Sunday, June 1, 2025

HomeNewsKeralaകേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് പി.ടി. ഉഷ ഏറ്റുവാങ്ങി

കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് പി.ടി. ഉഷ ഏറ്റുവാങ്ങി

spot_img
spot_img

പെരിയ (കാസര്‍കോട്): കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് ഇന്ത്യന്‍ കായികരംഗത്തെ അതുല്യ പ്രതിഭ പി.ടി. ഉഷക്ക് സമ്മാനിച്ചു. പെരിയ ക്യാമ്പസ്സിലെ സബര്‍മതി ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു ഹോണററി ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചു. ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ സെക്കന്റിന്റെ നൂറിലൊരംശത്തിന് മെഡല്‍ നഷ്ടമായതിന്റെ വേദനകള്‍ വിവരിച്ച് വൈകാരികമായിരുന്നു പി.ടി. ഉഷയുടെ പ്രസംഗം. കയ്യെത്തുംദൂരെ നഷ്ടപ്പെട്ട ഒളിംപിക് മെഡല്‍ രാജ്യത്തിനായി നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തിലാണ് ഞാന്‍. ഇതിന് ലക്ഷക്കണക്കിനാളുകളുടെ പ്രാര്‍ത്ഥനയുണ്ട്. ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചാല്‍ ഒരിക്കല്‍ അത് യാഥാര്‍ത്ഥ്യമാകും. അവരവരിലുള്ള വിശ്വാസമാണ് ആദ്യം വേണ്ടത്. കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും വളര്‍ത്തിയെടുക്കുന്നതിനും ഉഷ സ്‌കൂള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും അവര്‍ വിശദീകരിച്ചു.

പി.ടി. ഉഷ രാജ്യത്തിന്റെ അഭിമാനമാണെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു പറഞ്ഞു. രാജ്യത്തിന് മാതൃകയായവരെ ആദരിക്കുകയെന്നത് സര്‍വ്വകലാശാലയുടെ കര്‍ത്തവ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം പകരുന്നതാണ് പി.ടി. ഉഷയുടെ ജീവിതവും നേട്ടങ്ങളും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡീന്‍ അക്കാദമിക് പ്രൊഫ.അമൃത് ജി കുമാര്‍, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി പ്രൊഫ.രാജേന്ദ്ര പിലാങ്കട്ട എന്നിവര്‍ സംസാരിച്ചു. രജിസ്ട്രാര്‍ ഡോ.എം.മുരളീധരന്‍ നമ്പ്യാര്‍ സ്വാഗതവും കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഇന്‍ ചാര്‍ജ്ജ് പ്രൊഫ.എം.എന്‍. മുസ്തഫ നന്ദിയും പറഞ്ഞു. ഡീനുമാര്‍, വകുപ്പ് അധ്യക്ഷന്മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കായിക മേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് കേരള കേന്ദ്ര സര്‍വ്വകലാശാല ഹോണററി ഡോക്ടറേറ്റ് നല്‍കിയത്.

ഫോട്ടോ: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ആദ്യ ഹോണററി ഡോക്ടറേറ്റ് പി.ടി. ഉഷ വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലുവില്‍നിന്നും സ്വീകരിക്കുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments