Saturday, July 27, 2024

HomeNewsIndiaമോദിയുടെ മൂന്നാം ഊഴം: ജാഗ്രത മുന്നറിയിപ്പ് നല്‍കിയ ജനവിധി

മോദിയുടെ മൂന്നാം ഊഴം: ജാഗ്രത മുന്നറിയിപ്പ് നല്‍കിയ ജനവിധി

spot_img
spot_img

പി ശ്രീകുമാര്‍

നരേന്ദ്ര മോദി എല്ലാ കാറ്റിനെയും കോളിനെയും പിന്നിട്ട് മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്നു. 1962 ന് ശേഷം തുടര്‍ച്ചയായി മൂന്നാം വട്ടവും ഒരാള്‍ തന്നെ പ്രധാനമന്ത്രി ആകുന്നത് ആദ്യം. ഇതിനു മുമ്പ് നെഹ്രുവിനാണ് തുടര്‍ച്ചയായി മൂന്ന് തവണ തെരഞ്ഞെടുപ്പില്‍ ജയിച്ച് പ്രധാനമന്ത്രി സ്ഥാനത്തെത്താന്‍ കഴിഞ്ഞത്. എന്നിട്ടും തെരഞ്ഞെടുപ്പ് മോദിയുടെ തോല്‍വിയായി കണ്ട് ആഹ്‌ളാദിക്കുന്ന വിചിത്രമായ മാനസികാവസ്ഥയിലാണ് മോദി വിരോധികള്‍. മൂന്നാം തവണ തോറ്റിട്ടും ഭൂരിപക്ഷം കുറച്ചേ എന്ന സാങ്കേതികത്വത്തില്‍ പിടിച്ച് ആശ്വസിക്കുകയും ആഹ്‌ളാദിക്കുകയുമാണ് കോണ്‍ഗ്രസ് . അടുത്ത അഞ്ചുവര്‍ഷവും പ്രതിപക്ഷ ബഞ്ചില്‍ തന്നെയാണ് ജനം ഇരുത്തിയത് എന്ന് കോണ്‍ഗ്രസ് മറക്കുന്നു.ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പ്രതീക്ഷകളും കണക്കുകൂട്ടലുകളും പൂര്‍ണമായും ശരിവയ്ക്കുന്ന ഒന്നല്ലെങ്കിലും എങ്കിലും വ്യക്തമായ ഒരു ജനവിധി തന്നെയാണ് നടന്നത്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ച ബിജെപിക്ക് ഇക്കുറി അത് ലഭിച്ചില്ലെന്നത് ഒരു വസ്തുതയാണ്. അതേസമയം ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപി തന്നെയാണ്. എന്‍ഡിഎ സഖ്യത്തിന് രാജ്യം ഭരിക്കാനുള്ള ഭൂരിപക്ഷം ജനങ്ങള്‍ നല്‍കുകയും ചെയ്തിരിക്കുന്നു.

അധികാരത്തില്‍ മൂന്നാമൂഴത്തിന് ശ്രമിച്ച ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും നേരിട്ടത് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും അവരുടെ ഇന്‍ഡി സഖ്യവും മാത്രമല്ല. ലോകരാഷ്ട്ര സമുച്ചയത്തില്‍ ഭാരതം ഉയര്‍ന്നുവരുന്നതിനെ അംഗീകരിക്കാത്ത വന്‍ശക്തികളും ഇതു ചെയ്തു. മോദിക്ക് മൂന്നാമൂഴം ലഭിക്കുന്നത് ഇഷ്ടപ്പെടാത്തവര്‍ ആയിരുന്നു ഈ വൈദേശിക ശക്തികള്‍. പലതരത്തില്‍ തങ്ങളുടെ എതിര്‍പ്പുകള്‍ ഇവര്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ചൈന മാത്രമല്ല, അമേരിക്കയും ബ്രിട്ടനുമൊക്കെ ഇതിലുണ്ടായിരുന്നു. ഇവരുടെ താല്‍പ്പര്യത്തോട് ചേര്‍ന്നുപോവുന്ന പ്രചാരണമാണ് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഈ തെരഞ്ഞെടുപ്പില്‍ നടത്തിയത്. ചില രാജ്യങ്ങള്‍ ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിച്ചു എന്ന വാര്‍ത്തകള്‍ പോലും പുറത്തുവരികയുണ്ടായി. പ്രതിപക്ഷത്തെ ദേശീയ പാര്‍ട്ടികള്‍ മാത്രമല്ല, ചില പ്രാദേശിക കക്ഷികളും രാജ്യത്തിന്റെ ഉത്തമ താല്‍പ്പര്യത്തിനെതിരെ നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുകയും പുരോഗതി ഉറപ്പുവരുത്തുകയുമല്ല, അധികാരമാണ് ഇക്കൂട്ടര്‍ ലക്ഷ്യം വച്ചത്. എന്തൊക്കെ അട്ടിമറികള്‍ നടത്തിയിട്ടാണെങ്കിലും അധികാരം പിടിക്കുക എന്ന ലക്ഷ്യം മാത്രമാണ് അവര്‍ മുന്നില്‍ കണ്ടത്. ഇതിനുവേണ്ടി മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ വന്‍തോതില്‍ നടന്നു. ഇതില്‍ ഒരു പരിധിവരെ വിജയിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചനകള്‍ ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നുണ്ട്.

ഈ പ്രവണതകളെ ചെറുക്കേണ്ടതുണ്ട്. പത്തുവര്‍ഷത്തെ മോദി ഭരണത്തില്‍ ഭാരതം കൈവരിച്ച നേട്ടങ്ങളെ നിലനിര്‍ത്താനും ഉറപ്പുവരുത്താനും വികസനത്തെ മുന്നോട്ടു നയിക്കാനും ഇത് ആവശ്യമാണ്.ബിജെപിക്ക് അന്യമാണെന്ന് മുദ്രകുത്തപ്പെട്ടിരുന്ന ദക്ഷിണ സംസ്ഥാനങ്ങളില്‍ തിളക്കമാര്‍ന്ന വിജയമാണ് എന്‍ഡിഎ കൈവരിച്ചിട്ടുള്ളത്. കര്‍ണാടകയില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വലിയ വിജയം ബിജെപി നിലനിര്‍ത്തി. ആന്ധ്രയിലും തെലങ്കാനയിലും അപ്രതീക്ഷിത മുന്നേറ്റം എന്‍ഡിഎ നടത്തിയിരിക്കുന്നു. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് സൗത്ത് നറേറ്റീവ് പൊളിഞ്ഞു. ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപിക്ക് സീറ്റുകള്‍ കിട്ടി. മാത്രമല്ല ആന്ധ്ര പ്രദേശില്‍ എന്‍ഡിഎ അധികാരത്തിലുമെത്തി. ആദ്യമായി ഒഡീഷ സംസ്ഥാന ഭരണം ബി ജെ പി പിടിച്ചു. അരുണാചല്‍ പ്രദേശില്‍ തുടര്‍ഭരണം ലഭിച്ചു. ഉത്തരേന്ത്യന്‍ പാര്‍ട്ടി എന്ന് മുദ്ര കുത്തിയവര്‍ ഇപ്പോള്‍ സമ്മതിക്കണം. ബിജെപി പാന്‍ ഇന്ത്യ പാര്‍ട്ടിയാണെന്ന്. കേരളത്തില്‍ എല്ലാ എതിര്‍പ്പുകളെയും മറികടന്ന് ബിജെപി നേടിയിട്ടുള്ള വിജയം ചരിത്രപരമാണ്. ഇന്‍ഡി സഖ്യത്തില്‍പ്പെടുന്ന എന്‍ഡിഎയിലെയും യുഡിഎഫിലെയും ഇരുപതിലേറെ കക്ഷികളെ നേരിട്ടാണ് സുരേഷ് ഗോപി ആധികാരികമായ വിജയം നേടിയിരിക്കുന്നത്. തിരുവനന്തപുരത്തും ആറ്റിങ്ങലിലും ആലപ്പുഴയിലും പൊന്നാനിയിലും ആലത്തൂരും പാലക്കാടുമൊക്കെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് നേടാനായ വോട്ടുകള്‍ കേരള രാഷ്ട്രീയത്തിന്റെ ഭാവിയെ നിര്‍ണായകമായി സ്വാധീനിക്കും. ബിജെപിക്കും സംഘപരിവാറിനുമെതിരെ പതിറ്റാണ്ടുകളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന വിഷലിപ്തമായ പ്രചാരണത്തെ അതിജീവിച്ചാണ് കേരളത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത്. ഇത് കേരളമാണ് , ഇവിടെ ബിജെപി ജയിക്കില്ല എന്ന പ്രചരണം ഇതോടെ തീര്‍ന്നു.

നിയമസഭാ അടിസ്ഥാനത്തില്‍ നോക്കിയാല്‍ 11 മണ്ഡലങ്ങളില്‍ ബിജെപി ഒന്നാം സ്ഥാനത്തും എട്ടിടത്ത് രണ്ടാമതും എത്തി. ഇടതുവലതു മുന്നണികള്‍ക്ക് വോട്ടുകളില്‍ വലിയ ചര്‍ച്ച ഉണ്ടായപ്പോള്‍ ബിജെപിയുടെ വോട്ട് ആറരലക്ഷത്തോളമാണ് ഉയര്‍ന്നത്. കഴിഞ്ഞ തവണ നേമത്തുമാത്രം ഒന്നാമതെത്തിയ ബിജെപി ഇത്തവണ 22613 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നേമത്ത് ഒന്നാമതെത്തിയതിനു പുറമെ വട്ടിയൂര്‍ക്കാവ്,(8162) കഴക്കൂട്ടം(10842), കാട്ടാക്കട(4779). ആറ്റിങ്ങല്‍(6287), പുതുക്കാട്(12692)്, ഇരിങ്ങാലക്കുട(13950), നാട്ടിക(13950), തൃശ്ശൂര്‍(14117), ഒല്ലൂര്‍(10363), മണലൂര്‍(8013) നിയമസഭാ മണ്ഡലങ്ങളിലും ഒന്നാമതായി. ഇടതു മുന്നണിക്ക് 19 മണ്ഡലങ്ങളില്‍ മാത്രമാണ് ഒന്നാമതെത്താന്‍ കഴിഞ്ഞത് എന്നതുകൂടി ചേര്‍ത്ത് വായിക്കണം. ഇടതു വലതു മുന്നണികളില്‍ കേന്ദ്രീകരിച്ച കേരള രാഷ്ട്രീയത്തില്‍ മൂന്നാം ബദലായി ബിജെപിയുടെ കുതിപ്പെന്നാണ് കണക്കുകള്‍ പറയുന്നത് . 2024 ലെ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിലും പുതിയ ധ്രൂവീകരണത്തിന് വഴി തുറക്കുകയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം.ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ കുപ്രചാരണം ജനങ്ങളെ വലിയ തോതില്‍ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.

ബിജെപിക്ക് 400 സീറ്റു ലഭിച്ചാല്‍ ഭരണഘടന പൊളിച്ചെഴുതുമെന്ന കുപ്രചാരണം നല്ലൊരു വിഭാഗം വോട്ടര്‍മാരെ വഴിതെറ്റിച്ചു. തരംകിട്ടിയപ്പോഴൊക്കെ ഭരണഘടനയെ നിന്ദിച്ചവരും അട്ടിമറിച്ചവരുമാണ് ഈ കുപ്രചാരണം നടത്തിയത്. ഈ ശക്തികള്‍ ഇനിയും അടങ്ങിയിരിക്കുമെന്ന് കരുതാനാവില്ല. അധികാരം ലഭിക്കാത്തതിന്റെ അമര്‍ഷവും രോഷവും പലതരത്തില്‍ പ്രകടിപ്പിച്ചെന്നിരിക്കും. മൂന്നാംവട്ടവും അധികാരം ലഭിച്ചിരിക്കുന്ന എന്‍ഡിഎ തികഞ്ഞ ജാഗ്രതയോടെ ഭരണം നടത്തേണ്ടിയിരിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments