Friday, October 18, 2024

HomeNerkazhcha Specialഇവളാണ് മകള്‍; ഭാര്യ ഉപേക്ഷിച്ച് തളര്‍ന്നുകിടക്കുന്ന അച്ഛനെ കൈകളിലേന്തുന്ന പിതൃസ്‌നേഹം

ഇവളാണ് മകള്‍; ഭാര്യ ഉപേക്ഷിച്ച് തളര്‍ന്നുകിടക്കുന്ന അച്ഛനെ കൈകളിലേന്തുന്ന പിതൃസ്‌നേഹം

spot_img
spot_img

ആലപ്പുഴ: ഏഴു വര്‍ഷത്തിലേറെയായി തളര്‍ന്നു കിടക്കുന്ന പിതാവ് വിനോദിനു കരുത്താണ് മകള്‍ വിസ്മയ. എന്നും രാവിലെ വീട്ടില്‍നിന്നു 15 അടി ഉയരത്തിലുള്ള റോഡിലേക്ക് വിനോദിനെ വിസ്മയയാണു കയ്യിലെടുത്തു കൊണ്ടുപോകുന്നത്.

ചേര്‍ത്തല ആഞ്ഞിലിപ്പാലത്തിനു സമീപം ഭാഗ്യക്കുറി വില്‍ക്കാനാണ് മുള്ളന്‍ചിറ നികര്‍ത്തില്‍ വിനോദിന്റെ (49) പതിവു യാത്ര. വിസ്മയ അച്ഛനെ എടുക്കുമ്പോള്‍ അനുജത്തി വിനയ വീല്‍ചെയറുമായി പിന്നാലെയെത്തും. 2007ല്‍ ആണ് വിനോദിനെ വീഴ്ത്തിയ അപകടം.

വീടിനടുത്ത് മരംവെട്ടിനു സഹായിക്കാന്‍ പോയതാണ്. മരത്തിനു താഴെ നിന്ന വിനോദിനു മരക്കഷണം വീണു ഗുരുതരമായി പരുക്കേറ്റു. വര്‍ഷങ്ങള്‍ നീണ്ട ചികിത്സ. നാഡികള്‍ ചതഞ്ഞു പോയതിനാല്‍ അരയ്ക്കു താഴെ തളര്‍ന്നു.

അരയ്ക്കു താഴെ രക്തയോട്ടം നിലച്ചതിനാല്‍ നീരും വ്രണങ്ങളുമുണ്ടാകും. അതിനെല്ലാം പരിചരണം നല്‍കിയാണ് വിസ്മയ വിനോദിനെ എടുത്തു റോഡിലെത്തിക്കുന്നത്. പിന്നെ വിസ്മയയും വിനയയും ചേര്‍ന്നു വീല്‍ചെയറിലിരുത്തും.

ഇലക്ട്രിക് മുച്ചക്ര വാഹനമുണ്ടെങ്കിലും ബാറ്ററി മാറ്റാന്‍ പണമില്ലാത്തതിനാല്‍ അത് ഉപയോഗിക്കുന്നില്ല. ചേര്‍ത്തലയിലെ വസ്ത്രശാലയില്‍ ജീവനക്കാരിയാണു വിസ്മയ. വിനയ പ്ലസ്ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അപകടത്തിനു ശേഷം ഭാര്യ തന്നെയും മക്കളെയും ഉപേക്ഷിച്ചു പോയെന്നു വിനോദ് പറയുന്നു.

അന്നു മക്കള്‍ക്ക് എട്ടും അഞ്ചും വയസ്സ്. വിനോദ് വര്‍ഷങ്ങളോളം ആശുപത്രിയിലും മറ്റുമായിരുന്നു. അക്കാലത്ത് മക്കള്‍ പഠിച്ചത് ആലപ്പുഴയിലെ ജീവകാരുണ്യ സ്ഥാപനത്തില്‍ താമസിച്ചാണ്. പിന്നീട് ആഞ്ഞിലിപ്പാലം തോടിനോടു ചേര്‍ന്ന പുറംപോക്കില്‍ പലരുടെയും സഹായത്തോടെ ചെറിയ ഷെഡ് വച്ച് മൂവരും താമസമാക്കി. ശരീരം വഴങ്ങുന്നില്ലെങ്കിലും ഇനിയും ജോലി ചെയ്തു ജീവിക്കാനുള്ള മനസ്സുണ്ട് വിനോദിന്. പക്ഷേ, നിത്യവുമുള്ള ഈ കയറ്റവും ഇറക്കവുമാണ് വെല്ലുവിളി.

അതിനിടെ ഇന്ന് വിസ്മയയുടെ വിവാഹമായിരുന്നു. മാരാരിക്കുളം വലിയപറമ്പ് ജോംസണാണു ജാതിമത ചിന്തകള്‍ക്കതീതമായി വിസ്മയയുടെ കൈ പിടിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments