രാജ്യത്തുടനീളം 116 പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ വിവിധ പദ്ധതികള്‍ക്ക് കീഴില്‍ 4088 കോടി രൂപ ചെലവിലാണ് ഇത് നടപ്പിലാക്കുക.
ഇതില്‍ 34 എണ്ണം സ്വദേശ് ദര്‍ശന്‍ 2.0 പദ്ധതി പ്രകാരമാണ് അനുവദിച്ചിരിക്കുന്നത്. 42 എണ്ണം സ്വദേശ് ദര്‍ശന്റെ ഉപ പദ്ധതിയായ ചലഞ്ച് ബേസ്ഡ് ഡെസ്റ്റിനേഷന്‍ ഡെവലപ്‌മെന്റ് (CBDD) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ 40 എണ്ണം സംസ്ഥാനങ്ങള്‍ക്കുള്ള മൂലധന നിക്ഷേപത്തിനായുള്ള പ്രത്യേക സഹായം (എസ്എഎസ്‌സിഐ) പ്രകാരം വികസിപ്പിക്കും.
തീം അധിഷ്ഠിത സര്‍ക്യൂട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയും സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുക ലക്ഷ്യമിട്ടാണ് കേന്ദ്ര ടൂറിസം മന്ത്രാലയം സ്വദേശ് ദര്‍ശന്‍ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. സുസ്ഥിര ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ പദ്ധതി സ്വദേശ് ദര്‍ശന്‍ 2.0 ആയി നവീകരിച്ചിട്ടുണ്ട്.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം മുഖേന 23 സംസ്ഥാനങ്ങളിലായി 3295.76 കോടി രൂപയുടെ 40 പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. രാജ്യത്തെ തിരഞ്ഞെടുത്ത ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സമഗ്രമായ വികസനം, ആഗോളതലത്തില്‍ ബ്രാന്‍ഡ് ചെയ്യുക, വിപണനം ചെയ്യുക എന്നിവ ലക്ഷ്യമിട്ടാണ് എസ്എഎസ്‌സിഐ-‘ഡെവലപ്‌മെന്റ് ഓഫ് ഐക്കറിണിക് ടൂറിസ്റ്റ് സെന്ററുകള്‍ ടു ഗ്ലോബല്‍ സ്‌കെയില്‍’ പദ്ധതി നടപ്പിലാക്കിയതെന്ന് കേന്ദ്ര സാംസ്‌കാരിക,ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് പാര്‍ലമെന്റില്‍ ഈ ആഴ്ച ആദ്യം അറിയിച്ചിരുന്നു.
പ്രധാനമന്ത്രി ജനജാതിയ ഉന്നത് ഗ്രാം അഭിയാന്റെ ഭാഗമായി സ്വദേശ് ദര്‍ശന്‍ പദ്ധതി പ്രകാരം ആദിവാസി ഹോംസ്‌റ്റേകള്‍ വികസിപ്പിക്കുന്നതിനുള്ള സംരംഭത്തിനും കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്.
ബിഹാര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങല്‍ വഴി ടൂറിസം മന്ത്രാലയം തൊഴില്‍ അധിഷ്ഠിത ഹ്രസ്വകാല നൈപുണ്യ വികസന പരിപാടികള്‍ നടത്തി വരുന്നുണ്ട്.