് കണ്ണിടുന്ന സിറ്റ് ഔട്ട്.
സുഖമായി രണ്ടു പേര്‍ക്ക് കഴിയാവുന്ന മുറിയിലെ സോഫ മൂന്നാം കിടക്കയാക്കാം. സോഫയ്ക്കു മുകളില്‍ സീലിങ്ങില്‍ നിന്നു വലിച്ചു താഴ്ത്താവുന്ന ഒരു നാലാം കിടയ്ക്കയ്ക്കും സാധ്യതയുണ്ട്. കാര്‍ണിവല്‍ പനോരമ മുറിയെ നക്ഷത്ര ഹോട്ടല്‍ മുറിയില്‍ നിന്നു വിഭിന്നമാക്കുന്നത് ഒരു പക്ഷെ ഈ കിടക്കകളുടെ ബാഹുല്യവും കപ് ബോര്‍ഡില്‍ വച്ചിട്ടുള്ള ലൈഫ് വെസ്റ്റുകളും മാത്രമായിരിക്കണം. സൂക്ഷ്മ പരിശോധനയില്‍ വേറയും വ്യത്യാസങ്ങള്‍ കണ്ടെത്താം.
ടീ പോയ് അടക്കമുള്ള ഫര്‍ണിച്ചര്‍ നിലത്ത് ഉറപ്പിച്ചിരിക്കയാണ്, ബാത് റൂമില്‍ ഇടയ്‌ക്കൊക്കെ ഉറപ്പിച്ചിട്ടുള്ള ഹാന്‍ഡിലുകള്‍, വെള്ളം വീണാലും തെന്നി മറിയാതിരിക്കുന്ന തരം ബാത്‌റൂം ഫ്‌ളോര്‍. ഇവയൊക്കെ കപ്പല്‍ മോശം കാലാവസ്ഥയെ നേരിടേണ്ടിവന്നാലുള്ള മുന്‍ കരുതലുകലാണ്. മറ്റൊരു വ്യത്യാസം വിമാനങ്ങളുടേതിനു സമാനമായ കെമിക്കല്‍ ടോയ്‌ലറ്റ് ആണ്.
കപ്പല്‍ യാത്ര പണ്ടൊക്കെ ദുരിതമായിരുന്നെന്നു വായിച്ചിട്ടുണ്ട്. അതോര്‍ത്ത് വേണ്ട സന്നാഹങ്ങളും മരുന്നുകളുമൊക്കെയായാണ് ഫ്‌ളോറിഡയിലേക്കു വന്നത്. കാര്‍ണിവല്‍ പനോരമയില്‍ കയറിപ്പോഴാണറിയുന്നത് കടല്‍ച്ചൊരുക്കും ദുരിതയാത്രയുമൊന്നും ക്രൂസ് ഷിപ്പുകള്‍ക്കു ബാധകമല്ലെന്ന്. വലിയൊരു ഷോപ്പിങ് മാളിലോ ഹോട്ടലിലോ അപാര്‍ട്‌മെന്റിലോ നില്‍ക്കുകയാണെന്നു തോന്നും. കടല്‍ വല്ലാതെ ക്ഷോഭിച്ചാലുള്ള കാര്യം അഞ്ചു ദിവസം കൊണ്ട് അനുഭവിച്ചറിയാല്‍ കഴിഞ്ഞില്ല. ചെറിയൊരു പിണക്കം കാട്ടിയതിനെപ്പറ്റി പിന്നീടു പറയാം.
മയാമി മാരിയറ്റ് ഹോട്ടലില്‍ നിന്നുമാണ് സമുദ്ര യാത്രയുടെ തുടക്കം. 2017 ഓഗസ്റ്റില്‍ ഞങ്ങള്‍ ഹൂസ്റ്റണില്‍ നിന്നും നാലു കുടുംബങ്ങള്‍ കാര്‍ മാര്‍ഗം ഫ്‌ളോറിഡയിലെ മയാമിയില്‍ എത്തി. യാത്രയിലുടനീളം കടലിലും കരയിലും എല്ലാവരും ഒപ്പമുണ്ടായിരുന്നു. അകമ്പടിയെന്നോണം കനത്ത മഴ.
ഉച്ചയ്ക്കു രണ്ടു മണിയോടെ പോര്‍ട്ടിലെത്തണമെന്ന നിര്‍ദ്ദേശം കനത്ത മഴ തെറ്റിക്കുമെന്നു തോന്നി. ട്രാഫിക് ഇഴയുകയാണ് റോഡു കവിഞ്ഞ് വെളളം ഒഴുകുന്നു മയാമി ഡൗണ്‍ ടൗണില്‍ എത്തിയതോടെ കൂടുതല്‍ ട്രാഫിക്കായി. വണ്ടി സീ പോര്‍ട്ടിലെത്തി. മിയാമി പോര്‍ട്ടിലെ പാര്‍ക്കിങ് ലോട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു ബോര്‍ഡിങ്ങിനായുള്ള നീണ്ട ക്യുവില്‍ ഇടം പിടിച്ചു
കാര്‍ പാര്‍ക്കു ചെയ്തതിനു തൊട്ടടുത്താണ് കപ്പല്‍. കയ്യെത്തിപ്പിടിക്കാം. അത്രയടുത്ത്. കാര്‍ണിവല്‍ പനോരമ എന്നു കേട്ടപ്പോള്‍ അത്രയ്‌ക്കൊരു പനോരമയാകുമെന്നു കരുതിയില്ല. ഇതു തൊട്ടടുത്തൊരു വന്‍ കെട്ടിടം നില്‍ക്കുന്നതു പോലെ. അടുത്തു നിന്നു മുകളിലേക്കു നോക്കിയാല്‍ ആരും പറഞ്ഞു പോകും. ”എന്റമ്മോ…” എന്ന്. 13 നിലയുടെ ഉയരത്തിനു ഗാംഭീര്യമേകാനെന്നോണം അതിനും മുകളില്‍ വിമാനങ്ങളുടെ ടെയ്ല്‍ഫിന്നുകളെ അനുസ്മരിപ്പിക്കുന്ന ഒരു ചെറു ഗോപുരം കൂടി.
ഉള്ളില്‍ക്കയറാന്‍ കൊതിയായി. ചെക്കിന്‍ കൗണ്ടറുകള്‍ രണ്ടാം നിലയിലാണ്. ഹാന്‍ഡ് ബാഗേജ് ഒഴിച്ചുള്ളവ ഇപ്പോഴേ കയറ്റി വിടണം. കപ്പലില്‍ കയറിക്കഴിയുമ്പോള്‍ ഒരോരുത്തര്‍ക്കും അലോട്ട് ചെയ്ത റൂമില്‍ അത് എത്തിയിരിക്കും. അതാണു ചിട്ട. നീണ്ട ക്യൂ പെട്ടെന്നു നീങ്ങുന്നു. കാരണവും പെട്ടെന്നു മനസ്സിലായി. ചെക്കിന്‍ കൗണ്ടറുകള്‍ ഒന്നും രണ്ടുമല്ല, അമ്പതെണ്ണമെങ്കിലും കാണും.
ചുറുചുറുക്കോടെ ചിരിമായാത്ത മുഖവുമായി കാര്‍ണിവല്‍ യൂണിഫോമണിഞ്ഞ സുന്ദരികളും സുന്ദരന്‍മാരും യാത്രക്കാരെ ചെക്കിന്‍ ചെയ്തു കയറ്റുകയാണ്. ഊഴമെത്തിയപ്പോള്‍ കൗണ്ടറിലേക്കു നീങ്ങി. വെബ് ചെക്കിന്‍ ചെയ്യാത്തതു കൊണ്ടു തെല്ലു ഫോര്‍മാലിറ്റികള്‍ കൂടുതലുണ്ട്. പിന്നെ കുറെ സ്‌റ്റോക് ചോദ്യങ്ങള്‍. ആരോഗ്യസ്ഥിതിയെപ്പറ്റിയും മറ്റും. എല്ലാം കഴിഞ്ഞപ്പോള്‍ ഒരു കാര്‍ഡ് കിട്ടി. ക്രെഡിറ്റ് കാര്‍ഡിനു സമം. കാര്‍ണിവല്‍ കാര്‍ഡില്‍ റെനി കവലയില്‍ എന്ന് പേരെഴുതിയിട്ടുണ്ട്.
ഇനിയുള്ള അഞ്ചു ദിനങ്ങള്‍ ഈ കാര്‍ഡാണ് എല്ലാമെല്ലാം. റൂം തുറക്കാനും ഷോപ്പിങ് നടത്താനും ഡ്രിംഗ്‌സ് വാങ്ങാനമെല്ലാം ഈ കാര്‍ഡ് സൈ്വപ് ചെയ്താല്‍ മതി. കപ്പലിനു പുറത്തിറങ്ങുമ്പോള്‍ ബില്‍ത്തുക അടച്ചില്ലെങ്കില്‍ ഗേറ്റ് തുറക്കില്ലെന്നു മാത്രം. ഭദ്രമായി കാര്‍ഡ് പോക്കറ്റിലാക്കി നടന്നു. കാണാതെ പോയാല്‍ കാര്‍ഡു കിട്ടുന്നവന് എന്റെ വകുപ്പില്‍ ഷോപ്പിങ് വരെ നടത്താമല്ലോ.
കപ്പലില്‍ കയറാനായി എയ്‌റോബ്രിഡ്ജ് പോലൊരു പാലമുണ്ട്. അതിലൂടെ മെല്ലെ നടന്ന് കാര്‍ഡ് സൈ്വപ് ചെയ്ത് ഉള്ളില്‍ക്കയറി. കയറും മുമ്പുള്ള സെക്യൂരിറ്റി ചെക്കില്‍ ഒരു ഫോട്ടൊ കൂടി എടുക്കുന്നുണ്ട്. മൂന്നാം നിലയിലേക്കാണ് പ്രവേശം. ഈ നിലയിലാണ് ലോബി. വലിയൊരു ഹോട്ടല്‍ ലോബിയില്‍ ചെന്നതുപോലെ എന്നു പറയാനാവില്ല. അതിലും ഗംഭീരം. റിസപ്ഷനു വശങ്ങളിലായി ബാറുകള്‍ വെല്‍ക്കം ഡ്രിംങ്കുമായി വരവേല്‍ക്കുന്നു. മൂന്നാം നിലയില്‍ നിന്നു മുകളിലേക്കു നോക്കിയാല്‍ പതിമൂന്നാം നില വരെ കാണാം.
മുകളിലേക്ക് നോക്കി. തൊട്ടു മുകള്‍ നില ഷോപ്പിങ് കോംപ്ലക്‌സാണ്. ഡ്യൂട്ടിഫ്രീ ഷോപ്പിങ്. സാധനങ്ങള്‍ക്കൊക്കെ കരയിലേതിന്റെ നാലിലൊന്നു വില. ഡ്രിംങ്ക്‌സ് വാങ്ങിയാല്‍ പക്ഷെ റൂമിലേക്കു തരില്ല. പൊതിഞ്ഞ് ടാഗു ചെയ്ത് ഭദ്രമായി വയ്ക്കും. ഇറങ്ങുമ്പോള്‍ കൊണ്ടു പോകാം. എന്നാല്‍ ഡ്യൂട്ടിയും അതിനു മുകളില്‍ പ്രീമിയവും നല്‍കിയാല്‍ സാധനം റൂമിലെത്തിക്കും.
കപ്പലില്‍ ആള്‍ക്കഹോള്‍ കയറ്റില്ല. ഒരു കുപ്പി വൈന്‍ വേണമെങ്കില്‍ കയറ്റാം. (അച്ചായന്മാരോടല്ലേ കളി. വൈന്‍കുപ്പിയില്‍ കോര്‍ക്കു വഴി സിറിഞ്ചു വച്ച് ബ്രാന്‍ഡിയും വിസ്‌കിയും കടത്തുന്ന ടെക്‌നോളജി ഞങ്ങളുടെ കൂടെ ഹൂസ്റ്റണില്‍ നിന്നും വന്ന റോയി പാപ്പാന്‍ ആരോടോ വിവരിക്കുന്നതു കേട്ടു. അദ്ദേഹത്തിന്റെ ലഗേജില്‍ അത്തരം വൈന്‍ കുപ്പികള്‍ ഉണ്ടാവും).
കപ്പലിന്റെ നീതിക്കു ന്യായീകരണമുണ്ട്. ഭക്ഷണ പാനീയങ്ങള്‍ മൂക്കു മുട്ടെ യാത്രക്കിടയില്‍ കഴിക്കാം, കുടിക്കാം. കപ്പലിലെ ബഫെകള്‍ വിപുലമാണ്. ബ്രേക്ഫാസ്റ്റിനും ലഞ്ചിനും ആയിരക്കണക്കിനു വിഭവങ്ങളുണ്ട്. മംഗോളിയന്‍ മുതല്‍ യൂറോപ്യനും ഇന്ത്യനും വരെ. വേണമെങ്കില്‍ റൂമിലുമെത്തിക്കും. പിന്നെ കള്ളിനെങ്കിലും കാശു കൊടുത്തു കൂടേ സാറേ. അതും പെഗിന് എയര്‍പോര്‍ട്ടുകളിലും മറ്റും ഈടാക്കുന്നതിലും നിരക്കു കുറവുമാണ്…ഏഴു ഡോളര്‍.
ആദ്യ ചടങ്ങ് മീറ്റിങാണ്. സ്ഥലജല വിഭ്രാന്തിയുണ്ടാകും കപ്പലില്‍ ആദ്യം കയറുമ്പോള്‍. പ്രത്യേകിച്ച് മുറി തപ്പിയെടുക്കാന്‍. അര കിലോമീറ്ററോളം ദൂരത്തില്‍ നീണ്ടു കിടക്കുന്ന കോറിഡോറുകള്‍. രണ്ടു വശത്തും മുറികള്‍. ഇതേ രീതിയില്‍ത്തന്നെ കപ്പലിന്റെ ഇരു വശങ്ങളിലും മുറികളാണ്. തെല്ലു വലയും. ഒരുവിധത്തില്‍ തപ്പിയെടുത്ത് റൂമില്‍പ്പോയി ഫ്രഷായി. കപ്പലിലെ ജീവിതത്തിന്റെ കൃത്യതയ്ക്കു പ്രഥമോദാഹരണമായി ബാഗേജ് റെഡിയായി ബാഗ്സ്റ്റാന്‍ഡില്‍ ഇരിപ്പുണ്ട്.
നേരേ ഓഡിറ്റോറിയത്തിലേക്ക്. ചെറിയ ഓഡിറ്റോറിയമൊന്നുമല്ല. നാലു നിലയുടെ ഉയരവും നാലു നിലയില്‍ ബാല്‍ക്കണി സീറ്റിങ്ങുമുണ്ട്. വലിയൊരു ടൗണ്‍ ഹാള്‍ ഇതിനുള്ളിലെടുത്തുവയ്ക്കാം. ഇതാണ് ഏറ്റവും വലിയ ഓഡിറ്റോറിയം. ഇവിടെയാണ് പ്രധാന കലാപരിപാടികളും ഡെയ്‌ലി ഷോകളും അരങ്ങേറുക. ചെറുതും വലുതുമായി അമ്പതോളം ഹോളുകള്‍ വേറെയുണ്ട്.
നാലു മണി. കൃത്യസമയത്തു ചടങ്ങു കഴിഞ്ഞു. തിരികെ റൂമിലെത്തി. കപ്പല്‍ ഇനിയും പുറപ്പെടാറായിട്ടില്ല. അഞ്ചു മണിക്ക് സുരക്ഷാ ഡ്രില്ലുണ്ട്. സയറന്‍ മുഴങ്ങുമ്പോള്‍ അഞ്ചാം ഡെക്കിലേക്ക് ചെല്ലണം. സയറന്‍ കൃത്യം. സ്‌റ്റെപ് ഇറങ്ങി ഡെക്കിലെത്തി. ഒരോ ഗ്രൂപ് മുറികള്‍ക്കും സോണുകളുണ്ട്. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലെ എച്ച് സോണിലാണ് ഞങ്ങള്‍.
മൂന്നു വരിയായി ആളുകള്‍ ഡെക്കിന് ഇരു വശത്തും നിന്നു. നേരേ മുന്നിലാണ് ലൈഫ് ബോട്ടുകള്‍. ലൈഫ് ബോട്ട് എന്നാല്‍ നമ്മുടെ നാട്ടിലെ വലിയൊരു ഹൗസ് ബോട്ടിന്റത്ര വരും. കവചിതമാണ്. എന്‍ജിനുമുണ്ട്. അപകടാവസ്ഥയില്‍ എങ്ങനെ അച്ചടക്കത്തോടെ പെരുമാറണമെന്നും ലൈഫ് ജാക്കറ്റ് ധരിക്കണമെന്നും ക്രൂ കാട്ടിത്തന്നു കൊണ്ടിരുന്നപ്പോള്‍ സെലിന്‍ ഡിയോണിന്റെ ബാക്ക് ഗ്രൗണ്ട് സ്‌കോറോടെ ടൈറ്റാനിക് രംഗങ്ങള്‍ തെല്ലു ഞെട്ടിക്കുന്ന ഓര്‍മയായി
ഞങ്ങള്‍ സിറ്റ് ഔട്ടിലെത്തിയപ്പോള്‍ കപ്പല്‍ ചലിച്ചു തുടങ്ങി. സമയം വൈകിട്ട് ആറ്. സൂര്യന്‍ താഴാന്‍ തുടങ്ങുന്നു. തങ്കപ്രഭയില്‍ മയാമിയിലെ അംബരചുംബികള്‍ തിളങ്ങി നിന്നു. ഫെറി ബോട്ടുകള്‍ക്കും മറ്റനേകം നൗകകള്‍ക്കും ഇടയിലൂടെ കാര്‍ണിവല്‍ പനോരമ നീങ്ങുമ്പോള്‍ ഈ എട്ടാം നിലയിലെ ബാല്‍ക്കണിയില്‍ വെറുതെ നോക്കി നില്‍ക്കുക രസമാണ്. പ്രശസ്തമായ മയാമി സ്‌കൈലൈന്‍. എത്ര നാളത്തെ മനുഷ്യന്റെ പരിശ്രമങ്ങളാവാം ഇത്രയും അംബരചുംബികളായി പരിണമിച്ചത്. അതിനിടയിലൂടെ ഇങ്ങനെയൊരു കാര്‍ണിവല്‍ പനോരമയും
കാര്‍ണിവല്‍ ക്രൂസിങ് കപ്പലുകളുടെ ശ്രേണിയിലെ ഒരു കപ്പല്‍ മാത്രമാണ് പനോരമ . ഇത്തരം 21 കപ്പലുകള്‍ കാര്‍ണിവല്‍ ഫ്‌ളീറ്റിലുണ്ട്. എല്ലാത്തിന്റെയും പേരു തുടങ്ങുന്നത് കാര്‍ണിവല്‍ എന്ന വാക്കിലാണ്. കാര്‍ണിവല്‍ ബ്രീസ്, കാര്‍ണിവല്‍ സണ്‍ഷൈന്‍ എന്നിങ്ങനെ. എല്ലാ കപ്പലുകളും പനാമയില്‍ റജിസ്റ്റര്‍ ചെയ്ത് യു.എസ് കേന്ദ്രീകരിച്ച് ഓടുന്നവയാണ്.
ക്രൂ അംഗങ്ങളില്‍ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ട്. നാവിഗേഷന്‍ ക്രൂ പൊതുവെ ഇറ്റലിക്കാരാണ്. ഗ്ലോറിയില്‍ മാത്രം കപ്പലോട്ടുന്ന നാവിഗേഷന്‍ ക്രൂവില്‍ ഇറ്റലിക്കാര്‍ക്കു പുറമെ ക്രൊയേഷ്യക്കാരുമുണ്ട്. സാധാരണ എക്‌സ്‌ക്ലൂസിവ് ഇറ്റാലിയന്‍ ക്രൂവാണ് കാര്‍ണിവല്‍ കപ്പലുകളുടെ ബ്രിഡ്ജില്‍ ഉണ്ടാവുക.
2003 ജൂലൈയില്‍ കടലിറങ്ങിയ കാര്‍ണിവല്‍ പനോരമ, കമ്പനിയുടെ വലിയ കപ്പലുകളില്‍ ഒന്നാണ്. 952 അടി നീളം 116 അടി വീതി. 3710 യാത്രക്കാരെയും 1160 ജോലിക്കാരെയും ഉള്‍ക്കൊള്ളാം. ആറു ഡീസല്‍ എന്‍ജിനുകള്‍ 22.5 നോട്ട് എന്ന പരമാവധി വേഗത്തില്‍ കപ്പലിനെ പായിക്കും. രണ്ടു പ്രൊപ്പല്ലറുകളാണുള്ളത്. പൈലറ്റ് ബോട്ടിന്റെ സഹായമില്ലാതെ ബര്‍ത് ചെയ്യാനും യാത്ര തുടങ്ങാനും വേണ്ട സംവിധാനങ്ങള്‍ പനോരമക്കുണ്ട് , 13 നിലയില്‍ മുകളില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക്, സ്വിമ്മിങ് പൂള്‍, ജോഗിങ് ട്രാക്ക്, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട് എന്നിവയാണ്.
പനോരമ നടുക്കടല്‍ ലക്ഷ്യമാക്കി നിങ്ങുകയാണ്. വശങ്ങളിലെ ഫ്‌ളോറിഡ കാഴ്ചകള്‍ ഒരു മഹാനഗരത്തിലൂടെ ഒഴുകി നീങ്ങുന്ന പ്രതീതിയാണു നല്‍കുന്നത്. കപ്പല്‍ ഒരു ബ്രിഡ്ജിനു സമീപമെത്തി. പാലത്തിനടിയിലൂടെ വേണം കടലിലെത്താന്‍. പേടിക്കേണ്ട, പനോരമയെക്കാള്‍ വലുപ്പമുള്ള ക്യൂന്‍ മേരി ടു പോലും സ്മൂത്തായി പാലത്തിനടിയിലൂടെ കടന്നുപോകും.
1964 ല്‍ നിര്‍മിച്ച തൂക്കുപാലം ഇറ്റാലിയന്‍ പര്യവേഷകന്റെ പേരും പേറി പെരുമയോടെ രണ്ടു നിലയില്‍ നില്‍ക്കുന്നു. പണിത കാലത്ത് ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലമായിരുന്നു. ഇപ്പോഴും ലോകത്തിലെ ഏറ്റവും മനോഹരമായ പാലങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്നു. പാലത്തില്‍ 14 ലെയ്ന്‍ റോഡുകളുണ്ട്. എട്ടെണ്ണം അപ്പര്‍ ബെര്‍ത്തിലും ആറെണ്ണം ലോവര്‍ ബെര്‍ത്തിലും.
അമേരിക്കക്കാരന്റെ ദീര്‍ഘവീക്ഷണത്തിന് ഉദാഹരണം. ദശകങ്ങള്‍ മുമ്പേ നിര ട്രാഫിക് വിഭാവനം ചെയ്ത എന്‍ജിനിയര്‍മാരുടെ മുന്നില്‍ കേരള പി.ഡബ്ല്യു.ഡി എന്‍ജിനിയര്‍മാര്‍ നമിക്കണം. ഇരുപത്തൊന്നാം നൂറ്റാണ്ടിലും രണ്ടു വണ്ടി ഒരുമിച്ചു പോകാനാവാത്ത പാലം കെട്ടുന്നതാണല്ലോ നമ്മുടെ എന്‍ജിയറിങ്.
പാലത്തിനടിയിലൂടെ പനോരമ യുടെ 13 നിലകള്‍ കടന്നിട്ടും പിന്നെയുമുണ്ടു സ്ഥലം ബാക്കി. എന്തൊരു പൊക്കം. നേരം ഇരുണ്ടു തുടങ്ങിയപ്പോള്‍ മെല്ലെ മുറിക്കുള്ളിലേക്കു നീങ്ങി. ഇനിയാണല്ലോ ഡിന്നറടക്കമുള്ള പരിപാടികള്‍ക്കു തുടക്കം. ഞാന്‍ കുളിമുറിയിലേക്കും.
കുളിച്ചു പുത്തന്‍ വസ്ത്രമണിഞ്ഞ് ഫോര്‍മല്‍ ജാക്കറ്റുമിട്ടു നീങ്ങിയത് ക്യാപ്റ്റന്‍സ് ഡിന്നറിലേക്കാണ്. അഞ്ചു ദിവസത്തില്‍ രണ്ടു നാള്‍ ക്യാപ്റ്റന്‍സ് ഡിന്നറുണ്ട്. ഫോര്‍മല്‍ വസ്ത്രങ്ങളണിഞ്ഞു വേണം ചെല്ലാന്‍. പോകും വഴിയില്‍ എബി നില്‍ക്കുന്നു.
ഒരു മിനിറ്റ്. വേറൊരു സ്ഥലത്തു കൂടി പോകാനുണ്ട്. എബിക്ക് പിന്നാലെ പോയത് ചെറിയൊരു ഹോളിലേക്ക്. അവിടെയൊരു ചടങ്ങു നടക്കുന്നുണ്ട്. ഒരു വിവാഹം. ഫ്രഞ്ചുകാരാണ് വധൂവരമാര്‍, കപ്പലിലെ ഒരു ഓഫിസറുടെ കാര്‍മികത്വത്തില്‍ കല്യാണം നടന്നു. അതേ വേഷത്തില്‍ ക്യാപ്റ്റന്‍സ് ഡിന്നറിന് നവദമ്പതികള്‍ നീങ്ങി. പിന്നാലെ ഞങ്ങളും.
അഞ്ചു കോഴ്‌സുണ്ട് ക്യാപ്റ്റന്‍സ് ഡിന്നറിന്. ഒരോരുത്തര്‍ക്കും കാര്‍ഡില്‍ അനുവദിച്ചിട്ടുള്ള സീറ്റിലേ ഇരിക്കാനാവൂ. പേരെടുത്തു വിളിച്ചാണ് സെര്‍വിങ്. മികച്ച സര്‍വീസ്. ഡിന്നര്‍ ഏതാണ്ടു തീരാറാവുമ്പോളൊരു തകര്‍പ്പന്‍ ഗാനം. ഗാനം കൊഴുക്കുമ്പോള്‍ വെയ്റ്റര്‍മാരും വെയ്‌റ്റ്രെസ്മാരും പ്രത്യേകം നിര്‍മിച്ച പീഠത്തില്‍ക്കയറി ഒരു ഡാന്‍സ്. നമുക്കും കയ്യടിച്ച് അവരെ പ്രോത്സാഹിപ്പിക്കാം. ഇതോടെ ഏതാണ്ട് ഡിന്നര്‍ അവസാനിക്കയായി.
(തുടരും)