നീലഗിരിയിലെത്തിയ ദേശാടനക്കിളികള്‍ക്കു കൂടൊരുക്കാന്‍ കിട്ടിയതു പ്ലാസ്റ്റിക് നൂലും കുപ്പികളും. മലയാളത്തില്‍ നാമക്കോഴി, വെള്ളക്കൊക്കന്‍ കുളക്കോഴി എന്നീ പേരുകളിലും അറിയപ്പെടുന്ന ജലപക്ഷി ഊട്ടി തടാകത്തില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ ഉപയോഗിച്ചു കൂടുണ്ടാക്കി. തടാകത്തിലെ ആഴത്തില്‍നിന്നാണ് ഇവ പ്ലാസ്റ്റിക് സഞ്ചികള്‍ മുങ്ങിയെടുത്തത്.
വെള്ളത്തില്‍നിന്നെടുക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍ ആണ്‍പക്ഷി ഇണയ്ക്കു കൈമാറുന്ന ചിത്രങ്ങള്‍ ജില്ലയിലെ പരിസ്ഥിതി പ്രവര്‍ത്തകനായ മതിമാരന്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.
തലയും കൊക്കും വെളുത്ത നിറത്തിലും ഉടല്‍ കറുപ്പുമായ നാമക്കോഴികള്‍ ഏഷ്യ, യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് രാജ്യങ്ങളിലാണ് കാണപ്പെടുന്നത്. ഊട്ടി തടാകത്തില്‍ ഉപേക്ഷിച്ച ബോട്ടുകളില്‍ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന വായു നിറച്ച ട്യൂബുകളിലാണ് കൂടൊരുക്കിയത്.
ജല സസ്യങ്ങളുടെ ഇലകളും ഇവയുടെ തണ്ടുകളില്‍ നിന്നുള്ള നാരുകളും ഉപയോഗിച്ചാണ് സാധാരണ നീര്‍പക്ഷികള്‍ കൂട് നിര്‍മിക്കുന്നത്. കുഞ്ഞുങ്ങള്‍ വിരിഞ്ഞ ശേഷവും കൂടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി കുഞ്ഞുങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതും കാണാം.
ഒരു പതിറ്റാണ്ട് മുന്‍പ് ജില്ലയില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നതാണ്. പക്ഷേ, തടാകങ്ങളിലും പുഴകളിലും ജല സ്രോതസ്സിലും അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് നീക്കം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.