Sunday, June 16, 2024

HomeNewsIndiaമുംബൈയിൽ എമിറേറ്റ്‌സ് വിമാനം ഇടിച്ച് 39 ഫ്ലെമിംഗോ പക്ഷികൾ ചത്തു

മുംബൈയിൽ എമിറേറ്റ്‌സ് വിമാനം ഇടിച്ച് 39 ഫ്ലെമിംഗോ പക്ഷികൾ ചത്തു

spot_img
spot_img

ദുബായില്‍ നിന്ന് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം ഇടിച്ച് മുംബൈയില്‍ 39 ഫ്‌ലെമിംഗോ പക്ഷികൾ ചത്തു. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ മുംബൈ വിമാനത്താവളത്തിന് സമീപം തിങ്കളാഴ്ച രാത്രിയാണ് സംഭവം. അപകടത്തില്‍ വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും സുരക്ഷിതമായി നിലത്തിറക്കി. പ്രദേശവാസികള്‍ പരാതി നല്‍കിയതോടെ വനംവകുപ്പ് ഓഫീസര്‍ അമോല്‍ ഭാഗവതിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്ര സുരക്ഷാസേനയുടെ സഹായത്തോടെ രാത്രി പത്ത് മണിക്ക് പക്ഷികളുടെ ജഡങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. രാത്രി വൈകി നടത്തിയ തിരച്ചിലില്‍ 29 ഫ്ലെമിംഗോ പക്ഷികളെ ചത്തനിലയില്‍ കണ്ടെത്തി. ശേഷിക്കുന്ന പത്തെണ്ണെത്തിന്റെ ജഡം ചൊവ്വാഴ്ച രാവിലെയാണ് കണ്ടെത്തിയത്.

വടക്കന്‍ മേഖലയിലേക്ക് പാലായനം ചെയ്യുന്ന ഫ്ലെമിംഗോ പക്ഷികളെ തിങ്കളാഴ്ച ദുബായില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് വിമാനം രാത്രി ഒന്‍പത് മണിയോടെയാണ് ഇടിച്ചത്. വിമാനത്തില്‍ പക്ഷികള്‍ ഇടിച്ചതായി 9.15-ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചു. ഘാട്‌കോപ്പര്‍-അന്ധേരി ലിങ്ക് റോഡിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് പക്ഷികള്‍ ചത്തുവീഴുന്നത് ആദ്യം കണ്ടതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ തിരച്ചിലില്‍ അരകിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് പക്ഷികളുടെ ജഡങ്ങൾ കണ്ടെത്തുകയായിരുന്നു. ഒരു പക്ഷിയെ ജീവനോടെ കണ്ടെത്തിയെങ്കിലും വൈകാതെ തന്നെ അതും മരണപ്പെട്ടു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി പക്ഷികളുടെ ജഡങ്ങള്‍ എയറോളിയിലേക്ക് അയച്ചിരിക്കുകയാണ്. സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിലെ വിദഗ്ധര്‍ അടങ്ങുന്ന സംഘം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം നല്‍കും. അഞ്ച് ദിവസത്തിനുള്ളില്‍ പോസ്റ്റ്‌മോര്‍ട്ടം ഫലം പുറത്തുവരുമെന്നാണ് കരുതുന്നത്. സംഭവത്തില്‍ വിദഗ്ധരും പരിസ്ഥിതി പ്രവര്‍ത്തകരും ആശങ്കയറിച്ച് രംഗത്തെത്തി. മോശം നഗരാസൂത്രണം മൂലമാണ് അപകടമുണ്ടായതെന്ന് അവര്‍ ആരോപിച്ചു. നവി മുംബൈയിലെ ജൈവവൈവിധ്യം സംരക്ഷിക്കാനുള്ള തങ്ങളുടെ പ്രചാരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അറിയിച്ചു.

ഇതിനുമുമ്പും നവി മുംബൈയില്‍ ഫ്ലെമിംഗോകള്‍ കൂട്ടത്തോടെ ചത്തിരുന്നു. കഴിഞ്ഞ മാസം 12 ഫ്ലെമിംഗോകളാണ് നവി മുംബൈയില്‍ ചത്തത്. പ്രകാശ മലിനീകരണമാണ് ഇതിന് കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തിയിരുന്നു. ഈ വര്‍ഷമാദ്യം രണ്ട് ഫ്ലെമിംഗോകളും ചത്തിരുന്നു. അതില്‍ ഒന്ന് സൈന്‍ബോര്‍ഡില്‍ കൂട്ടിയിടിച്ചും രണ്ടാമത്തെ ബാം ബീച്ച് റോഡില്‍ വാഹനത്തിലിടിച്ചുമാണ് ചത്തത്. നവംബര്‍ മുതല്‍ മേയ് വരെയുള്ള കാലയളവില്‍ മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലെ തണ്ണീര്‍ത്തടങ്ങളിൽ ഫ്ലെമിംമിംഗോ പക്ഷികള്‍ എത്തിച്ചേരാറുണ്ട്. ഗുജറാത്തിലെയും ഇറാനിലെയും പ്രജനനകേന്ദ്രങ്ങളില്‍ നിന്നാണ് അവ ഇവിടേക്ക് എത്തിച്ചേരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments